എട്ട് നോമ്പ്; ചരിത്രവഴികള്‍

പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പാണ് എട്ട് നോമ്പ്. സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള തീയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും ഭക്തിയും വണക്കവും വര്‍ദ്ധിപ്പിക്കാന്‍ സുറിയാനി ക്രൈസ്തവര്‍ ഈ നോമ്പ് ആചരിച്ചു പോരുന്നു. എട്ടു നോമ്പിന്റെ ആരംഭത്തിനു പിന്നിലുള്ള ചരിത്രമിതാ…

ടിപ്പുവിന്റെ പടയോട്ട കാലത്ത് അമുസ്ലീങ്ങളായവര്‍ അക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ടിപ്പു, മലബാര്‍ കീഴടക്കിയപ്പോള്‍ ഉണ്ടായ മതമര്‍ദ്ദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെപ്പേര്‍ തിരുവിതാംകൂറില്‍ അഭയം തേടി. ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുതയുണ്ടാവാന്‍ ഇത് കാരണമായി.

1789-ല്‍ തിരുവിതാംകൂര്‍ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി. വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികള്‍ ദൈവാലയങ്ങളില്‍ ഒരുമിച്ചു കൂടുകയും ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ടിപ്പുവിന്റെ സൈന്യം, കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു.

കൊടുങ്ങല്ലൂര്‍ കോട്ടയും, ആയ്‌ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂര്‍ സൈന്യം ആലുവാപ്പുഴ വരെയെത്തി. ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകള്‍ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധ മാതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാന്‍ തുടങ്ങി. ഈ സമയത്ത് കാലവര്‍ഷം ശക്തമാവുകയും പെരിയാര്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത് ടിപ്പുവിന്റെ സൈനിക നീക്കത്തെ തടഞ്ഞു. തുടര്‍ന്ന് മടങ്ങിപ്പോയ ടിപ്പു, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ക്ക് ആശ്വാസമായി. പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതയില്‍ തങ്ങള്‍ക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നു മുതല്‍ എട്ടു നോമ്പ് അനുഷ്ടിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായി തീര്‍ന്നു.

കത്തോലിക്കാ, യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ എട്ടു നോമ്പ് അതീവ ഭക്തിപുരസരം അനുഷ്ടിച്ചു പോരുന്നു. സുറിയാനി ക്രൈസ്തവസ്ത്രീകള്‍ ഈ നോമ്പിനു നല്‍കുന്ന പ്രാധാന്യം ഇതിന്റെ ചരിത്രപരതയോട് ചേര്‍ന്നുനില്‍ക്കുന്നു. മറിയത്തിന്റെ മാതാപിതാക്കളായ ജൊവാക്കിമിനും അന്നയ്ക്കും വാര്‍ദ്ധക്യത്തിലാണ് മറിയം മകളായി ജനിച്ചത്. അതുകൊണ്ടു തന്നെ മക്കളില്ലാത്തവരും കന്യകകളായ സ്ത്രീകളും ഈ നോമ്പ് പ്രത്യേകമായി അനുഷ്ടിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.