അക്രമികളില്‍ നിന്നും വെടിയേറ്റെങ്കിലും അത്ഭുതകരമായി ദൈവം രക്ഷപ്പെടുത്തിയ ഒരു വൈദികന്റെ കഥ

താൻ എത്രനാൾ അബോധാവസ്ഥയിലായിരുന്നുവെന്ന് ഫാ. അലോഷ്യസ് എസോനെകയ്ക്ക് അറിയില്ല. അയാളുടെ മുഖത്ത് ആരോ മൃദുവായി അടിക്കുന്നത് അറിഞ്ഞാണ് ബോധാവസ്ഥയിലേക്ക് ഉണരുന്നത്. ആശുപത്രി മുറിയിൽ ചുറ്റുമുണ്ടായിരുന്നവർ വളരെ ആഹ്ളാദത്തോടെയും കൈയ്യടിയോടെയുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 2021 -ലെ പുതുവർഷത്തിലേക്ക് അവർ ആശംസകൾ നേർന്നു.

തന്റെ കട്ടിലിന് ചുറ്റും തളർന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും മുഖത്ത് സന്തോഷം നിറഞ്ഞു. പിന്നീടാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് സംഭവിച്ച എല്ലാ കാര്യങ്ങളും മെഡിക്കൽ സ്റ്റാഫ് വിവരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച അച്ഛന്റെയും മകന്റെയും രക്ഷാപ്രവർത്തനത്തിന്റെ വേദനാജനകമായ കഥ. തെക്കു പടിഞ്ഞാറൻ നൈജീരിയൻ റോഡിൽ വെച്ചാണ് ഫാ. അലോഷ്യസിനെ സായുധ ആക്രമണകാരികൾ വെടിവെച്ചത്.

തലേദിവസം രാത്രിയിലാണ് കാര്യങ്ങൾ സംഭവിച്ചത്. ഫാ. അലോഷ്യസ്‌ ജപമാല ചൊല്ലിക്കൊണ്ട് വാഹനമോടിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. വണ്ടിയുടെ ടയർ ഏതെങ്കിലും കല്ലിൽ കയറിയതാകാം എന്നാണ് വിചാരിച്ചത്. എന്നാൽ, അടുത്ത സെക്കൻഡിൽ, ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ  അരികിലൂടെ കടന്നുപോയി. അത് വണ്ടിയുടെ വിൻഡ്‌ഷീൽഡ് തകർത്തു. അക്രമികള്‍ രണ്ടുപേർ മുൻപിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.

“എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഭയന്നിരിക്കാൻ സമയമില്ലായിരുന്നു.” -ഫാ. അലോഷ്യസ് പറയുന്നു. അദ്ദേഹം പലതവണ ഈ റോഡിൽ മുൻപും സഞ്ചരിച്ചിരുന്നു. കൊള്ളക്കാർ ഉള്ളതിനാൽ ഇത് അപകടകരമായ ഒരു ഭൂപ്രദേശമാണെന്ന് അദ്ദേഹം കേട്ടിരുന്നു. എന്നാൽ ഇതുപോലൊരു വെടിവയ്പ്പ് ഉണ്ടാകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത ബുള്ളറ്റ് അദേഹത്തിന്റെ മേല്‍ പതിച്ചു. ആദ്യത്തെ വെടിവെയ്പ്പിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കവർച്ചക്കാർ വെടിവെയ്പ്പ് തുടരുന്നതിനാൽ, അവരുടെ ലക്‌ഷ്യം തന്നെ കൊല്ലുകയാണെന്ന് അദ്ദേഹത്തിന് മനസിലായി. അവർക്ക് പണമാണ് ആവശ്യം. അതിനാൽ അത് കൊടുക്കുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. ഇപ്രകാരമുള്ള കൊള്ളക്കാർ സാധാരണയായി വാഹനത്തിനകത്തുള്ള ആളുകളെ വെടിവെച്ച് കൊല്ലുകയാണ് പതിവ്. അതിനാൽ, വണ്ടിയോടിച്ച് മുൻപോട്ട് പോകുവാൻ അദ്ദേഹം തീരുമാനിച്ചു. എഞ്ചിനെല്ലാം തകർന്ന വണ്ടിയുമായി അദ്ദേഹം അവശനായി വണ്ടിയോടിച്ചു മുൻപോട്ട് പോയി. എന്നാൽ, അധികം ദീർഘിപ്പിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റതിനാൽ അദ്ദേഹം തളർന്നു വീണു.

ഗോഡ്-ഈസ്-ഗ്രേറ്റ് എന്ന് പേരുള്ള 11 വയസ്സുള്ള ഒരു കുട്ടി, ഫാ അലിൻ തളർന്ന് വീഴുന്നത് കണ്ടിരുന്നു. ആ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അവന്റെ അച്ഛനും കൂടെ കുറച്ചുപേരും എത്തി. പക്ഷെ അവർക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മുറിവേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വിളിക്കാനുള്ള ഫോൺ നമ്പർ പോലും അവരുടെ കൈവശമില്ല. ഒരു മണിക്കൂറിലധികം അയാൾ നിലത്തു അങ്ങനെ കിടന്നു. രക്തം പോയിക്കൊണ്ടേയിരുന്നു. അവസാനം ഒരു വണ്ടിയുമായി ആ പിതാവ് എത്തി. പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ അവർ അദ്ദേഹത്തെ വാഹനത്തിന്റെ പുറകിലേക്ക് കയറ്റി. എന്നാൽ, ആക്രമികൾ ഉണ്ടായിരുന്ന വഴിയിലൂടെയാണ് പോകേണ്ടിയിരുന്നത്. രക്ഷപ്പെടുത്തിയ ആ പിതാവിന്റെ നിർദ്ദേശത്തെ തുടർന്ന് മകൻ നിരന്തരം വെടിവെച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് വാഹനം ആ പ്രദേശം കടന്നു പോന്നത്.

ചിദിബെരെ എന്ന ചെറുപ്പക്കാരൻ ഫാ. അലിനൊപ്പം പുറകിലിരുന്ന് അവരുടെ ഭാഷയിൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നു. അങ്ങനെ അവർ ഒരു ക്ലിനിക്കിൽ വൈകുന്നേരം ആറ് മണിയോടെ എത്തി. രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ചെങ്കിലും അവർക്ക് ക്ലിനിക്കിൽ വേണ്ട സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്ലിനിക്കിലുള്ളവർ അദ്ദേഹത്തിൽ പ്രതീക്ഷ വെയ്ക്കണ്ട, അദ്ദേഹം മരിക്കുമെന്ന് പറയുന്നുണ്ടായിരുന്നു. വേദനയുടെ നടുവിലും അദ്ദേഹം കേട്ടത് ഓർമ്മിക്കുന്നു. എന്നാൽ, അവർ പ്രതീക്ഷ കൈവിടാതെ അടുത്ത ക്ലിനിക്കിനെ ലക്ഷ്യമാക്കി പാഞ്ഞു.

ഫാ. അൽ താൻ മരിക്കുമെന്ന് കരുതി. അദ്ദേഹത്തിന് ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. അവിടെ ഡോക്ടർമാർ ഓപ്പറേഷനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. കാലിഫോർണിയയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം തന്റെ വീട്ടുകാരെ സന്ദർശിക്കുന്നതിനാണ് നൈജീരിയയിൽ എത്തിയത്. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. എന്നാൽ, വിദഗ്ധ ചികിത്സയ്ക്കായി കാലിഫോർണിയയിലേക്ക് പോകുവാൻ അനേകർ പറഞ്ഞെങ്കിലും ഫാ. അലിൻ അതിന് ഒരുക്കമല്ലായിരുന്നു. തന്റെ നാട്ടിലെ ചികിത്സ പരിമിതികളെ അംഗീകരിച്ച് അദ്ദേഹം അവിടെ തന്നെ തുടർന്നു.

ഇപ്പോൾ അത്ഭുതകരമായി അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. തന്റെ ജീവിതത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയാണ് ഇന്ന് ഈ വൈദികൻ.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.