സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയിൽ സഹോദരിയെയും സഹോദരീപുത്രനെയും നഷ്ടപ്പെട്ടപ്പോൾ വി. പാദ്രെ പിയോ ചെയ്തത്

കോവിഡ് മഹാമാരിയിൽ നമ്മുടെ പ്രിയപ്പെട്ടവരെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏകദേശം 100 വർഷങ്ങൾക്കു മുൻപ് ലോകത്തെ കാർന്നുതിന്ന സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധിയിൽ ഒരുപാട് ജീവനുകൾ നഷ്ടമായി. വി. പാദ്രെ പിയോയുടെ 29 വയസ്സുള്ള സഹോദരിയും അവരുടെ മകനായ നാലു വയസ്സുകാരൻ പെല്ലെഗ്രിനോയും അതിൽ മരണമടഞ്ഞു. 1918 സെപ്റ്റംബർ 22-നായിരുന്നു ഇത്. ഒരു അത്ഭുതത്തിനുവേണ്ടി കാത്തിരുന്നു പ്രാർത്ഥിച്ച വിശുദ്ധനു മുൻപിൽ ദൈവം യാതൊരു അത്ഭുതവും പ്രവർത്തിച്ചില്ലെന്നു മാത്രമല്ല പ്രിയപ്പെട്ടവരെയെല്ലാം തിരികെ വിളിക്കുകയും ചെയ്തു.

വിശുദ്ധജീവിതം പിന്തുടർന്ന അദ്ദേഹം സഹോദരിയുടെയും കുഞ്ഞിന്റെയും വേർപാടിൽ അതീവദുഃഖിതനായി. അവരുടെ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. ആ വേദനയിൽ പിന്നീട് തന്റെ മാതാപിതാക്കൾക്കയച്ച കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “നീണ്ടതും കഠിനവുമായ ഒരു യാത്രയ്ക്ക് മുതിരുവാൻ എനിക്ക് ശക്തിയില്ല.” എന്നാൽ അവരുടെ മരണത്തിന്നു ദിവസങ്ങൾക്കു മുൻപ്, സെപ്റ്റംബർ 17- ന് അദ്ദേഹത്തിന് ഒരു വെളിപാട് ലഭിച്ചിരുന്നു.

പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗത്തിനുശേഷം പാദ്രെ പിയോയുടെ അമ്മയ്ക്ക് എച്ച് വൺ എൻ വൺ പനി പിടിപെട്ടു. മകളെയും കുഞ്ഞിനേയും ശുശ്രൂഷിക്കുന്നതിനിടയിൽ സമ്പർക്കം മൂലമാണ് അമ്മയ്ക്കും അസുഖം ഉണ്ടായത്. 1918 ഒക്ടോബറിൽ ആയിരുന്നു അത്. അമ്മ മരിച്ചുപോയേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മീയമക്കളോട്, അമ്മ സുഖം പ്രാപിക്കുവാൻ അദ്ദേഹം പ്രാർത്ഥന ആവശ്യപ്പെട്ടു. പ്രാർത്ഥനയുടെ ഫലമായി അമ്മയുടെ നില മെച്ചപ്പെട്ടു. എന്നിരുന്നാലും ആ വർഷങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. സഹോദരിക്കും മകനും പുറമെ 14 മാസം മാത്രം പ്രായമുള്ള പാദ്രെയുടെ രണ്ടാമത്തെ സഹോദരിയുടെ മകൻ ഫോർജിയോൻ, രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മിഖയേലേയുടെ മകൻ ഫ്രാൻസെസ്കോ എന്നിവരൊക്കെ നിത്യതയിലേക്ക് പ്രവേശിച്ചു.

ഇത്ര വലിയ നഷ്ടങ്ങൾ സംഭവിക്കുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന്റെ മനോവ്യാപാരം എന്തായിരുന്നിരിക്കണം? പറഞ്ഞറിയിക്കുവാനാകാത്ത ശാരീരിക-മാനസികപീഡനങ്ങൾ അനുഭവിച്ചിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം തന്റെ സഹനങ്ങളെ ദൈവത്തിന്റെ ഹിതമായിട്ടായിരുന്നു കരുതിയത്. നാം നമ്മുടെ സഹനങ്ങളെ ദൈവത്തിങ്കലേക്കു ചേർത്തുവയ്ക്കുമ്പോഴും സഹനങ്ങളിൽ പതറാതിരിക്കണമെങ്കിൽ നാം പാപത്തിന് അടിപ്പെടാതിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

സഹോദരിയെയും മകനെയും നഷ്ടപ്പെട്ടതിനുശേഷം അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു: “എല്ലാ സാഹചര്യങ്ങളിലും ദൈവഹിതം അംഗീകരിക്കേണ്ടതുണ്ട്. ദൈവഹിതത്തിനും അവിടുത്തെ പദ്ധതിക്കുമായുള്ള നമ്മുടെ സന്നദ്ധതയെ എന്നെപ്പോലെ നിങ്ങളും വിട്ടുകൊടുക്കുക. അപ്പോൾ നിങ്ങളുടെ വേദനയ്ക്ക് പരിഹാരം കണ്ടെത്തുവാൻ നിങ്ങൾക്ക് സാധിക്കും.”

പിന്നീട് തന്റെ മറ്റ് ആത്മീയമക്കൾക്കുള്ള കത്തുകളിലും അദ്ദേഹം സഹനങ്ങളെക്കുറിച്ചും ദൈവഹിതത്തെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. “നാം ജനിക്കുന്നതിനു മുമ്പു തന്നെ കർത്താവ് നമ്മുടെ ജീവിതത്തിൽ പലതും ഒരുക്കുകയും നന്മയോ തിന്മയോ പിന്തുടരുവാൻ നമ്മെ സ്വാതന്ത്രരാക്കുകയും ചെയ്യുന്നു. എന്നാൽ ഒരാൾ കടന്നുപോകേണ്ടുന്നതായ കാര്യങ്ങളിൽ ഒരു അത്ഭുതത്തിനായി പ്രാർത്ഥിച്ചാൽ അത് ഒരിക്കലും കർത്താവ് സ്ഥാപിച്ച കാര്യങ്ങളെ മാറ്റില്ല. നന്മയുടെ പാതയിൽ ചരിച്ചാൽ സ്വർഗ്ഗത്തിലെത്താം. മറിച്ച് മോശമായ പാതയിലൂടെ യാത്ര ചെയ്താൽ നാം ശാശ്വതമായ നാശത്തിലേക്ക് പോകുന്നു. ദൗർഭാഗ്യം, രോഗം, മരണം, അപമാനങ്ങൾ എല്ലാം ദൈവം വിധിച്ച കാര്യങ്ങളാണ്. പക്ഷേ, അവയെയെല്ലാം എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. നമ്മുടെ ഇഷ്ടങ്ങളെയും തിരഞ്ഞെടുപ്പുകളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിന്റെ തീവ്രത.”

എല്ലാം ഇരുണ്ടസമയങ്ങളിൽ ക്ഷമയോടു കൂടി സഹങ്ങളെ സ്വീകരിക്കുവാൻ അദ്ദേഹം ഒരുങ്ങി. കഷ്ടതകളെ ഒരു വലിയ പദവിയായി അദ്ദേഹം കരുതി. അതിനാൽ തന്നെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ സ്വയം ഏറ്റെടുക്കുവാൻ അനുവദിക്കാമോ എന്നുപോലും അദ്ദേഹം ദൈവത്തോട് തന്റെ പ്രാർത്ഥനയിൽ ആവശ്യപ്പെട്ടിരുന്നു. ഈ സഹനകാലഘട്ടങ്ങളിൽ നമുക്കും വി. പാദ്രെ പിയോയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാം. സഹനങ്ങളെ പദവികളായി ഏറ്റെടുക്കുന്നതിലൂടെ അവിടുത്തെ ഹിതത്തെ നമുക്കും നിറവേറ്റാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.