നാം സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ മാഹാത്മ്യം

    അനുദിനം അല്ലെങ്കില്‍, ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവരാണ് നാം. ദൈവം നമ്മോടുകൂടെ ആയിരിക്കുന്ന – നമുക്കായി കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ പാപങ്ങള്‍ക്കായി മുറിയപ്പെടുന്ന നിമിഷം. തിരുവോസ്തിരൂപനായി എന്നിലേയ്ക്ക് അണയുന്ന നിമിഷം.

    ഈ ലോകത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷമാണ് ബലിയര്‍പ്പിക്കപ്പെടുന്ന നിമിഷം. ഈ ഒരു ബോധ്യം നമ്മില്‍ എത്ര പേര്‍ക്കുണ്ട്. വിശുദ്ധ കുര്‍ബാന ദൈവം നമുക്ക് നല്‍കിയിട്ടുള്ള ഏറ്റവും വലിയ സമ്മാനമാണ് എന്ന ബോധ്യം ഉണ്ടെങ്കിലും അതിന്റെ വിശുദ്ധിക്ക് യോജിച്ച വിധത്തിലാണോ നാം ദേവാലയത്തില്‍ ആയിരിക്കുക? വിശുദ്ധ കുര്‍ബാന നമുക്കൊക്കെ ഒരു കടമപോക്കലായി മാത്രം മാറുന്നുണ്ടോ? ഉണ്ടെങ്കില്‍ ഓര്‍ക്കുക. ഈ ലോകത്തില്‍ ജീവനോടെ ആയിരിക്കുമ്പോള്‍ നാം ഓരോരുത്തരും അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുള്ള വില നമുക്ക് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. നാം അര്‍പ്പിക്കുന്ന, അല്ല ഞാന്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ മഹാത്മ്യത്തിലൂടെ ഒന്ന് കടന്നുപോകാം.

    1. ഭക്തിപൂര്‍വ്വം നാം പങ്കെടുക്കുന്ന വിശുദ്ധ ബലികള്‍ നമ്മുടെ മരണനേരത്ത്  നമുക്ക് ആശ്വാസകരമായി തീരും.

    2. നാം പങ്കെടുക്കുന്ന ഓരോ ബലിയും നമ്മോടു കൂടെ വിധിസ്ഥലത്ത് വന്നു നമുക്കായി ക്ഷമാപണം നടത്തും.

    3. നാം പങ്കെടുക്കുന്ന ഓരോ കുര്‍ബാനയിലെയും തീക്ഷണത അനുസരിച്ച് നമ്മുടെ കാലത്തിനടുത്ത ശിക്ഷ കുറയ്ക്കും.

    4. നാം ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കര്‍ത്താവിന്റെ മനുഷ്യത്വത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ ബഹുമാനമാണ് നാം കാണിക്കുന്നത്.

    5. നാം ഭക്തിപൂര്‍വ്വം അര്‍പ്പിക്കുന്ന ബലികള്‍ വഴി നമ്മുടെ വീഴ്ചകള്‍ക്കും കുറവുകള്‍ക്കും അനാദരവുകള്‍ക്കും കര്‍ത്താവ് തന്നെ നമുക്കുവേണ്ടി പരിഹാരം ചെയ്യും.

    6. നാം സംബന്ധിക്കുന്ന വിശുദ്ധ കുര്‍ബാനയെപ്രതി, നാം ഉപേക്ഷിക്കാമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള സകല പാപങ്ങളും കര്‍ത്താവ് നമ്മോടു പൊറുക്കും.

    7. നാം അര്‍പ്പിക്കുന്ന ദിവ്യബലിയിലൂടെ പിശാചിന് നമ്മുടെ മേലുള്ള ശക്തി ദുര്‍ബലമാകും.

    8. നാം ഭക്തിപൂര്‍വ്വം അര്‍പ്പിക്കുന്ന ദിവ്യബലി ശുദ്ധീകരാത്മാക്കളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നു.

    9. നാം പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നമുക്ക് വന്നുഭവിക്കാവുന്ന അനേകം ആപത്തനര്‍ത്ഥങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും നമ്മുടെ ശുദ്ധീകരണ വാസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യുന്നു.

    10. നാം വിശുദ്ധ ബലിയില്‍ പങ്കെടുക്കുമ്പോള്‍ ദൈവത്തെ ആരാധിച്ചുകൊണ്ട് അനേകായിരം മാലാഖമാര്‍ നമുക്കുചുറ്റും നില്‍ക്കുന്നുണ്ട് എന്ന് ഓര്‍ക്കുക.

    11. നാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ അതുവഴി നമ്മുടെ ഭൗതിക മേഖലകളിലും നാം അനുഗ്രഹിക്കപ്പെടും.

    12. നാം ഇപ്പോള്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന, മരണശേഷം നമുക്കുവേണ്ടി മറ്റാരെങ്കിലും അര്‍പ്പിക്കുന്ന അനേകം വിശുദ്ധ കുര്‍ബാനയെക്കാള്‍ ഉപകാരപ്രദമായിരിക്കും.