“മാതാപിതാക്കളുടെ ആഴമായ ദൈവവിശ്വാസത്തിന്റെ ഫലമാണ് ഞാൻ”-അമേരിക്കൻ ബേസ് ബോൾ താരം തിമോത്തി റ്റെബോ

ജീവന്റെ സംരക്ഷണത്തിന്റെ 48-ാം വാർഷികത്തിൽ വെർച്വൽ സമ്മേളനത്തിൽ സ്വന്തം ജനനത്തോടെ നടന്ന വലിയ അത്ഭുതത്തെക്കുറിച്ച് പങ്കുവച്ച്  പ്രശസ്ത അമേരിക്കൻ ബേസ് ബോൾ താരം തിമോത്തി റ്റെബോ. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ തന്നെ ട്യൂമർ ആണോ ഗർഭസ്ഥശിശുവാണോ എന്ന്  ഡോക്ടർമാർ സംശയമുന്നയിച്ചിരുന്ന തന്നെ, അബോർഷന് വിധേയമാക്കുവാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ  അഞ്ചാമത്തെ കുഞ്ഞിനെ ദൈവത്തിന്റെ പ്രത്യേക സംരക്ഷണത്തിന് വിട്ടുകൊടുത്തുകൊണ്ട് പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന മാതാപിതാക്കളുടെ ഉറപ്പിലാണ് ഇന്ന് തന്റെ ജീവിതം എന്ന് ലോകത്തിനു മുൻപാകെ വെളിപ്പെടുത്തുകയാണ് റ്റെബോ.

തന്റെ അമ്മയുടെ അഞ്ചാമത്തെ ഗർഭാവസ്ഥയെക്കുറിച്ച് ഏറ്റവും മനോഹരമായി വിവരിക്കുകയാണ് റ്റെബോ. 1986-ൽ ഫിലിപ്പീൻസിൽ ഒരു മിഷനറി, പ്രസംഗിക്കുവാൻ സ്റ്റേജിൽ കയറുന്നതിനു മുൻപ് ഒരു പ്രത്യേക ചിന്ത കൊണ്ട് ദൈവം അയാളുടെ ഹൃദയത്തിൽ ഒരു പോറലുണ്ടാക്കി. അബോർഷൻ നടത്തി പിറക്കാതെപോയ ഈ ലോകത്തിലെ ഒരുപാട് കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു അത്. അതേക്കുറിച്ചോർത്ത് അദ്ദേഹം ഹൃദയത്തിൽ ഒരുപാട് കരയുകയും വ്യസനിക്കുകയും ചെയ്തു.

അന്ന് രാത്രിയിൽ അദ്ദേഹത്തിന്റെ ചിന്തയിൽ ഒരു കുഞ്ഞിനെക്കൂടി വേണമെന്ന ചിന്ത ദൈവം കടത്തിവിട്ടു. നാലു മക്കൾ ഉള്ള തനിക്ക് അഞ്ചാമതൊരു കുഞ്ഞിനെ ദൈവം നൽകിയാൽ അവനെ/ അവളെ ഒരു മിഷനറി ആക്കി മാറ്റുവാൻ അതിയായി ആഗ്രഹിച്ചു. അങ്ങനെ അന്ന് സ്റ്റേജിൽ കയറി ദൈവവചനം പ്രഘോഷിച്ച അദ്ദേഹം തിരികെ വീട്ടിലെത്തി ദൈവം തന്റെ മനസ്സിൽ കോറിയിട്ട ആഗ്രഹത്തെ അറിയിച്ചു. പക്ഷെ ഭാര്യയുടെ മറുപടി ‘ദൈവം എന്നോട് ആവശ്യപ്പെട്ടില്ലല്ലോ’എന്നായിരുന്നു.

എന്നാൽ, പിന്നീട് രണ്ടു ദിവസങ്ങൾക്കു ശേഷം അവർക്കും ദൈവത്തിന്റെ പദ്ധതിയുടെ ചിന്ത മനസ്സിൽ ഉണ്ടായിത്തുടങ്ങി. അങ്ങനെ അതിശക്തമായി പ്രാർത്ഥിച്ചൊരുങ്ങിയപ്പോൾ അവർ അഞ്ചാമതും ഗർഭിണിയായി. പക്ഷെ തുടക്കം മുതൽ തന്നെ ഡോക്ടർമാർ വളരെ പ്രതീക്ഷയില്ലാതെയായിരുന്നു കുഞ്ഞിനെക്കുറിച്ചു പ്രതികരിച്ചത്. ട്യൂമർ ബാധിച്ച ഒരു മാംസപിണ്ഡമായിട്ടായിരുന്നു ആ ഭ്രൂണത്തെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്. പിന്നീട് അതൊരു ഭ്രൂണമാണെന്നു ഉറപ്പായപ്പോൾ ഒരിക്കലും ഈ കുഞ്ഞ് ആരോഗ്യവാനായിരിക്കില്ലെന്നും ഗർഭഛിദ്രം നടത്തുകയാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലതെന്നു വിധിയെഴുതി. പക്ഷേ, ദൈവം തന്ന കുഞ്ഞിന്റെ ജീവനെയും ജീവിതത്തെയും ദൈവത്തിന്റെ സംരക്ഷണത്തിന് വിട്ടുകൊടുത്തുകൊണ്ട് അവർ പ്രാർത്ഥനയോടെ കാത്തിരുന്നു.

35  വർഷത്തെ അനുഭവവും ചികിത്സാ പാരമ്പര്യവുമുള്ള ഡോക്ടർ ആയിരുന്നു അമ്മയെ ശുശ്രൂഷിച്ചിരുന്നത്. “എന്റെ 35 വർഷത്തിനിടയിൽ ഞാൻ കണ്ട അത്ഭുതം! ഈ കുഞ്ഞ് തീർച്ചയായും ഒരു അത്ഭുതശിശുവാണ്‌. കാരണം ഒൻപത് മാസങ്ങൾ പ്ലാസന്റയുമായി യാതൊരു ബന്ധവുമില്ലാതെ ഒരുപാട് സങ്കീർണ്ണതകളുമായി ജീവിച്ചു. ഇവന് ആവശ്യമായ ആഹാരവും മറ്റ് പോഷണങ്ങളും എവിടെ നിന്ന് ലഭിച്ചു എന്നത് ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യമാണ്. മിസ്സിസ് റ്റെബോ ഇതാ നിങ്ങളുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണം” – കുഞ്ഞ് ജനിച്ചപ്പോൾ അവനെ കൈകളിൽ എടുത്തുകൊണ്ട് മിഴിനീരോടെ ഡോക്ടർ പറഞ്ഞതാണിത്. മിഷനറി ആയ റോബർട്ട് റാംസെയ് റ്റെബോ- പമേല എലൈൻ ദമ്പതികളുടെ വിശ്വാസ തീക്ഷ്ണതയാൽ ലോകത്തിനു ലഭിച്ച മികച്ച ഒരു താരമാണ് ടിം റ്റെബോ.

പ്രൊ ലൈഫ് സമ്മേളന വേദിയിൽ തന്റെ ജനനത്തിനായി മാതാപിതാക്കൾ കാണിച്ച വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മാതൃക ലോകത്തിനു തന്നെ വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 29 -നു നടന്ന സമ്മേളനത്തിൽ കൻസാസ് സിറ്റി ബിഷപ്പ് ജോസഫ് ന്യൂമാൻ ഉൾപ്പെടെ ഒരുപാട് പ്രശസ്തരായ വ്യക്തികൾ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.