സഹനങ്ങളെ സമ്മാനമായി സ്വീകരിക്കാൻ എങ്ങനെ സാധിക്കും?

ദൈവത്തെ ആശ്രയിച്ച് ജീവിക്കുമ്പോൾ വേദനകളും സഹനങ്ങളും ജീവിതത്തിൽ ഉണ്ടാകുന്ന അവസരത്തിലും അവിടുത്തെ സാമിപ്യം നമുക്ക് അ‌നുഭവവേദ്യമാകും. നല്ല ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി ദൈവത്തോട് നന്ദിപറയുന്നത് താരതമ്യേന എളുപ്പമാണെങ്കിലും, ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് നാം എപ്പോഴെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ?

കഷ്ടതയിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്. സഹനങ്ങളിൽ നാം തനിയെ ആണെന്നാണ് പലപ്പോഴും ചിന്തിക്കുന്നത്. എങ്കിലും ദൈവസഹായത്തോടെ, കഷ്ടപ്പാടുകളെ ഒരു സമ്മാനമായി നമുക്ക് കാണാൻ കഴിയും. ദൈവത്തിന്റെ സ്നേഹം അനുഭവിച്ചറിയുവാനുള്ള നിമിഷങ്ങളാണ് വേദനയുടെയും ബുദ്ധിമുട്ടുകളുടെയും നിമിഷങ്ങൾ. അതിനാൽ, ദൈവത്തിന്റെ ദയയും സ്നേഹവും കൂടുതൽ അനുഭവിച്ചറിയുന്ന ഈ സമയങ്ങളെ ഒരു സമ്മാനമായി കരുതി സ്നേഹിക്കാൻ പരിശ്രമിക്കാം.

കഷ്ടപ്പാടുകൾ ദൈവത്തെ കൂടുതൽ ആശ്രയിക്കാനും സ്വർഗ്ഗീയ കാര്യങ്ങൾ അന്വേഷിക്കാനും ഉള്ള ഒരു പ്രേരണ നമുക്കു നൽകും. അങ്ങനെ ദൈവകൃപയാൽ കൂടുതൽ വിനീതരാകുന്നു. കാഴ്ചപ്പാടുകളിൽ യേശുവിനെ കൂടുതൽ ആശ്രയിക്കുന്നത് വഴി നമ്മോടൊപ്പമുള്ള അവിടുത്തെ സാന്നിധ്യം അനുഭവവേദ്യമാകുവാൻ തുടങ്ങുന്നു. ലോകത്തിന്റെ മായയെക്കുറിച്ച് കൂടുതൽ മനസിലാക്കാനും സ്വർഗത്തിന്റെ മഹത്വവും അനുഗ്രഹവും കൂടുതൽ മനസ്സിലാക്കാനും ഈ സഹനങ്ങൾ കാരണമാകുന്നു. അങ്ങനെ സഹനങ്ങൾ സ്വീകരിക്കുന്നവരുടെ മനസ്സ് കൂടുതൽ ആത്മീയ കാര്യങ്ങളിലേക്ക് തിരിയുന്നു.

സഹനങ്ങളെ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ സഹനങ്ങളെ ഒരു സമ്മാനമായി കരുത്തുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആ സമയത്ത് നമുക്കത് മനസിലാക്കുവാൻ സാധിച്ചില്ലെങ്കിലും പിന്നീട് ബോധ്യമാകും. നല്ല തിരിച്ചറിവുകളും ബോധ്യങ്ങളും ജീവിതത്തിൽ കൈവരുന്നതിന് സഹനങ്ങൾ കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.