മൈലമ്പാടിയിലെ കടുവ സാന്നിധ്യം പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: കെസിവൈഎം ബത്തേരി മേഖലാ സമിതി

മൈലമ്പാടി പ്രദേശത്ത് വന്യമൃഗശല്യം അതിരൂക്ഷമാവുകയാണ്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കടുവയുടെ കാൽപ്പാടുകൾ ജനവാസമേഖലയിൽ കണ്ടെത്തിയത്. ഇത് പ്രദേശവാസികളിൽ ആശങ്ക ഉണർത്തുന്നു എന്ന് യോഗം വിലയിരുത്തി.

ക്ഷീരകർഷകർ ഏറെയുള്ള പ്രദേശമാണ് മൈലമ്പാടി. ഒട്ടുമിക്ക വീടുകളിലും  കന്നുകാലികളും മറ്റ് വളർത്തുമൃഗങ്ങളും എല്ലാമുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്ന് ഉപജീവനം കഴിയുന്നവരുടെയും മറ്റ് കൃഷികളിൽ നിന്നും അന്നത്തെ ആഹാരം കണ്ടെത്തുന്നവരുടെയും ജീവിതമാർഗ്ഗം ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. വന്യമൃഗശല്യം, പ്രത്യേകിച്ച് കടുവശല്യവും ആക്രമണങ്ങളും മൂലം വളർത്തുമൃഗങ്ങൾക്ക് ഉൾപ്പെടെ നഷ്ടം സംഭവിച്ചുവരികയാണ്. മാത്രമല്ല, അതിരാവിലെയും രാത്രി ഏറെ വൈകിയും ഈ മേഖലയിലൂടെ ജോലികൾക്ക് പോയിവരുന്നവരും ഏറെയാണ് എന്നും യോഗം പരാമർശിച്ചു.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിക്കണമെന്ന് ബത്തേരി മേഖല പ്രസിഡന്റ്‌ ആൻസിബിൾ വാഴപ്പള്ളിത്തട്ടിൽ ആവശ്യപ്പെട്ടു. വന്യമൃഗശല്യം എന്നേക്കുമായി അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

മേഖല ഡയറക്ടർ ഫാ. ജെയ്സൺ കള്ളിയാട്ട്, രൂപത കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, മേഖല സമിതി അംഗങ്ങളായ മെർലിൻ പുലികുന്നേൽ, ജോസ്ന കുഴിക്കണ്ടത്തിൽ, ജീവൻ ഷാ പുത്തൻപുരയിൽ, അജയ് കുന്നേൽ, ഡെനിക് മാങ്കുഴ, ആർദ്ര കാരകുന്നേൽ, ആൻ മേരി കൈനിക്കൽ,ആനിമേറ്റർ സിസ്റ്റർ നാൻസി എസ്.എ.ബി.എസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.