കേരളാ സര്‍ക്കാറിന്റെ ‘വിമുക്തി’യിലൂടെ ചികിത്സ തേടിയവരുടെ യഥാര്‍ത്ഥ കണക്കിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള മദ്യനയം തിരുത്താന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകണം

അജോ വട്ടുകുന്നേല്‍
അജോ വട്ടുകുന്നേല്‍

Alcohol withdrawal symptom പ്രകടിപ്പിക്കുന്നുവെന്ന് ഡോക്ടര്‍ ബോധ്യപ്പെട്ടു നല്കുന്ന അഭിപ്രായക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രോഗകാരണമായ മദ്യം തന്നെ മദ്യപാനരോഗിക്കു നല്കാന്‍ എക്‌സൈസ് വകുപ്പിനെ കേരളാ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇപ്രകാരം 53 പേര്‍ക്ക് കഴിഞ്ഞ ദിവസം മദ്യം വീട്ടിലെത്തിച്ചു നല്കാനായിരുന്നു കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ സര്‍ക്കാര്‍ ഉത്തരവ് ദുരന്തത്തിന്റെ കുറിപ്പടിയാണെന്ന് കേരളാ ഹൈക്കോടതി വിമര്‍ശിക്കുകയും ഈ സര്‍ക്കാര്‍ ഉത്തരവ് മൂന്നാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. മരുന്നായി മദ്യം നല്കിയാല്‍ എങ്ങനെയാണ് മദ്യാസക്തി കുറയുകയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

കൂടാതെ, മദ്യാസക്തിക്കുള്ള മരുന്ന് മദ്യമല്ലെന്നും മദ്യപാനരോഗത്തിന് മദ്യം നല്കുന്നത് ചികിത്സാ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ മദ്യപാനരോഗിയാകുകയും പീന്നീട് അതില്‍ നിന്ന് മുക്തി നേടിയ വ്യക്തികള്‍ക്ക് മദ്യത്തോട് മരണം വരെ ഒരു താല്പര്യം ഉണ്ടായിരിക്കും ചെയ്യും. മദ്യാസക്തിയില്‍ നിന്നു മുക്തി നേടിയവര്‍, സാഹചര്യം അനുകൂലമായാല്‍ മദ്യപാനത്തിലേയ്ക്ക് വീണ്ടും തിരിച്ചുപോകും എന്ന സത്യം മദ്യകച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനത്തിനുവേണ്ടി ഭരണാധികാരികള്‍ സൗകര്യപൂര്‍വ്വം മറന്നുകളയരുത്.

രോഗകാരണമായ മദ്യം തന്നെ മദ്യപാനരോഗിക്കു നല്കാന്‍ എക്‌സൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി കുടുംബങ്ങളോടുള്ള വെല്ലുവിളിയും അനീതിയുമാണ്. മദ്യപാനരോഗികളായ ഒരു വിഭാഗം ആളുകളുടെ ആരോഗ്യ-മാനസികപ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് അവര്‍ക്ക് മദ്യം നല്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നയം നശീകരണപരമാണ്. മദ്യപാനരോഗികള്‍ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ രക്ഷിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായി ഈ ലോക്ക്ഡൗണ്‍ കാലഘട്ടം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തണം. മദ്യം ലഭ്യമല്ലാത്തതുമൂലം, കോവിഡ്-19 രോഗഭീഷണിയുടെ നടുവിലും നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് മദ്യം ലഭ്യമല്ലാത്തതുമൂലം മദ്യപാനരോഗികളില്‍ ഉണ്ടാകുന്ന Alcohol withdrawal symptom മാറ്റാനും ആത്മഹത്യകള്‍ ഒഴിവാക്കാനും ഡി അഡിക്ഷന്‍ സെന്ററുകള്‍ വഴി മദ്യപാനരോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ സര്‍ക്കാര്‍ ലഭ്യമാക്കണം.

ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ കേരളാ സര്‍ക്കാറിന്റെ ലഹരിവിരുദ്ധ ബോധവത്കരണ സംവിധാനമായ ‘വിമുക്തി’യിലൂടെ ചികിത്സ തേടിയ വ്യക്തികളുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറാകണം. കൂടാതെ, അത്തരം വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കണം. Alcohol withdrawal symptom പ്രകടിപ്പിക്കുന്നുവെന്ന് ഡോക്ടര്‍ ബോധ്യപ്പെട്ടു നല്കിയ അഭിപ്രായക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 53 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം മദ്യം വീട്ടിലെത്തിച്ചു നല്കാന്‍ കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

മദ്യപാനരോഗം ഉണ്ടാകാനുള്ള ഒരു കാരണം, അത് മദ്യത്തിന്റെ ഉപയോഗം മാത്രമാണ്. മദ്യപാനരോഗം, മദ്യം ഉപയോഗിച്ചാല്‍ മാത്രം വരുന്ന ഒരു രോഗമാണ്. അത് ഉപയോഗിച്ചില്ലെങ്കില്‍ ഈ രോഗം ഒരിക്കലും ആര്‍ക്കും വരുകയുമില്ല. ആയതിനാല്‍, കേരളാ സര്‍ക്കാറിന്റെ ‘വിമുക്തി’യിലൂടെ ചികിത്സ തേടിയവരുടെ യഥാര്‍ത്ഥ കണക്കിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള മദ്യനയം തിരുത്താന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകണം.

അജോ വട്ടുകുന്നേല്‍