ക്ഷമയുടെ സുവിശേഷം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു വീട്ടിലെ അപ്പനും മകനും തമ്മിൽ വഴക്കായിരുന്നു. അപ്പൻ മരിച്ചെന്നറിഞ്ഞിട്ടും മകൻ വീട്ടിൽ കയറിയില്ല. കൂട്ടുകാർ അവനോട് പറഞ്ഞു: “മരിച്ചു കിടക്കുന്നത് നിന്റെ അപ്പനാണ്. മൃതദേഹത്തോടു പോലും പക വച്ചുപുലർത്തുന്നോ?”

“ഞാൻ മരിച്ചാലും വീട്ടിൽ കയറരുതെന്നാണ് അപ്പൻ പറഞ്ഞിട്ടുള്ളത്. അപ്പന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ ഞാൻ അങ്ങോട്ട് പോകാതിരിക്കണം.”

അയാളുടെ മറുപടി കേട്ട് സുഹൃത്തുക്കളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “നിനക്കും മക്കളുണ്ടെന്ന് മറക്കരുത്. ഒരുപക്ഷേ, ദേഷ്യത്തിന്റെ പുറത്ത് നീയും നിന്റെ മക്കളോട് അങ്ങനെയൊക്കെ പറയാനിടയുണ്ട്. കോപം വരുമ്പോൾ പറയുന്ന വാക്കുകൾ കൊണ്ട് ബന്ധങ്ങളെ അളക്കരുത്. അപ്പനോട് പൊറുക്കാൻ ഇത്രയും കാലം നിനക്ക് കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും നിനക്കതിന് ആയില്ലെങ്കിൽ നിന്റെ മക്കൾക്ക് നീ കൊടുക്കുന്ന മാതൃക എന്താണെന്ന് മനസിലാക്കുക. കണ്ണീരൊഴുക്കാനും പൊറുക്കാനുമെല്ലാം ദൈവം എപ്പോഴും അവസരങ്ങൾ തരില്ല. മരിക്കുന്നതിനു മുമ്പ് നിന്നെ ഒന്ന് കാണണമെന്ന് അപ്പൻ ആഗ്രഹിച്ചിട്ടുണ്ടാവില്ലെന്ന് നിനക്ക് പറയാനാകുമോ?”

സുഹൃത്തിന്റെ വാക്കു കേട്ട് അയാൾ വീട്ടിലെത്തി. മകനെ കണ്ടതേ അമ്മയുടെ വിലാപമുയർന്നു: “എന്റെ മകനേ, അവസാന ശ്വാസം എടുക്കുന്ന സമയത്തും നിന്നെക്കുറിച്ചായിരുന്നു അപ്പൻ പറഞ്ഞിരുന്നത്. ഇപ്പോഴെങ്കിലും നീ വന്നല്ലോ.” അമ്മയുടെ വാക്കുകൾ മകന്റെ ഹൃദയത്തിൽ തുളച്ചുകയറി. അവൻ അപ്പന്റെ തണുത്തുറഞ്ഞ പാദങ്ങൾ പിടിച്ച് മിഴിനീരൊഴുക്കി.

ക്രിസ്തു പഠിപ്പിച്ച പാഠങ്ങളിൽ ഏറ്റവും വലിയ പാഠം ക്ഷമയുടേതാണ്. ഏറ്റവും ക്ലേശകരവും അതു തന്നെ. മറ്റുള്ളവർ പറഞ്ഞ വാക്കുകൾ, ചെയ്ത പ്രവർത്തികൾ എന്നിവയെല്ലാം നമ്മുടെ മനസിൽ ആവർത്തിച്ചു വരുമ്പോഴും ക്ഷമിക്കാനുള്ള കൃപക്കു വേണ്ടി പ്രാർത്ഥിക്കാം.

“മറ്റുള്ളവര് നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള് ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള് അവരോടും പെരുമാറുവിന്. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള് സ്‌നേഹിക്കുന്നതില് എന്തു മേന്മമയാണുള്ളത്‌? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് നന്മ ചെയ്യുന്നവര്‍ക്ക് നിങ്ങള് നന്മ ചെയ്യുന്നതില് എന്തു മേന്മയാണുള്ളത്‌? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ” (ലൂക്കാ 6: 31-33).

ഒന്നു ശാന്തമാകാം, ക്രിസ്തുവചനങ്ങൾ ധ്യാനിക്കാം. രമ്യതപ്പെടാൻ കഴിയാത്ത വ്യക്തികളെ ഓർത്തെടുത്ത് ദൈവതിരുമുമ്പിൽ സമർപ്പിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.