നല്ല സമരിയക്കാരൻ ഇതാ കൺമുൻപിലുണ്ട്, കാണാതെ പോകരുത്

സി. സൗമ്യ DSHJ

പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിൽ, പഴുത്തൊഴുകിയ വ്രണങ്ങളും ചലവും നിറഞ്ഞു കിടന്ന വൃദ്ധനായ ഒരു മനുഷ്യനുണ്ട്. ആറു വർഷത്തോളമായി മുടി മുറിക്കാതെ, ഷേവ് ചെയ്യാതെ, കുളിക്കാതെ പ്ലാസ്റ്റിക്കുകൾ പെറുക്കിയും ഭിക്ഷ യാചിച്ചു നടന്ന ഒരു വൃദ്ധൻ. ഏതോ വണ്ടിയിടിച്ച് അവശനിലയിലായ അദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ, അദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി ആശുപത്രിയിൽ എത്തിച്ച ഒരു വൈദികനുണ്ട്. കണ്ണൂർ ശ്രീകണ്ഠാപുരത്തുള്ള സമരിറ്റൻ പാലിയേറ്റീവ് കെയറിലെ വൈദികനായ ഫാ. സോജൻ പാലത്താനത്ത്.

സി.എസ്.റ്റി സന്യാസ സഭയിലെ അംഗങ്ങളായ അദ്ദേഹത്തിനും കൂടെയുള്ള മറ്റു രണ്ട് വൈദികർക്കും ഇത് ആദ്യ അനുഭവമല്ല, അവരുടെ ദിനചര്യയാണ്. ജീവിത സാഹചര്യങ്ങളാൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരും നിരാലംബരും ആരാലും ശ്രദ്ധിക്കാനില്ലാത്തതുമായ 25-ഓളം അന്തേവാസികളെ സമരിറ്റൻ പാലിയേറ്റീവ് കെയറിൽ സംരക്ഷിച്ചു പോരുന്നു. ജീവിതത്തിൽ മുറിവേറ്റവരിലും ആരുമില്ലാത്തവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ചു കൊണ്ട് അവരെ ശുശ്രൂഷിക്കുന്നതിനായി ഈ വൈദികർ തങ്ങളുടെ ജീവിതം മാറ്റിവച്ചിരിക്കുന്നു.

ഈ സ്ഥാപനത്തിന്റെ ഡയറക്ടർ ആയ ഫാ. തോമസ് കല്ലിരിക്കൽ അച്ചൻ 20 വർഷമായി ഇവിടെ സേവനം ചെയ്യുന്നു. അദ്ദേഹം ഓട്ടോ ഓടിച്ചും തൂമ്പാ പണിയെടുത്തും മറ്റുള്ളവരോട് യാചിച്ചും വളർത്തിയെടുത്ത ഒരു ആതുരസേവന മേഖലയാണിവിടം. ഇന്നും ഒരുപാട് സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇവരുടെ പ്രവർത്തങ്ങൾ മുൻപോട്ടു പോകുന്നത്.

ആതുര സേവനങ്ങൾക്കൊപ്പം ഹോം കെയർ സർവീസ്, ഇ – പാലിയേറ്റീവ്, പാലിയേറ്റിവ് ക്ലിനിക്ക്, സമരിറ്റൻ ഫുഡ് കിറ്റ്, വിദ്യാഭ്യാസ സഹായം, ആംബുലൻസ് സർവ്വീസ്, അനിമേഷൻ സെന്റർ, പാലിയേറ്റീവ് ലൈബ്രറി എന്നീ പ്രവർത്തനങ്ങളും സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങളാണ്.

സ്ത്രീകളായവരെ ശുശ്രൂഷിക്കുവാനായി രണ്ട് സിസ്റ്റേഴ്സിന്റെ സഹായവും ഇവിടെ ലഭ്യമാകുന്നുണ്ട്. ഒപ്പം പതിനഞ്ചോളം ക്യാൻസർ രോഗികൾക്ക് ചികിത്സയ്ക്കു വേണ്ടിയുള്ള സാമ്പത്തിക സഹായവും വീൽചെയർ, വാക്കർ, സൗജന്യ ആംബുലൻസ്  സേവനങ്ങളും നൽകിവരുന്നു. ഈ പ്രളയകാലത്ത് 150-ളം അത്മായ സഹോദരങ്ങളുടെ സഹായത്തോടെ വിവിധ ക്യാമ്പുകളിൽ നിരവധി സഹായങ്ങൾ എത്തിച്ചുകൊടുക്കുവാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

“ദൈവത്തിലേയ്ക്ക് വളരുകയും സമൂഹങ്ങളിലേയ്ക്ക് കൊഴിയുകയും ചെയ്യുന്നതാണ് ഓരോ സന്യാസ ജീവിതവും. പാവപ്പെട്ട എല്ലാവരിലും ക്രിസ്തുവുണ്ട്. അതിനാൽ ക്രിസ്തുവിനെ ശുശ്രൂഷിക്കാൻ കിട്ടുന്ന അവസരങ്ങൾ മഹാഭാഗ്യമായി ഞങ്ങൾ കാണുന്നു” – ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഫാ. സോജൻ പാലത്താനത്ത് പറഞ്ഞു.

ഫാ. വിനു പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. കിടപ്പുരോഗികളെ വീടുകളിൽ പോയി ശുശ്രൂഷിക്കുകയും ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണകിറ്റ് വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചു നൽകുകയും ചെയ്യുന്നു. ഒപ്പം യുവജനങ്ങളായവർക്ക് രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടിയുള്ള പരിശീലനവും ഇവിടെ നൽകിവരുന്നു.

എല്ലാം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരിക്കുന്ന മനുഷ്യരുടെ മുൻപിൽ ഇവരുടെ സന്യാസജീവിതം ഉയർത്തുന്ന ഒരു വെല്ലുവിളിയുണ്ട്. നമുക്കായി സ്വന്തം ജീവൻ പോലും നൽകിയ നസ്രായന്റെ സന്ദേശം പേറി ജീവിക്കാനുള്ള വെല്ലുവിളി. തന്റെ സമീപത്തുള്ളവരെ പോലും ശ്രദ്ധിക്കാത്ത മനുഷ്യർക്കിടയിൽ സ്വന്തമല്ലാഞ്ഞിട്ടും അനേകരെ സ്വന്തമായി കണ്ട്, ചേർത്തുപിടിച്ച്‌, ജീവിതത്തിലേയ്ക്ക് നയിക്കുന്ന അനേകം സന്യാസികൾ – വൈദികർ ഉണ്ട്. അനേകരുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കുവാൻ, നഷ്ടപ്പെട്ട പ്രകാശം വീണ്ടെടുക്കുവാൻ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്… ആഘോഷങ്ങളുടെയോ ആർപ്പുകളുടെയോ കൊട്ടിഘോഷിക്കലുകളുടെയോ അകമ്പടികളില്ലാതെ…

സി. സൗമ്യ DSHJ