സുവര്‍ണ്ണജൂബിലി സംഗമം നടത്തി

കാക്കനാട്: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. സിറോ മലബാര്‍ സഭയുടെ ക്ലെര്‍ജി കമ്മീഷനാണ് സംഗമം സംഘടിപ്പിച്ചത്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന ജൂബിലി സമ്മേളനത്തില്‍ ജൂബിലേറിയന്മാര്‍ തങ്ങളുടെ പരോഹിത്യ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ക്ലെര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, കമ്മീഷന്‍ അംഗം ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തെ തുടര്‍ന്ന് മെത്രാന്മാരും ജൂബിലറിയന്‍സും ചേര്‍ന്ന് ഫോട്ടോയെടുത്തു. തുടര്‍ന്ന് അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. മെത്രാന്മാരും ജുബിലേറിയന്‍സും സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവയ്ക്കുകയും എല്ലാവരും സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. വളരെ നാളുകള്‍ക്കു ശേഷം ഒരുമിച്ചു പഠിച്ചവരെ കണ്ടതിന്റെയും പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിച്ചതിന്റെയും സന്തോഷം ജൂബിലി ആഘോഷിക്കുന്ന വൈദികര്‍ എടുത്തുപറഞ്ഞു.

ക്ലെര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്ങല്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, സി. ജോയ്‌ന എം.എസ്.ജെ., മൗണ്ട് സെന്റ് തോമസിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, മറ്റു ശുശ്രൂഷകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വൈദികരുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന വിവിധ പരിപാടികള്‍ ക്ലെര്‍ജി കമ്മിഷന്‍ വര്‍ഷത്തിലുടനീളം സംഘടിപ്പിച്ചു വരുന്നു. പൗരാഹിത്യ രജതജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം, വൈദികപട്ടം സ്വീകരിക്കുന്നതിനൊരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം എന്നിവയും ക്ലെര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അടുത്ത ആഴ്ചകളില്‍ നടത്തുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.