ജപമാലയുടെ കൂട്ടുകാരനായ പാപ്പാ

സഭാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പയാണ്‌ ലിയോ പതിമൂന്നാമൻ പാപ്പ. മികച്ച എഴുത്തുകാരൻ, കവി, ദൈവശാസ്ത്രജ്ഞൻ, തികഞ്ഞ മരിയഭക്തൻ എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. അദ്ദേഹം അറിയപ്പെട്ടിരുന്നതു തന്നെ ‘ആത്മാക്കളുടെ അജപാലകൻ’ എന്നാണ്. 1879 -ൽ റോമാ പട്ടണത്തിൽ വി. തോമസ് അക്വിനാസിന്റെ പേരിൽ പൊന്തിഫിക്കൽ അക്കാദമി സ്ഥാപിച്ചതും ലിയോ പതിമൂന്നാമൻ പാപ്പയാണ്.

തന്റെ കാലഘട്ടത്തിലെ സാമൂഹികവും ധാർമ്മികവുമായ പ്രശ്നങ്ങൾ അദ്ദേഹത്തെ ആഴത്തിൽ ആശങ്കാകുലനാക്കുകയും ഈ പ്രശ്നങ്ങൾ നേരിടാനായി അദ്ദേഹം പല ആത്മീയ ആയുധങ്ങളും സഭക്കു നൽകുകയും ചെയ്തിരുന്നു. ഒരു വിശ്വാസിക്ക് നാരകീയശക്തികളോടുള്ള പോരാട്ടം നിരന്തരം നടത്തണമെന്ന യാഥാർത്ഥ്യം ഒരു ദർശനത്തിലൂടെ വെളിപ്പെട്ടു കിട്ടിയപ്പോൾ ലിയോ പതിമൂന്നാമൻ പാപ്പാ എഴുതിയതാണ് വി. മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന.

വി. യൗസേപ്പ് പിതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ച അദ്ദേഹം, യേശുവിന്റെ തിരുഹൃദയത്തിലേക്ക് എല്ലാവരെയും സമർപ്പിച്ചുകൊണ്ട് ആദ്യവെള്ളിയാഴ്ചകളിലുള്ള ആരാധനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ മാസം തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചുതുടങ്ങിയത് ഈ പാപ്പയുടെ കാലത്താണ്. തികഞ്ഞ മരിയഭക്തനായിരുന്ന വി. ലൂയിസ് ഡെ മോൺഫോർട്ടിനെ 1888 -ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതും ലിയോ പതിമൂന്നാമനാണ്.

മരിയൻ ഭക്തി

ചെറുപ്പം മുതലേ മരിയഭക്തിയിൽ വളർന്നുവന്ന വ്യക്തിയായിരുന്നു ലിയോ പതിമൂന്നാമൻ പാപ്പാ. 1846 -ൽ വി. ലൂയിസ് മോൺ ഡെ ഫോർട്ടിന്റെ മരിയൻ രചനകൾ വായിച്ചത് മാതാവിനോടുള്ള സ്നേഹത്തിൽ വളരാൻ കുഞ്ഞുലിയോയെ ഏറെ സഹായിച്ചു. പോംപൈയിലെ ബാർസലോ ബർത്തലോങ്ങോയുടെ പ്രവർത്തങ്ങളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. മരിയൻ പ്രത്യക്ഷികരണം കൊണ്ട് പ്രസിദ്ധി നേടിയ ലൂർദ്ദിനെ ഏറെ സ്‌നേഹിച്ചിരുന്ന പാപ്പ, വത്തിക്കാൻ ഗാർഡനിൽ ‘ലൂർദസ് ഗ്രോട്ടോ’ സ്ഥാപിക്കുകയും ചെയ്തു.

ജപമാലയുടെ പോരാളി

ജപമാലയുടെ ഉത്തമ പോരാളി ആയിരുന്നു ലിയോ പതിമൂന്നാമൻ പാപ്പാ. തന്റെ അധികാരകാലത്ത് അദ്ദേഹം ജപമാലയെക്കുറിച്ച് പതിനൊന്ന് ചാക്രികലേഖനങ്ങൾ എഴുതി. ജപമാലയെക്കുറിച്ച് നിരവധി ശ്ലൈഹിക പ്രബോധനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ സാമൂഹികദർശനത്തെ ഉജ്ജ്വലിപ്പിച്ച ലിയോ പതിമൂന്നാമന്റെ ചാക്രികലേഖനമായിരുന്നു ‘റെരും നൊവാരും.’ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മാത്രമല്ല, സമകാലിക സാമൂഹ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങളും ഈ ചാക്രികലേഖനത്തിൽ നമുക്ക് കണ്ടെത്താം. ദൈവരാജ്യ പ്രഘോഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്‌ ജപമാല എന്നു മനസ്സിലാക്കിയ അദ്ദേഹം എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാൻ എല്ലാവരെയും പ്രത്യേകിച്ച്, വൈദികരെയും മിഷനറിമാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കാരണം, ജപമാല പ്രാർത്ഥനയ്ക്ക് തിന്മയെ പുറന്തള്ളാനും മാനുഷഹൃദയത്തിലെ മുറിവുകൾ സൗഖ്യമാക്കാനുമുള്ള ശക്തിയുണ്ട് എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ഒക്ടോബർ മാസം ജപമാലക്കു വേണ്ടി മാറ്റിവച്ചത് ലിയോ പാപ്പയാണ്. ലൂർദ്ദിൽ ജപമാലയുടെ ഒരു ബസിലിക്ക അദ്ദേഹം സ്ഥാപിച്ചു. ജപമാലയുടെ പ്രചുരപ്രചാരകരാകാൻ ഡൊമിനിക്കൻ സന്യാസികളോട്  അദ്ദേഹം അഭ്യർത്ഥിച്ചു.

ലിയോ പതിമൂന്നാമൻ പാപ്പയുടെ പ്രശസ്തമായ വി. മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയുടെ ഒരു ചുരുങ്ങിയ പതിപ്പ് ഇപ്പോൾ നാം ജപമാലയുടെ അവസാനം ഉപയോഗിക്കുന്നുണ്ട്. ജപമാലയെ സ്‌നേഹിക്കുകയും ജപമാലക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത പുണ്യപിതാവാണ് ലിയോ പതിമൂന്നാമൻ. അദ്ദേഹത്തെപ്പോലെ നമുക്കും ഈ ജപമാല മാസത്തിൽ, ജപമാലയർപ്പിച്ച് പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിൽ അനുദിനം വളരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.