മനിലയിലെ തെരുവുകളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന ഫ്രഞ്ച് വൈദികൻ

മനിലയിലെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന ധാരാളം കുട്ടികളുണ്ട്. ഇത്തരത്തിൽ അലഞ്ഞു തിരിയുന്ന കുട്ടികൾക്ക് ഇനി മുതൽ  അഭയമാവുകയാണ് ഫാ. മാത്യു ഡൗച്ചസ് എന്ന ഫ്രഞ്ച് വൈദികൻ. ഫിലിപ്പീൻസിലെ ഭവനരഹിതരായ കുട്ടികൾക്ക് വീടും വിദ്യാഭ്യാസവും നൽകുവാൻ സന്നദ്ധരായി ഈ വൈദികന്റെ കൂടെ ചേരുകയാണ് അനക്-ടിഎൻ‌കെ ഫൗണ്ടേഷനും.

നഗരത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലെ തെരുവ് കുട്ടികളെ സഹായിക്കുന്ന അനക്-ടിഎൻ‌കെ ഫൗണ്ടേഷന്റെ ഡയറക്ടറായി ഫിലിപ്പീൻസിലെ മനിലയിൽ ജോലി ചെയ്യുന്ന ഒരു ഫ്രഞ്ച് വൈദികനാണ് ഫാ. മാത്യൂ ഡൗച്ചസ്. 22 വർഷത്തിനിടയിൽ 50,000 -ത്തിലധികം കുട്ടികളെ ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതിനകം സഹായിച്ചിട്ടുണ്ട്. തെരുവിൽ താമസിക്കുന്ന ഈ കുട്ടികളെ അവരുടെ മാതാപിതാക്കളും സമൂഹവും ഉപേക്ഷിച്ചതാണ്.

ഭിക്ഷാടനം, മാലിന്യ കൂമ്പാരങ്ങൾ, വേശ്യാവൃത്തി എന്നിവയിലൂടെ ജീവിക്കുന്ന കുട്ടികളെ ഈ സംഘടന സ്വീകരിക്കുന്നു. ഈ കുട്ടികൾ പലപ്പോഴും ലൈംഗിക  ദുരുപയോഗം, മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ എന്നിവയുടെ ഇരകളാണ്. ഫാ. മാത്യുവും അദ്ദേഹത്തിന്റെ സന്നദ്ധപ്രവർത്തക സംഘവും കുട്ടികളെ അന്വേഷിച്ച് കണ്ടെത്തുകയും അവരെ ഈ ഫൗണ്ടേഷനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അവിടെ അവർക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭിക്കുന്നു.

“ഈ കുട്ടികളോടൊത്ത് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ബാഹ്യമായ കാര്യങ്ങളിൽ അവരെ സഹായിക്കുന്നതിന് മുൻപ് മാനസികമായും വൈകാരികമായും അവരെ മനസിലാക്കാനും സഹായിക്കാനും കഴിയണം. അവരെ സമീപിക്കുമ്പോൾ ആദ്യം പലപ്പോഴും തിരസ്ക്കരണമാണ് നമുക്ക് ലഭിക്കുന്നത്. കാരണം സ്വന്തം മാതാപിതാക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും തിരസ്ക്കരണം കിട്ടിയ ഇവർ മാനസികമായി വളരെയേറെ മുറിവേറ്റ കുട്ടികളാണ്. ഇവർ തെരുവുകളിൽ തന്നെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരിൽ വിശ്വാസം വളർത്തുക എന്നതാണ് ആദ്യപടി” – ഫാ. മാത്യു പറയുന്നു.

തെരുവുകളിൽ അലയുന്ന ഈ കുട്ടികളുടെ മനസിനേറ്റ മുറിവുകൾ ഉണക്കാൻ പരിശ്രമിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യവും ആദ്യത്തേതുമായ നടപടി. അതിന് ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുക അത്യാവശ്യമാണ്. പിന്നെ, ഇവരെ ക്ഷമിക്കുവാൻ പഠിപ്പിക്കുകയാണ് അടുത്ത ഘട്ടം. അത് മനുഷ്യർക്ക് അസാധ്യമാണ്. ദൈവത്തിന് മാത്രമേ സാധിക്കൂ. കാരണം വെറുപ്പും വൈരാഗ്യവും വെച്ചുപുലർത്തി ജീവിക്കു കുട്ടികളാണ് ചെറു പ്രായത്തിൽ തന്നെ ഇവർ.

ഇവരെ സ്‌നേഹിക്കുക എന്നതാണ് ഈ വൈദികന്റെ ദൗത്യം. അങ്ങനെ മാത്രമേ ഇവരുടെ മനസിന്റെ മുറിവുകളെ ഉണക്കാൻ സാധിക്കൂ. ദൈവമക്കളെന്ന നിലയിൽ അവരുടെ മാനുഷിക അന്തസ്സിനെക്കുറിച്ച് അറിയുന്നതിനും ജീവിതത്തെക്കുറിച്ച് പുതിയതും മികച്ചതുമായ കാഴ്ചപ്പാടുകൾ പഠിക്കുന്നതിനും കുട്ടികളെ അനാക്-ടിഎൻക് ഫൗണ്ടേഷൻ സഹായിക്കുന്നു.

ഈ ഫൗണ്ടേഷൻ ആശ്രയം വെച്ചിരിക്കുന്നത് പ്രാർത്ഥനയിലാണ്. 2015 -ലെ ഫിലിപ്പീൻസ് സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ ഈ ഫൗണ്ടേഷൻ കീഴിലുള്ള 300 -ഓളം കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.