കല്ലിശ്ശേരിയിൽ നിർമ്മിക്കുന്ന മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീർവ്വദിച്ചു

ക്‌നാനായ മലങ്കര സമൂഹത്തിന്റെ ചുമതലയുള്ള കോട്ടയം അതിരൂപതാ സഹായമെത്രാന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുവാൻ കല്ലിശ്ശേരിയിൽ നിർമ്മിക്കുന്ന മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീർവ്വദിച്ചു. ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയാണ് റാന്നി സെന്റ് തെരേസാസ് ദൈവാലയത്തിൽ വച്ച് പുതിയ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശിലയുടെ ആശീർവ്വാദകർമ്മം നിർവ്വഹിച്ചത്.

സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസിലർ ഫാ. ജോൺ ചേന്നാകുഴി, പ്രൊക്യുറേറ്റർ ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കൽ വൈദിക – സമർപ്പിത – അത്മായ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ക്‌നാനായ സമുദായ ചരിത്രത്തിലെ പ്രധാന ദൈവാലയങ്ങളിലൊന്നാണ് കല്ലിശ്ശേരി. 1524 -ൽ കൊടുങ്ങല്ലൂരിൽ നിന്ന് ക്‌നാനായക്കാർ കുടിയേറിയ കടുത്തുരുത്തി, ചുങ്കം, ഉദയംപേരൂർ, കോട്ടയം എന്നീ പള്ളികൾക്കൊപ്പം അഞ്ചരപ്പള്ളിക്കാർ എന്ന പേരിന് കാരണമായ ദൈവാലയങ്ങളിലൊന്നാണ് കല്ലിശ്ശേരി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.