അവിഭക്ത തൃശ്ശൂര്‍ രൂപതയുടെ പ്രസ്ബിറ്ററല്‍ – പാസ്റ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണ്ണജൂബിലി ആഘോഷം ഇന്ന്

അവിഭക്ത തൃശ്ശൂര്‍ രൂപതയുടെ പ്രസ്ബിറ്ററല്‍ – പാസ്റ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണ്ണജൂബിലി ആഘോഷം ഇന്ന് രാവിലെ 9.30 മുതല്‍ 3.30 വരെ തൃശ്ശൂര്‍ ഡി. ബി. സി. എല്‍. സി. ഹാളില്‍ നടക്കും.

1887-ല്‍ സ്ഥാപിതമായ കേരളത്തിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ തൃശ്ശൂര്‍ രൂപതയില്‍ 1968-ലാണ് പ്രസ്ബിറ്ററല്‍ – പാസ്റ്ററല്‍ കൗണ്‍സിലുകള്‍ നിലവില്‍ വന്നത്. തൃശ്ശൂര്‍ രൂപതയെ വിഭജിച്ച് 1974-ല്‍ പാലക്കാട് രൂപതയും 1978-ല്‍ ഇരിങ്ങാലക്കുട രൂപതയും 2010-ല്‍ രാമനാഥപുരം രൂപതയും സ്ഥാപിതമായപ്പോള്‍ പ്രസ്തുത രൂപതകള്‍ക്ക് തനതായ പാസ്റ്ററല്‍ – പ്രസ്ബിറ്ററല്‍ കൗണ്‍സിലുകള്‍ രൂപംകൊണ്ടു.

തൃശ്ശൂര്‍ മെത്രാപ്പോലീത്തന്‍ പ്രോവിന്‍സിലെ എല്ലാ രൂപതകളിലെയും പാസ്റ്ററല്‍  – പ്രസ്ബിറ്ററല്‍ കൗണ്‍സിലുകള്‍ സംയുക്തമായാണ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത്. രാവിലെ 9.30-ന് ആരംഭിക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷം, തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട്, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും.

അവിഭക്ത തൃശ്ശൂര്‍ രൂപതയുടെ റിപ്പോര്‍ട്ട്, രൂപതാ ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ അവതരിപ്പിക്കും. രൂപതാസ്ഥാപനത്തിനു ശേഷമുള്ള വിവിധ രൂപതകളുടെ റിപ്പോര്‍ട്ടുകള്‍ സിറിയക് ടി. കെ., ഡെന്നി തെങ്ങുംപള്ളി, ദീപക് ജോസഫ്, ഡോ. മേരി റെജീന എന്നിവര്‍ അവതരിപ്പിക്കും.

തുടര്‍ന്നു നടക്കുന്ന പൊതുചര്‍ച്ചയില്‍ തൃശ്ശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, രാമനാഥപുരം രൂപതകളില്‍ നിന്നുള്ള പ്രസ്ബിറ്ററല്‍ – പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ആശയങ്ങള്‍ പങ്കുവയ്ക്കും.