ദൈവത്തിന്റെ വിളി സ്വീകരിച്ച് സന്യാസത്തിന്റെ പാത പുൽകിയ അഞ്ച് സഹോദരിമാർ: ഇത് പുണ്യപ്പെട്ട ഒരു കുടുംബത്തിന്റെ കഥ

രണ്ടു വർഷത്തിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചു സഹോദരിമാരും സമർപ്പണജീവിതത്തിലേക്ക്…

രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളുമുള്ള സ്‌പെയിനിലെ ഒരു കത്തോലിക്കാ കുടുംബം. അതിൽ ആ അഞ്ചു പെൺമക്കളും സന്യാസജീവിതത്തിലേക്കു പ്രവേശിച്ചാലോ? വിപ്ലവകരമായ ദൈവവിളിയുടെ കഥയാണ് ഈ അഞ്ച് സഹോദരിമാർക്കും പറയാനുള്ളത്.

രണ്ടു വർഷത്തിനിടയിൽ ഈ അഞ്ചു സഹോദരിമാർക്കും ദൈവവിളി ഉണ്ടാകുക എന്നത് ഏവരെയും വിസ്മയിപ്പിച്ച ഒരു കാര്യമായിരുന്നു. ഇതിനെക്കുറിച്ച് സഹോദരിമാരിൽ ഏറ്റവും ഇളയവളായ സി. അമാഡാ ഡേ ജീസസ് പറയുന്നു: “ജോർദ്ദാൻ ആയിരുന്നു ആദ്യം ദൈവവിളി സ്വീകരിച്ചത്. അത് എല്ലാവർക്കും ഒരു വിപ്ലവം പോലെയായിരുന്നു തോന്നിയത്. പക്ഷേ, അതിനടുത്ത വർഷം അതിനൊരു തുടർച്ചയുണ്ടാകുമെന്ന് ഞങ്ങളാരും കരുതിയതുമില്ല. അടുത്ത വർഷം മറ്റൊരു സഹോദരിയായ ഫ്രഞ്ചും ഞാനും മഠത്തിൽ ചേർന്നു. പിന്നീട് രണ്ടു മാസത്തിനു ശേഷം ഞങ്ങളുടെ ഏറ്റവും മൂത്ത ചേച്ചിയായ റൂത്ത് മരിയയും ദൈവവിളി സ്വീകരിച്ചു.”

ഇതിലെ ഏറ്റവും അത്ഭുതകരമായ കാര്യമായി സി. അമാഡ പറയുന്നത്, തങ്ങളുടെ ഈ ആഗ്രഹത്തെക്കുറിച്ച് ഒരിക്കൽപ്പോലും പരസ്പരം സംസാരിച്ചിട്ടില്ല എന്നുള്ളതാണ്. “ഞങ്ങളുടെയുള്ളിൽ ഉരുത്തിരിഞ്ഞ ഈ ദാഹത്തെക്കുറിച്ച് ഒരിക്കൽപ്പോലും ഞങ്ങൾ പരസ്പരം അറിഞ്ഞിരുന്നില്ല. പക്ഷേ ഞങ്ങളുടെയെല്ലാം ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. ബാക്കിയുള്ള ഒരേയൊരു സഹോദരിയായ നസ്രേത്തിനെ കൂടി ദൈവം വിളിക്കുമോ എന്ന്. ഒടുവിൽ അതു തന്നെ സംഭവിച്ചു. നസ്രെത്തും തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. പക്ഷേ, വീട്ടിൽ ഇത് അറിയുമ്പോൾ എന്തു സംഭവിക്കുമെന്നും അവൾ ചിന്തിച്ചു.”

എന്നാൽ ആറു മാസത്തിനു ശേഷം നസ്രേത്തും മഠത്തിൽ പ്രവേശിച്ചു. 2010 -ൽ സ്‌പെയിനിൽ സ്ഥാപിതമായ ഈസു കമ്മ്യൂണിറ്റിയിൽ ആണ് ഈ അഞ്ചു പേരും ചേർന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

“ദൈവത്തിന് അവന്റെ പദ്ധതികളുണ്ട്. അവിടുത്തേക്കു മാത്രമേ ഓരോന്നിന്റെയും സമയവും സ്ഥലവും അറിയുകയുള്ളൂ. എന്നാൽ അതിനെക്കുറിച്ച് നമുക്ക് ഒരേയൊരു കാര്യമേ പറയാൻ കഴിയൂ. ആർദ്രതയുടെയും കാരുണ്യത്തിന്റെയും സമാനതകളില്ലാത്ത നിമിഷമെന്ന്” – സിസ്റ്റർ പറയുന്നു.

കുട്ടിക്കാലത്ത് ദൈവവുമായി വളരെ ലളിതമായ അടുപ്പം മാത്രമുണ്ടായിരുന്ന സി. അമാഡായ്ക്ക്, തന്റെ ദൈവവിളി തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ ലഭിച്ച ആത്മീയസന്തോഷം ഇപ്പോഴും വിസ്മരിക്കാൻ സാധിക്കില്ല. തനിക്കുള്ള വിളി ഒരു ഭാര്യയും അമ്മയും ആകുക എന്നതായിരുന്നു എന്നാണ് സിസ്റ്റർ ആദ്യം കരുതിയിരുന്നത്. പക്ഷേ തനിക്ക് ലഭിച്ച വിളി ദൈവത്തിനു മുമ്പിൽ സമർപ്പിച്ച സിസ്റ്റർ, ഒരിക്കലും തന്നെ ഉപേക്ഷിക്കരുതെന്ന് അവിടുത്തോട് ആവശ്യപ്പെട്ടു. പിന്നീട് തന്റെ ഇടവക ദൈവാലയത്തിൽ ഈസു കമ്മ്യൂണിറ്റി നടത്തിയ മീറ്റിംഗുകളിൽ വച്ച് തന്റെ സന്തോഷവും പ്രതീക്ഷയും സന്യാസജീവിതമാണെന്ന് ഉറപ്പിച്ചു.

വൈകല്യമുള്ളവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്ന ഇവർ ഈസു കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ്. “യേശുവുമായി പ്രണയത്തിലായി എന്നറിഞ്ഞ നിമിഷം മുതൽ ഞാൻ അമ്മയോട് സംസാരിച്ചു. കാരണം അത് ശരിക്കുമുള്ളതാണോ അതോ എന്റെ മനസ്സിന്റെ തോന്നലാണോ എന്ന് എനിക്കറിയണമായിരുന്നു. എന്നാൽ 13 വർഷങ്ങൾക്കിപ്പുറം ഞാൻ ഉറപ്പിച്ചുപറയുന്നു, ഇത് മൂല്യവത്തായ ഒരു ജീവിതമാണ്. ഇത് മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാവാത്തതാണ്. സമർപ്പണത്തിന്റെ സമ്മാനം സമാനതകളില്ലാത്തതാണ്. അവിടുന്ന് എന്നെ സ്നേഹിക്കുന്നു. ഞാനും അവിടുത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു” – സി. അമാഡാ പറയുന്നു.

തങ്ങൾക്ക് ലഭിച്ച ദൈവത്തിന്റെ വിളിയിൽ പൂർണ്ണസംതൃപ്തരായ ഈ അഞ്ചു സഹോദരിമാരും തങ്ങളുടെ എല്ലാ ശുശ്രൂഷകളും ദൈവസ്നേഹത്തെപ്രതി പൂർത്തീകരിക്കുകയാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.