കമ്പ്യൂട്ടർ സയൻസിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ വനിത ഒരു സന്യാസിനിയായിരുന്നു

സന്യാസിനികൾ അടഞ്ഞ ലോകത്തിൽ ജീവിക്കുന്നവരാണെന്നും സ്വാതന്ത്ര്യം ഇല്ലാത്തവരാണെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. എന്നാൽ ഇവർക്കൊക്കെ അറിയാത്ത ഒരു കാര്യമുണ്ട്. ലോകത്തിൽ ആദ്യമായി കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയത് ഒരു സന്യാസിനിയായിരുന്നു എന്നത്. സി. മേരി കെന്നെത്ത് കെല്ലർ ആയിരുന്നു ആ സന്യാസിനി. ലോകത്തെ മുഴുവൻ അതിശയിപ്പിച്ചുകൊണ്ട് ഈ നേട്ടം വരിച്ച സിസ്റ്റർ, കമ്പ്യൂട്ടർ വിദ്യാഭ്യാസം നേടുവാനും ആ മേഖലയിലേയ്ക്ക് വളർന്നുവരുവാനും അനേകം സ്ത്രീകളെ പ്രചോദിപ്പിച്ചു. ഈ സന്യാസിനിയുടെ ജീവിതം അറിയാം…

1914-ൽ ഓഹിയോയിൽ ആണ് മേരി കെന്നെത്ത് കെല്ലർ ജനിക്കുന്നത്. ആഴമായ ദൈവവിശ്വാസത്തിൽ വളർന്നുവന്ന ആ പെൺകുട്ടി ദൈവവിളിയുടെ പാതയിൽ മുന്നോട്ടുനീങ്ങി. 1932-ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിൽ പ്രവേശിച്ച ഇവർ 1940-ൽ സന്യാസിനിയായി. ശേഷം ഡിപോൾ സർവകലാശാലയിൽ നിന്നും ബി.എസ്. മാത്തമാറ്റിക്സും എം.എസ്. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും നേടിയെടുത്തു. 1960-കളിൽ സിസ്റ്റർ കെല്ലർ വിസ്കോൺസിൻ സർവ്വകലാശാലയിൽ പഠിച്ചു. തുടർന്ന് പർഡ്യൂ, മിഷിഗൺ സർവ്വകലാശാല, ഡാർട്ട്മൗത്ത് കോളേജ് എന്നിവിടങ്ങളിൽ തുടർപഠനം നടത്തി.

1958-ൽ ഡാർട്ട്മൗത്ത് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ കമ്പ്യൂട്ടർ സയൻസ് സെന്ററിൽ സി. മേരി ജോലി ചെയ്യുവാൻ തുടങ്ങി. മുൻകാലങ്ങളിൽ ഇവിടെ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. അത് സി. മേരിയുടെ ഗവേഷണങ്ങളെ കൂടുതൽ എളുപ്പമാക്കി. ഇവിടെ ജോലി ചെയ്‌തിരുന്ന സമയം കമ്പ്യൂട്ടർ ഭാഷ – ബേസിക് വികസിപ്പിച്ചെടുക്കുവാൻ സിസ്റ്ററിനും സംഘത്തിനും കഴിഞ്ഞു. അങ്ങനെ ബേസിക് എന്ന പ്രോഗ്രാമിങ് ലാംഗ്വേജിന്റെ കോ-ഫൗണ്ടറായി മാറി ഈ സന്യാസിനി. കൂടാതെ, ഈ കണ്ടുപിടിത്തത്തിലൂടെ കൂടുതൽ ആളുകൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുവാൻ കഴിയും എന്ന മേന്മയും സമ്മാനിച്ചു.

1965-ൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായി സി. മേരി. അതിനുശേഷം സിസ്റ്റർ, അയോവയിലെ ക്ലാർക്ക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം സ്ഥാപിച്ചു. 20 വർഷത്തോളം ആ ഡിപ്പാർട്ട്മെന്റിനെ മുന്നോട്ടു നയിച്ചത് സി. മേരി ആയിരുന്നു. തുടർന്നുള്ള ജീവിതത്തിലൊക്കെയും അധ്യാപികയായി അനേകര്‍ക്ക് കമ്പ്യൂട്ടർ പഠിക്കുവാൻ പ്രചോദനമായി അവർ നിലകൊണ്ടു; പ്രത്യേകിച്ച്, സ്ത്രീകൾക്ക്.

അന്നത്തെ കാലത്ത് സ്ത്രീകൾ അധികം കടന്നുവരാത്ത ഒരു മേഖലയായിരുന്നു ഇത്. ആ പ്രവണത മാറ്റുവാൻ സിസ്റ്റർ മേരിക്ക് കഴിഞ്ഞു. അങ്ങനെ വികസനങ്ങളുടെ, പുരോഗതിയുടെ ചരിത്രത്തിൽ തന്റേതായ ഒരു ഇടം സ്ഥാപിക്കുവാൻ ഈ സന്യാസിനിക്കു കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.