അമേരിക്കയിൽ ജനിച്ച ആദ്യ വിശുദ്ധ: വി. ഇസബെൽ അന ബെയ്‌ലി

അമേരിക്കയിൽ ജനിച്ച ആദ്യത്തെ വിശുദ്ധയായ, വി. ഇസബെൽ ബെയ്‌ലിയുടെ തിരുനാൾ ഇന്നാണ് സഭയിൽ ആഘോഷിക്കുന്നത്. വിധവയായി ജീവിച്ച ഈ വിശുദ്ധ, കത്തോലിക്കാ സ്കൂളുകളുടെയും വിധവകളുടെയും അപകടത്തിൽപ്പെടുന്ന കുട്ടികളുടെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നു. ഇവരുടെ ജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം.

1774 ആഗസ്റ്റ് 28-ന് ന്യൂയോർക്കിലാണ് ഇസബെൽ ജനിച്ചത്. മാതാപിതാക്കളായ ഡോ. റിച്ചാർഡ് ബെയ്‌ലിയും ഭാര്യ കാതറിൻ ചാൾട്ടണും ആംഗ്ലിക്കൻ വംശജരും കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങളുമായിരുന്നു. ഇരുപതാമത്തെ വയസ്സിൽ, മാഗി സെറ്റൺ എന്ന പ്രശസ്ത ബിസിനസുകാരനെ ഇസബെൽ കണ്ടുമുട്ടി. കുറച്ചുനാളത്തെ പ്രണയത്തിനുശേഷം ഇവർ വിവാഹം കഴിക്കുകയും അവർക്ക് അഞ്ച് മക്കളുണ്ടാവുകയും ചെയ്തു.

1803 ഡിസംബർ 27-ന് ക്ഷയരോഗം മൂലം ഭർത്താവ് മരണമടഞ്ഞു. ഈ വിഷമകരമായ അവസ്ഥയിൽ അവൾ ഇറ്റാലിയൻ കത്തോലിക്കാ കുടുംബമായ ഫെലിച്ചി കുടുംബത്തിലായിരുന്നു. അവിടെ നിന്നും കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് അവൾ മനസിലാക്കുകയും അതിൽ ആകൃഷ്ടയാവുകയും ചെയ്തു. കാരണം, ഫെലിച്ചി കുടുംബത്തിന്റെ ദൈവവിശ്വാസവും സ്നേഹവും അവളുടെ ഹൃദയത്തെ സ്പർശിച്ചിരുന്നു. അങ്ങനെ വിശ്വാസത്തെക്കുറിച്ച് കൂടുതലായി അറിയാൻ അവൾ തീരുമാനിച്ചു.

1805 മാർച്ച് 14-ന് ഇസബെൽ കത്തോലിക്കയാകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് കാര്യങ്ങളാണ് കത്തോലിക്കാ സഭയിലേയ്ക്ക് അവളെ കൂടുതൽ ആകർഷിച്ചത്. വിശുദ്ധ കുർബാനയിലുള്ള ദൈവത്തിന്റെ ജീവനുള്ള സാന്നിധ്യവും പരിശുദ്ധ അമ്മയും.

എന്നാൽ തിരികെ ന്യൂയോർക്കിൽ എത്തിയപ്പോൾ, കത്തോലിക്കയായി തീർന്നതിന്റെ പേരിൽ അവളുടെ കുടുംബം അവളെ തെറ്റിദ്ധരിച്ചു. അപ്പോഴും അവൾ ഭയപ്പെട്ടില്ല. ഒരു സന്നദ്ധപ്രവർത്തകയായി അവൾ ജീവിച്ചു. ദുരിതം അനുഭവിക്കുന്നവരോടുള്ള അവളുടെ പ്രതിബദ്ധത ഒരു സന്യാസിനീ സമൂഹം തുടരുവാൻ അവൾക്കു പ്രേരണയായി. അങ്ങനെ 1809-ൽ, ബാൾട്ടിമോറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോസഫ് എന്ന സന്യാസിനീ സഭ ആരംഭിച്ചു. വടക്കേ അമേരിക്കയിൽ സ്ഥാപിതമായ ആദ്യത്തെ സന്യാസിനീ സഭയാണിത്. ആദ്യത്തെ കത്തോലിക്കാ സ്കൂളും ഇസബെൽ സ്ഥാപിച്ചു.

ഇസബെൽ അന ബെയ്‌ലി സെറ്റൺ 1821 ജനുവരി 4-ന് മേരിലാൻഡിൽ വച്ച് അന്തരിച്ചു. 1975 സെപ്റ്റംബർ 14-ന് വി. പോൾ ആറാമൻ പാപ്പാ ഇസബേലിനെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.