“ഈ മെഡൽ ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു”: ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ആദ്യ ഇക്വഡോർ വനിത

ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ആദ്യ ഇക്വഡോർ വനിതയാണ് നീസി ഡാജോംസ്. ടോക്കിയോയിലെ ഒളിമ്പിക് ഗെയിംസിൽ 76 കിലോഗ്രാം വിഭാഗത്തിൽ ഭാരോദ്വഹന കായികയിനമായ വെയ്റ്റ് ലിഫ്റ്റിംഗിൽ ആണ് 23 -കാരിയായ നീസി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. താൻ നേടിയ സ്വർണ്ണ മെഡലിന് നീസി നന്ദി പറയുന്നത് ദൈവത്തോടാണ്.

ഇക്വഡോറിലേക്ക് സ്വർണ്ണ മെഡൽ എത്തിച്ച അഭിമാന നിമിഷത്തിന് ഇക്വഡോർ ബിഷപ്പുമാർ ട്വിറ്ററിൽ നീസിക്ക് അഭിനന്ദനം അർപ്പിച്ചു. മാത്രമല്ല, സ്വർണ്ണ മെഡൽ നേടിയ മൂന്നാമത്തെ അത്ലറ്റാണ് നീസി.

ഇക്വഡോർ ഒളിമ്പിക് കമ്മിറ്റിയുടെ മുമ്പാകെ തന്റെ വിജയത്തെക്കുറിച്ച് സംസാരിച്ച നീസിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: “വളരെയേറെ വേദനയുടെ നാളുകളിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ അമ്മയെയും അടുത്തിടെ എന്റെ സഹോദരനെയും നഷ്ടപ്പെട്ടു. എന്റെ നേട്ടങ്ങളെല്ലാം അവരുടെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു. ഈ മെഡൽ എനിക്ക് നൽകിയ ദൈവത്തിന് നന്ദി.”

“എന്റെ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടത് ദൈവം എന്നെ ഇവിടെ എത്തിക്കാൻ നടത്തിയ പരീക്ഷണങ്ങളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു” – ഇക്വഡോർ പത്രമായ ‘എൽ കോമേർസിയോ’യിൽ ഉദ്ധരിച്ച മറ്റ് പ്രസ്താവനകളിൽ നീസി പറയുന്നത് ഇപ്രകാരമാണ്. അവാർഡ് ദാനച്ചടങ്ങിൽ അമ്മയുടെയും സഹോദരന്റെയും പേരുകൾ തന്റെ ഇടതുകൈയിൽ നീസി എഴുതിവച്ചിരുന്നു. അത് കാണികളെ ഉയർത്തിക്കാട്ടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.