വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ നവവധു

22-ാം വയസ്സിൽ റോഡപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയായ സാന്ദ്ര സബാറ്റിനി എന്ന യുവതിയെ ഒക്ടോബർ 24 -ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. ഉപവി പ്രവർത്തനങ്ങൾ കൊണ്ടും പ്രാർത്ഥനാജീവിതം കൊണ്ടും ഈ യുവതി പാവപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നു. അവളുടെ വലിയ സ്വപ്‍നമായിരുന്നു ആഫ്രിക്കയിൽ പോയി സേവനം ചെയ്യണം എന്നുള്ളത്. പക്ഷേ, വിവാഹം ഉറപ്പിച്ചിരുന്ന വേളയിൽ ഈ യുവതി കാറപകടത്തിൽ മരണപ്പെട്ടു.

സാന്ദ്ര സബാറ്റിനി ഇറ്റാലിയൻ പട്ടണമായ റിക്കിയോണിൽ 1961 ആഗസ്റ്റ് 19 -ന് ജനിച്ചു. റിമിനിയിലെ മിസാനോ അഡ്രിയാറ്റിക്കോ മുനിസിപ്പാലിറ്റിയിൽ തന്റെ കുട്ടിക്കാലം ചെലവഴിച്ചു. പിന്നീട്, ഇവരുടെ കുടുംബം സാൻ ഗിറോളാമോയുടെ റെക്ടറിയിലേക്കു മാറി.

വൈദ്യശാസ്ത്രത്തിൽ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച അവൾ ഒഴിവുസമയങ്ങളും അവധിക്കാലവും രോഗികളെ ശുശ്രൂഷിക്കുന്നതിനായി വിനിയോഗിച്ചു. അവൾ എപ്പോഴും പ്രാർത്ഥനയുടെ ഒരു ജീവിതം നയിച്ചു. ജപമാലയും ദൈവവചന ധ്യാനവും, എല്ലാ ദിവസവും അതിരാവിലെ 12 മുതൽ ഒരു മണി വരെ ദിവസത്തിന്റെ ആദ്യ മണിക്കൂർ പ്രാർത്ഥിക്കുന്ന പതിവും സാന്ദ്രയ്ക്ക് ഉണ്ടായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ ഗിഡോ റോസിയെ കണ്ടു. ആഫ്രിക്കയിലേക്ക് പോകുക എന്ന തന്റെ സ്വപ്നം അദ്ദേഹവുമായി അവൾ പങ്കുവയ്ക്കുമായിരുന്നു. 1984 ഏപ്രിൽ 29 -ന് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ഗിഡോയുടെ വാഹനത്തിൽ നിന്ന് ഇറങ്ങിയ അവൾ മറ്റൊരു വാഹനമിടിച്ച് മരിച്ചു. അവൾ റോഡ് മുറിച്ചുകടക്കാൻ കാത്തു നിൽക്കുമ്പോൾ എതിർദിശയിൽ സഞ്ചരിച്ച ഒരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയ അവർ മെയ് രണ്ടിന് മരിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.