വിശുദ്ധയായി ഉയർത്തപ്പെട്ട ആദ്യ അമേരിക്കൻ സന്യാസിനി വി. എലിസബത്ത് ആൻസെറ്റൺ

1774 ആഗസ്റ്റ്‌ 28 -ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും അമ്മയും, കൂടാതെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപകയുമായ വി. ആന്‍ എലിസബത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ ‘കൊളംബിയ യൂണിവേഴ്സിറ്റി’ എന്ന് അറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ പ്രഗത്ഭനായ ഒരു ഡോക്ടറും അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസറുമായിരുന്നു ആന്‍ എലിസബത്തിന്റെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാവിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്നു വന്നത്. നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ പാവങ്ങളോട് കരുണയുള്ളവളായിരുന്നു അവള്‍.

1794 -ല്‍ വില്യം സെറ്റണ്‍ എന്ന വ്യക്തിയുമായി ആന്‍ എലിസബത്തിന്റെ വിവാഹം നടന്നു. ഈ വിവാഹത്തില്‍ അവര്‍ക്ക് അഞ്ച് മക്കളുണ്ടായി.

വില്യം അസുഖബാധിതനായതിനെ തുടർന്ന് അവർ സാമ്പത്തിക ഞെരുക്കത്തിൽ ആവുകയും അങ്ങനെ അവര്‍ 1803 -ല്‍ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോര്‍ണോ എന്ന ഇറ്റലിക്കാരന്റെ അടുക്കലേക്ക് പോവുകയും ചെയ്തു. അവര്‍ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോള്‍ വില്യം മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആറു മാസത്തിനു ശേഷം ആൻ എലിസബത്ത് ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവള്‍ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് അവളുടെ, എപ്പിസ്കോപ്പല്‍ സഭയില്‍പെട്ട കൂട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്നിരുന്നാലും 1805 മാര്‍ച്ച് 4 -ന് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാള്‍ട്ടിമോറിലെ സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍, ആ നഗരത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങാന്‍ ക്ഷണിക്കുകയുണ്ടായി. അങ്ങനെ സ്ഥാപിക്കപ്പെട്ട സ്കൂള്‍ വളര്‍ന്നു വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടു കൂടി സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ എലിസബത്തിനും അവളുടെ സഹായികള്‍ക്കും സന്യാസജീവിതം അനുവദിച്ചു. കൂടാതെ സന്യാസവ്രതവും ആശ്രമവസ്ത്രങ്ങളും അനുവദിച്ചു.

1809 -ല്‍ വിശുദ്ധ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്‌സ്ബര്‍ഗിലേക്കു മാറി. അവിടെ അവര്‍ വി. വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ‘കരുണയുടെ സഹോദരിമാര്‍’ (Sisters of Charity) എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നു. എന്നിരുന്നാലും പാവങ്ങള്‍ക്ക്, പ്രത്യേകിച്ച് നീഗ്രോ വംശജര്‍ക്കു വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവള്‍ ഉപേക്ഷിച്ചിരുന്നില്ല. പൊതുവിഷയങ്ങള്‍ക്കു പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാസ്കൂള്‍ – American Parochial School സമ്പ്രദായത്തിന് അടിത്തറയിട്ടത് വിശുദ്ധയാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും സ്കൂളുകളില്‍ ഉപയോഗിക്കാനായി ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക്‌ സിറ്റിയിലും ഫിലാഡെല്‍ഫിയായിലും ധാരാളം അനാഥാലയങ്ങളും വിശുദ്ധ സ്ഥാപിച്ചു.

1821 ജനുവരി 4 -ന് എമ്മിറ്റ്‌സ്ബര്‍ഗില്‍ വച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. 1963 -ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ അവളെ വിശുദ്ധ പദവിക്കായി നാമനിര്‍ദ്ദേശം ചെയ്യുകയും 1975 -ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ എലിസബത്ത് ആന്‍സെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.