ശുദ്ധതയുടെ, അഭിഷേകത്തിന്റെ അഗ്നി

ജിന്‍സി സന്തോഷ്‌

“ഒരു മുൾപ്പടർപ്പിന്റെ മദ്ധ്യത്തിൽ നിന്നു ജ്വലിച്ചുയർന്ന അഗ്നിയിൽ കർത്താവിന്റെ ദൂതൻ അവനു പ്രത്യക്ഷപ്പെട്ടു. മുൾപ്പടർപ്പ് കത്തിജ്ജ്വലിക്കുകയായിരുന്നു. എങ്കിലും അത് എരിഞ്ഞു ചാമ്പലായിരുന്നില്ല” (പുറ. 3:2).

മിദിയാനിൽ താമസിക്കുമ്പോൾ, മരുഭൂമിയുടെ മറുഭാഗത്തേയ്ക്ക് ആടുകളെ നയിക്കവേ മോശ ദൈവത്തിന്റെ മലയായ ഹോറെബിൽ എത്തിച്ചേർന്നു.

മിദിയാൻ:- സത്യദൈവത്തെ അറിയാത്ത, ആരാധിക്കാത്ത ഇടം. നാല്പതു വർഷത്തെ അടിമവേലയുടെയും തകർക്കപ്പെടലിന്റെയും ഒടുവിൽ മോശ ദൈവത്തിന്റെ മലയായ ഹോറെബിൽ എത്തി. അവിടെ വച്ച് അവൻ ആ കാഴ്ച്ച കണ്ടു. കത്തിജ്ജ്വലിക്കുന്ന ഒരു മുൾപ്പടർപ്പ്. ഒപ്പം തന്റെ ദൈവത്തിന്റെ സ്വരവും സാന്നിധ്യവും.

എല്ലായിടത്തും നിനക്ക് ദൈവത്തെ കാണാൻ സാധിക്കണമെന്നില്ല. എല്ലായിടത്തും നിനക്ക് ദൈവത്തെ കേൾക്കാൻ സാധിക്കണമെന്നില്ല. അതിന് ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളിൽ എത്തണം. എല്ലായിടത്തും ദൈവമുണ്ട്. എന്നാൽ, എല്ലായിടവും ദൈവികമല്ല.

മിദിയാനിൽ ആയിരിക്കുമ്പോൾ കാണാത്ത കാഴ്ച്ച ഹോറെബിൽ വച്ച് നീ കാണും. മിദിയാനിൽ ആയിരിക്കുമ്പോൾ കേൾക്കാത്ത സ്വരം ഹോറെബിൽ വച്ച് നീ കേൾക്കും. ദൈവത്തെ കേൾക്കാൻ നീ നിന്നെത്തന്നെ ശാന്തമാക്കി ഏകാഗ്രതയിൽ ദൈവികസാന്നിധ്യ ഇടങ്ങളിൽ കാതോർക്കണം. ദൈവസാന്നിധ്യത്തിന്റെ തുരുത്തുക്കൾ സ്വച്ഛതയുടെ തീരങ്ങളാണെന്ന് തിരിച്ചറിയുക. ഞാനും നീയുമൊക്കെ ഒരു മുൾപ്പടർപ്പാണ്. കോപം, അസൂയ, അഹങ്കാരം, ലോകമോഹങ്ങൾ എന്നിങ്ങനെയുള്ള മുള്ളുകൾ നിറഞ്ഞ ഒരു മുൾപ്പടർപ്പ്. ഈ മുൾപ്പടർപ്പിന്റെ മേൽ ദൈവത്തിന്റെ തീ ഇറങ്ങണം. ശുദ്ധിയുടെ, അഭിഷേകത്തിന്റെ തീ.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.