യേശുവിന്റെ അമൂല്യമായ തിരുരക്തത്തിന്റെ തിരുനാള്‍

ഒലിവുതോട്ടത്തിലെ പാറകളെ രക്തത്തില്‍ കുതിര്‍ത്ത അവിടുത്തെ രക്തം, വിയര്‍പ്പ് മനുഷ്യരക്ഷയുടെ ആദ്യ മുകുളമായി. ക്രൂശില്‍ രക്തം ചൊരിഞ്ഞത് മനുഷ്യരാശിയുടെ രക്ഷയ്ക്കായിരുന്നു. ഈ സ്മരണയില്‍ ജൂലൈ ഒന്നിന്, സഭ നമ്മുടെ കര്‍ത്താവായ യേശുവിന്റെ ഏറ്റവും വിലയേറിയ രക്തത്തിന്റെ തിരുനാള്‍ ഒലിവുമലയുടെ ചുവട്ടിലുള്ള ഗെത്‌സമേനിയിലെ ബസിലിക്കയില്‍ ആഘോഷിച്ചു. വിശുദ്ധനാട്ടിലെ കസ്റ്റോഡിയന്‍ ഫ്രാന്‍ചെസ്‌കോ പാറ്റണ്‍ ദിവ്യബലിക്ക് നേതൃത്വം വഹിച്ചു.

ഫ്രാന്‍ചെസ്‌കോ പാറ്റണ്‍ തന്റെ വചനസന്ദേശത്തില്‍ പറഞ്ഞു: ‘ഇവിടെ (ഗത്സമേനിയില്‍) ഈ പാറയില്‍ ഏതാനും തുള്ളി രക്തവും വിയര്‍പ്പും പതിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം കാല്‍വരിയില്‍ യേശു തനിക്കുള്ളതെല്ലാം, തന്റെ രക്തത്തിന്റെ അവസാനതുള്ളി വരെയും നല്‍കും.’ നമ്മുടെ രക്ഷയ്ക്കായി തന്റെ ജീവിതം മുഴുവന്‍ നമുക്ക് ദാനമായി അവിടുന്ന് നല്‍കിയതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

റോമന്‍ ആരാധനക്രമത്തില്‍, കോര്‍പ്പൂസ് ക്രിസ്റ്റി തിരുനാളിനു ശേഷം, ജൂലൈ മാസം മുഴുവന്‍ യേശുവിന്റെ അമൂല്യമായ രക്തത്തിന്റെ ഭക്തിക്കായി നീക്കിവച്ചിരിക്കുന്നു. ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, യേശുവിന്റെ ഗത്സമേനിയിലെ വ്യാകുലത്തിന്റെ സമയത്ത് അവിടുത്തെ രക്തത്തുള്ളികള്‍ വിയര്‍ത്തൊഴുകി ഈ പാറകളെ കുതിര്‍ത്തു എന്നതിന്റെ പ്രതീകമായി ഓരോ വര്‍ഷവും ചുവന്ന റോസാപ്പൂവിന്റെ ദളങ്ങള്‍ പാറയില്‍ വിതറുന്നു. ഇത് അവിടുത്തെ ദേഹത്ത് നിന്നൊഴുകിയിറങ്ങിയ രക്തത്തുള്ളികള്‍ പോലെ കാണപ്പെടുന്നു. അദ്ദേഹം തുടരുന്നു… ഈ സ്ഥലത്തേക്ക് കടന്നുവരിക എന്നാല്‍, യേശു ചെയ്തതുപോലെ ചെയ്യുക എന്നാണ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ ഹിതത്തെ പിതൃഹിതത്തോട് ചേര്‍ത്തുനിര്‍ത്തുന്നതു വഴി നമ്മുടെ ജീവന്‍ നല്‍കാന്‍ തയ്യാറാകുക. ഈ ബലി പ്രകടമാവുക കുരിശിലല്ല. മറിച്ച്, നമ്മുടെ ദൈനംദിന ജീവിതാനുഭവങ്ങളിലായിരിക്കും.

യേശു നിലവിളിച്ചു പ്രാര്‍ത്ഥിച്ച സ്ഥലത്ത്: ‘പിതാവേ, അങ്ങ് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് എടുക്കുക. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.’ ദൈവികമായ യുക്തി ലോകത്തിന്റെ യുക്തിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് കര്‍ത്താവായ യേശു നമ്മെപഠിപ്പിക്കുന്നു! നമുക്ക് ലോകത്തെ മറികടക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, ദൈവം പ്രത്യുത്തരം നല്‍കും. വിശുദ്ധിയും അനശ്വരതയുമായ ദെവത്തിനു മുമ്പില്‍,  മുഴുവന്‍ ലോകപാപങ്ങള്‍ക്കും വേണ്ടി കുറവുകളില്ലാത്ത ഒരു യാഗം അനിവാര്യമായിരുന്നു. ആ യാഗമായിരുന്നു ദൈവത്തിന്റെ കുഞ്ഞാടും അവന്റെ അമൂല്യമായ തിരുരക്തവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.