വിശുദ്ധ കുരിശിനാൽ പണിയപ്പെട്ട സഭ

  സി. സൗമ്യ DSHJ

  വിശുദ്ധ കുരിശ്. ക്രൈസ്തവന് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി കാണിച്ചു കൊടുക്കുവാൻ ദൈവപുത്രൻ ഒരുക്കിയ വഴിയായിരുന്നു കുരിശ്. പിതാവിന്റെ ഹിതത്തിന് പൂർണ്ണമായും സമർപ്പിച്ചുകൊണ്ട് തനിക്കായി നൽകപ്പെട്ട മനുഷ്യരുടെ രക്ഷയ്ക്കായി കുരിശിൽ മൂന്നാണികളിൽ തറയ്ക്കപ്പെട്ടപ്പോൾ അതുവരെ അപഹാസ്യത്തിന്റെയും കളിയാക്കലിന്റെയും അപമാനത്തിന്റെയും അടയാളമായിരുന്ന കുരിശ് മഹത്വത്തിന്റെ പ്രതീകമായി തീർന്നു.

  കോൺസ്റ്റന്‍ന്റയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലനാ രാജ്ഞിയാണ് ഈശോയുടെ അത്ഭുതകുരിശ് തിരിച്ചറിയുന്നത്. അതുവഴിയായി കത്തോലിക്കാ സഭയിൽ പുതിയൊരു മാറ്റത്തിന്റെ കാറ്റ് വീശി. ക്രിസ്തീയവിശ്വാസത്തിന്റെ വലിയ അടയാളമായ കുരിശ് ജെറുസലേമിൽ നിന്നാണ് കണ്ടെടുത്തത്.

  നമ്മുടെ വ്യക്തിജീവിതത്തിൽ ഈശോയുടെ കുരിശിന് വളരെയേറെ പ്രാധാന്യമുണ്ട്. നമ്മിലെ ഈശോയെ മാറ്റിവച്ചു കൊണ്ട് എളിമയുടെ പാത പിഞ്ചെല്ലുവാനുള്ള വലിയ ഒരു ആഹ്വാനമാണ് കുരിശ് നമുക്ക് നൽകുന്നത്. സെപ്റ്റംബര്‍ 14-നാണ് വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ഈ തിരുനാൾ ദിനം വിശുദ്ധ കുരിശ് കണ്ടെത്തിയ അത്ഭുതവഴികളിലൂടെ നമുക്കൊന്നു കടന്നുപോകാം…

  ഹെലനാ രാജ്ഞി കുരിശ് കണ്ടെത്തുന്നു
   
  റോമിലെ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്‍ന്റയിന്റെ അമ്മയായ ഹെലനാ രാജ്ഞി ക്രിസ്ത്യാനിയായി മതം മാറിയ വ്യക്തിയാണ്. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച അവർ, ഈശോയുടെ കുരിശുമരണം നടന്ന സ്ഥലം കാണാൻ അതിയായി ആഗ്രഹിച്ചു. അങ്ങനെ മൂന്ന് കുരിശുകൾ അവർ അവിടെ കണ്ടെത്തുകയും അതിൽ അത്ഭുത രോഗശാന്തി ലഭിച്ച കുരിശ് ഈശോയുടെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

  എ.ഡി 326 മെയ് 3-ന് ഈ കുരിശ് കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. എന്നാൽ കോൺസ്റ്റന്‍ന്റയിൻ ചക്രവർത്തി എ.ഡി. 335-ൽ പ്രത്യേകമായി കുരിശിന്റെ നാമത്തിൽ ഒരു ദൈവാലയം പണികഴിപ്പിച്ചു. ആ ദിവസത്തെയാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാളായി സഭ കൊണ്ടാടുന്നത്.

  തിരുനാൾ ദിവസം

  ഈശോയുടെ യഥാർത്ഥ കുരിശ് കണ്ടെത്തിയത് സഭയ്ക്ക് വളരെ നിർണ്ണായകവും അതിലുപരി വിലപ്പെട്ടതുമായിരുന്നു. പഴയ പാരമ്പര്യം അനുസരിച്ച്, കലണ്ടറിൽ മെയ് 3-നാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചിരുന്നത്. എന്നാൽ, ഇന്ന് പുതിയ കലണ്ടർ പ്രകാരം സെപ്റ്റംബർ 14-നാണ് ഈ തിരുനാൾ സഭയിൽ കൊണ്ടാടുന്നത്.

  വിശുദ്ധ കുരിശ് കണ്ടെത്തി തിരികെയെത്തിക്കുന്നു

  ജറുസലേമിൽ സൂക്ഷിച്ചിരുന്ന കുരിശ്, യുദ്ധകാലത്ത് നഷ്ടപ്പെടുകയും എന്നാൽ, പിന്നീട് അത്, സെപ്റ്റംബർ 14-ന് തിരികെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഹെർക്കുലീസ് ചക്രവർത്തിയാണ് ഈ കുരിശ് തിരികെ പ്രതിഷ്ഠിച്ചത്. പ്രതിഷ്ഠാ സമയം അദ്ദേഹത്തിന്റെ രാജകീയ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ലളിതമായ വസ്ത്രധാരണം നടത്തുകയും ചെയ്തു. വിശുദ്ധ കുരിശിനെ ബഹുമാനിക്കുന്നതിന്റെ പ്രതീകമായിട്ടായിരുന്നു അത്.

  കുരിശിനോടുള്ള ആദരം

  പൗരസ്ത്യ ആരാധനാ ക്രമമനുസരിച്ച് കുരിശിനോടുള്ള പ്രത്യേക ആദരം നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ തുടർന്നുവന്ന ഒന്നാണ്. വലിയ ആഴ്ചയിൽ അതിനായി പ്രത്യേക ആരാധനാക്രമം തന്നെ ഉണ്ടായിരുന്നു. പൗരസ്ത്യ സഭയിൽ ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ കുരിശ് വലിയ അടയാളമായും സൂക്ഷിച്ചിരുന്നു.

  സി. സൗമ്യ DSHJ

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.