കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ 

പ്രമുഖ അമേരിക്കൻ എഴുത്തുകാരനും ഹോളിവുഡ് തിരക്കഥാകൃത്തുമായിരുന്ന മൈൽസ് കോണോലി (Myles Connolly) ഇരുപത്തിഏഴാമത്തെ വയസ്സിൽ 1928-ൽ എഴുതിയ ബൈബിൾ നോവലാണ് മിസ്റ്റർ ബ്ലു (Mr. Blue). ക്രിസ്തീയവിശ്വാസം വിശ്വസ്തയോടെ ജീവിക്കാൻ തീരുമാനിച്ച ബ്ലൂ എന്ന് പേരുള്ള ഒരു യുവാവിന്റെ കഥയാണിത്.

വി. ഫ്രാൻസീസ് അസീസ്സിയുടെ ദാരിദ്യചൈതന്യത്തിൽ ആകൃഷ്ടനായ ബ്ലൂ, ബോസ്റ്റണിലെ എളിയ സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. ഏത് താഴ്ന്ന ജോലി ചെയ്യാനും സന്നദ്ധനായിരുന്ന ബ്ലൂ, താൻ കണ്ടുമുട്ടുന്ന എല്ലാവരോടും  ക്രിസ്തുവിനെപ്പറ്റി സംസാരിച്ചിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസം ഒരുവന്റെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുവെന്നും ഒരുവന്റെ അസ്തിത്വം ഒരു ദിവ്യകാരുണ്യമായി – കൃതജ്ഞതാ പ്രകാശനമായി മാറുമെന്നും  ബ്ലൂ വിവരിക്കുന്നുണ്ട്. നോവലിൽ ബ്ലൂ, അന്തിക്രിസ്തുവിന്റെ രാജ്യത്തിന്റെ അവസാനത്തെക്കുറിച്ചുള്ള ഒരു കഥ പറയുന്നുണ്ട്. നോവൽ അവസാനിക്കുന്നത് അന്തിക്രിസ്തുവിന്റെ രാജ്യത്തിൽ അവസാനമായി വിശുദ്ധ ബലി അർപ്പിക്കുന്ന ഒരു കത്തോലിക്കാ വൈദികന്റെ ബലിയോടെയാണ്.

ഈ നോവലിന്റെ ക്ലൈമാക്സിൽ പുതിയ ലോകത്തിൽ ചിരിയും ജിജ്ഞാസയുമെല്ലാം നിയമം മൂലം നിരോധിച്ചിരിക്കുന്നു. അവശേഷിക്കുന്ന ഏക ക്രൈസ്തവൻ ഒരു പുരോഹിതനാണ്. അദ്ദേഹം നഗരമധ്യത്തിലുള്ള ഏറ്റവും വലിയ ഗോപുരത്തിന്റെ മുകളിൽ കയറി, താൻ തന്നെ കൃഷി ചെയ്ത് രൂപപ്പെടുത്തിയ ഗോതമ്പു കൊണ്ടുള്ള  ഓസ്തി കൈകളിലെടുത്ത് അവസാനത്തെ വിശുദ്ധ ബലി അർപ്പിക്കുന്നു. ദൈവത്തെ ഭൂമിയിലേക്കു മടക്കിക്കൊണ്ടു വരുന്നതിനാണ് ഈ ദിവ്യബലി. കാര്യങ്ങൾ അറിഞ്ഞ ഭരണകൂടം, വൈദികൻ നിൽക്കുന്ന ഗോപുരം നശിപ്പിക്കാനായി ബോംബ് നിറച്ച  വിമാനവുമായി പട്ടാളക്കാർ വരുമ്പോൾ അന്ത്യത്താഴത്തിൽ ക്രിസ്തു ഉരുവിട്ട വാക്യങ്ങൾ പുരോഹിതൻ ആവർത്തിച്ചു ചെല്ലുന്നു. ഒരു വിമാനം ഗോപുരത്തിന്റെ മുകളിലെത്തി  ബലിയർപ്പിക്കുന്ന വൈദികനെ ലക്ഷ്യമാക്കി സാവധാനം താഴുന്നു. കുർബാന കുപ്പായത്തിലെ  കുരിശിന്റെ ചിത്രം നോക്കി ബോംബ് വർഷിക്കാൻ റെഡിയാകുന്നു. അപ്പോൾ പുരോഹിതന്റെ അധരത്തിൽ നിന്ന്, ക്രിസ്തുവിനെ ഭൂമിയിലേയ്ക്ക് വീണ്ടും കൊണ്ടുവരുന്ന വാക്കുകൾ… അൾത്താരയിൽ തല കമിഴ്ത്തി ചെല്ലുന്നു: Hoc est enim corpus meum… (ഇത് എന്റെ ശരീരമാകുന്നു).

ബോംബ് വർഷിക്കപ്പെട്ടില്ല. അസ്തമയത്തിന്റെ ചെഞ്ചായം വീശിത്തുടങ്ങിയ ആ സായംസന്ധ്യയിൽ പൊടുന്നനെ  പ്രകാശം പൊട്ടിവിടർന്നു. പിന്നെ ഒരു വലിയ കാഹളം മുഴങ്ങി. സകല പ്രപഞ്ചത്തെയും കുലുക്കുവാൻ മാത്രം പര്യാപ്തമായിരുന്നു അത്. ഒരു കുമിള പോലെ സൂര്യൻ പൊട്ടിത്തെറിച്ചു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒരു മിന്നൽപ്പിണർ പോലെ അപ്രത്യക്ഷമായി. ഭൂമി കഷണങ്ങളായി പൊട്ടിത്തെറിച്ചു. അവർണ്യമായ ആ പുതിയ ദിനത്തിൽ മേഘവിതാനത്തിൽ ക്രിസ്തു മരണശേഷം ഉയിർത്തെഴുന്നേറ്റതു പോലെ വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഗോപുരത്തിന്റെ മുകളിൽ ഏകനായി സന്തോഷവും സാഹോദര്യവും മാനുഷിക സ്വാതന്ത്രവും നിഷേധിക്കപ്പെട്ട അവസ്ഥയിൽ  ബലിയർപ്പിക്കുന്ന വൈദികൻ ശക്തനാണ്. അത് പുരോഹിതന്റെ വിപ്ലവകരമായ പ്രവർത്തിയിൽ നിന്നു വന്ന ശക്തിയല്ല. മറിച്ച്, വിശുദ്ധ കുർബാനയിലൂടെ വ്യാപകമായ ക്രിസ്തുശക്തിയിൽ അദ്ദേഹം ഒന്നായതു കൊണ്ടാണ്.

ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും  തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തില്‍ നാല് ചെറുചിന്തകൾ പങ്കുവയ്ക്കട്ടെ.

1. കോർപ്പൂസ് ക്രിസ്റ്റി – ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന ശക്തിയുടെ ആഘോഷം

യേശുക്രിസ്തു തന്റെ ശരീര-രക്തങ്ങൾ വഴിയായി തന്നെത്തന്നെ നമുക്ക് നൽകുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ ദിവ്യകാരുണ്യം (CCC 1322). ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ (Corpus Christi) സഭ ആഘോഷിക്കുമ്പോൾ ദിവ്യകാരുണ്യം എന്ന വലിയ ദാനത്തെപ്പറ്റി ചിന്തിക്കുവാനുള്ള വലിയ ദിവസമാണത്. വിശുദ്ധ കുർബാനയിൽ ഈശോയെ നാം സ്വീകരിക്കുമ്പോൾ നാം സ്വീകരിക്കുന്നതെന്തോ അതായി രൂപാന്തരപ്പെടുക എന്നതല്ലാതെ ക്രിസ്തുവിന്റെ ശരീര-രക്തങ്ങളിലുള്ള പങ്കുചേരലിന് മറ്റൊരു ലക്ഷ്യവുമില്ല എന്ന് മഹാനായ വി. ലെയോ മാർപാപ്പ പഠിപ്പിക്കുന്നു.

വിശുദ്ധ കുർബാനയുടെ സത്താപരമായ മാറ്റത്തിന്റെ രഹസ്യം സ്വർഗ്ഗീയമഹിമ വെടിഞ്ഞ് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃങ്ങളിലേയ്ക്ക് ദൈവം പ്രവേശിക്കുന്ന രഹസ്യം മാത്രമല്ല. മറിച്ച്, ലോകത്തിൽ ചിതറിക്കിടക്കുന്ന എല്ലാ സൃഷ്ടികളെയും തന്നിലേയ്ക്ക് ഉയർത്തി അവനും പിതാവും ഒന്നായിരിക്കുന്നതിലേയ്ക്ക് അടുപ്പിക്കുന്നതിനും അതുവഴി യേശുവിന്റെ ശരീരവുമായി അവ ഒന്നാകുന്ന പ്രക്രിയ കൂടിയാണ്. എല്ലാം അവനിലേയ്ക്ക് രൂപാന്തരപ്പെടുന്നു. വിശുദ്ധ കുർബാനയുടെ യഥാർത്ഥഫലം മനുഷ്യൻ ദൈവത്തിങ്കലേയ്ക്ക് പരിവർത്തനാവുക എന്നതാണന്ന് വി. തോമസ് അക്വീനാസ് പഠിപ്പിക്കുന്നു.

2. നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷം

ദിവ്യകാരുണ്യത്തിലുള്ള നമ്മുടെ പങ്കുചേരൽ ക്രിസ്തവും സഹോദരങ്ങളുമായുള്ള നമ്മുടെ കൂട്ടായ്മയുടെ അടയാളം കൂടിയാണ്. വിശുദ്ധ കുർബാനയിലൂടെ  ക്രിസ്തുവിന്റെ ശരീരമാകുന്ന വലിയ രഹസ്യത്തിലേയ്ക്ക് നമ്മൾ പ്രവേശിക്കുന്നു. വി. ഫ്രാൻസീസ് ഡി സാലസ് പറയുന്നതുപോലെ, വിശുദ്ധ കുർബാനയിൽ നാം കർത്താവുമായി ഒന്നിക്കുന്നു. ഭക്ഷണം ശരീരവുമായി ഒന്നിക്കുന്നതു പോലെ. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന നാമെല്ലാവരും ഒരു ശരീരത്തിന്റെ അവയവങ്ങളാണ്. അല്ലങ്കിൽ സഹോദരീ-സഹോദരന്മാരാണ് എന്ന തിരിച്ചറിവ് ആഘോഷിക്കേണ്ട തിരുനാളാണ് കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ.

3. ഇത് കൃതജ്ഞതാ പ്രകാശനത്തിന്റെ തിരുനാൾ

കൃതജ്ഞതാ പ്രകടനം എന്നർത്ഥമുള്ള എവുക്കരിസ്ത്യാ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് “Eucharist” അഥവാ ദിവ്യകാരുണ്യം എന്ന വാക്കിന്റെ  ഉത്ഭവം. വിശുദ്ധ ബലി അർപ്പിക്കാനായി നാം ഓരോ തവണയും ഒന്നിച്ചുകൂടുമ്പോൾ സൃഷ്ടപ്രപഞ്ചം എന്ന ദാനത്തിനും രക്ഷയ്ക്കും വിശുദ്ധന്മാരുടെ കൂട്ടായ്മയിലുള്ള നമ്മുടെ സ്ഥാനത്തിനും വേണ്ടി ദൈവപിതാവിനുള്ള വലിയ നന്ദി നമ്മൾ അർപ്പിക്കുന്നു. കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ ദിനത്തിലെ പാരമ്പര്യങ്ങളും വചനവായനകളും പ്രാർത്ഥനകളും എല്ലാം ദൈവദാനത്തിന് നന്ദിയർപ്പിക്കാൻ – പ്രത്യേകിച്ച് വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനായിരിക്കുന്ന ക്രിസ്തു എന്ന വലിയ ദാനത്തിന് – സഭാകൂട്ടായ്മയിൽ പങ്കുചേർന്ന് നമ്മളെ ക്ഷണിക്കുന്നതാണ്.

4. വിശുദ്ധ കുർബാന എന്ന മഹാദാനം ലോകത്തിന് പങ്കുവയ്ക്കേണ്ട തിരുനാൾ

വിശുദ്ധ കുർബാനയുടെ തിരുനാളിനോടനുബന്ധിച്ച് പരമ്പരാഗതമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ നമുക്ക് ദാനമായി കിട്ടിയ വിശുദ്ധ കുർബാനയെ വഹിച്ചുകൊണ്ടു നീങ്ങുമ്പോൾ ഈ ക്രിസ്തുവിനെ ലോകത്തിന് നമ്മൾ പങ്കുവച്ചു കൊടുക്കേണ്ടതാണ് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൂടാ. കൽക്കത്തയിലെ മദർ തെരേസ, തന്റെ സഹോദരിമാരെ ഉപദേശിക്കുന്നത്തു പ്രസക്തമാണ്. വിശുദ്ധ കുർബാനയിൽ സ്വീകരിക്കൽ മാത്രമല്ല ഉൾക്കൊണ്ടിരിക്കുന്നത്. അതിൽ ക്രിസ്തുവിന്റെ വിശപ്പ് ശമിപ്പിക്കൽ കൂടി ഉൾക്കൊള്ളുന്നു.

ജയ്സൺ കുന്നേൽ