മരണമുനയിലും മുറിയപ്പെടാത്ത സ്നേഹം

വാനോളം ചിറകുവിരിക്കുന്ന സ്നേഹവുമായ് പറന്നകന്ന വാഴച്ചാൽ വനമേഖലയിലെ അപ്പൻ വേഴാമ്പൽ വൈറലായത് വനത്തിന്റെ കൂട്ടുകാരൻ ബൈജു വാസുദേവനിലൂടെയാണ്. മരണ വേദനയിലും ഒരു പിടി ശ്വാസത്തിനായ് കൊക്കു തുറക്കാതെ പ്രിയപ്പെട്ടവർക്കായി കരുതിയ പഴങ്ങളുമായ് നിത്യതയിൽ അപ്രത്യക്ഷനായപ്പോൾ ബാക്കിവെച്ചത് ആർക്കും പകരം കൊടുക്കാനാവാത്ത സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായ പിതൃസ്നേഹവും, സംരക്ഷണവുമാണ്.

വാഴച്ചാലിലെ വേഴാമ്പൽ എന്നെ ആദ്യം ഓർമ്മിപ്പിച്ചത് വിശ്വവിഖ്യാത എഴുത്തുകാരൻ ഖലീൽ ജിബ്രാന്റെ “അലഞ്ഞു തിരയുന്നവർ” എന്ന കഥയിലെ പിതാവിനെയാണ്. തന്റെ വീട്ടിൽ തനിക്കായ് കാത്തിരിക്കുന്ന പ്രിയയെയും മക്കളെയും കുറിച്ചുള്ള ഓർമ്മയിൽ അവർക്കായുള്ള അരി സാധനങ്ങളും ആ ദിവസത്തെ പണി കൂലിയുമായി വരുമ്പോൾ അദ്ദേഹം ഒരു വലിയ നദി മുറിച്ചു കടന്നു, നീന്തൽ അറിയില്ലാഞ്ഞിട്ടും നീന്തിക്കടക്കാൻഅയാൾക്ക് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്റെ ചുമലിൽ ഒരു കുടുംബം മുഴുവൻ ഉണ്ടായിരുന്നു. തന്റെ ആരോമൽ കുഞ്ഞുങ്ങൾക്കും, അവർക്ക് തുണയായിരിക്കുന്ന പ്രിയസഖിക്കായും കരുതിയ പഴങ്ങളായിരുന്നു ആ വേഴാമ്പൽ തന്റെ ചുണ്ടിൽ നഷ്ടപെടാതെ കാത്തത്. ആ അപ്പൻ വേഴാമ്പൽ  ഒരു നിമിഷത്തേക്ക് ലോകത്തെ തന്റെ നിസ്വാർത്ഥ സ്നേഹത്താൽ നിശബ്ദമക്കി. ആരെയും അറിയിക്കാതെ, ആരുമറിയാതെ കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന അപ്പൻമാരുടെ നിസ്വാർത്ഥവും, നിശബ്ദവുമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി തിളങ്ങുകയാണ് ആ അപ്പൻ വേഴാമ്പൽ.

വാഴച്ചാലിലെ വേഴാമ്പലിനു മുന്നിൽ എന്റെ കണ്ണുകളും ഈറനണിഞ്ഞു. കാരണം സ്നേഹവും, സഹനവും, അധ്വാനവും കൊണ്ട് എന്നെ വലുതാക്കി ഇന്നും കൂടെയുള്ള  ഒരപ്പൻ എന്നിക്കുമുണ്ട്. കുടുംബത്തിനായി നിത്യം വിയർപ്പൊഴുക്കുന്ന ഒരു പാട്  അപ്പൻമാർ കൺമുന്നിൽ മാർച്ച് ചെയ്യുമ്പോൾ ഞാൻ കണ്ണുകളുയർത്തി കണ്ടത് സ്നേഹത്തിന്റെ അത്യുഗപതത്തിലിരിക്കുന്ന അത്യുന്നതനായ, അചഞ്ചല സേനഹദായകൻ സ്വർഗ്ഗീയ പിതാവിനെ. ” അമ്മയെ പോലെ കുനിഞ്ഞ് അന്നമൂട്ടുന്ന അപ്പച്ചൻ (ഹോസിയ 11), അമ്മ മറന്നാലും എന്നെ മറക്കാത്ത എന്റെ അപ്പൻ (ഏശയ്യ49:15), ഞാൻ മറന്നാലും എനിക്കായ് കാത്തിരിക്കുന്ന, തിരയുന്ന നല്ലിടയനായ സ്നേഹതാതൻ…

കരുണയുടെ സ്നേഹകവാടം തുറന്ന്, സ്നേഹത്താൽ തുടിക്കുന്ന തിരുഹൃദയവുമായി ഞങ്ങളെ സ്നേഹിക്കുന്ന മഹോന്നത സ്നേഹമെ നിന്റെ അളവറ്റ സ്നേഹത്തിൻ  മുന്നിൽ നമിച്ച് ഞാൻ പാടട്ടെ… ദൈവത്തിന്റെ വികൃതികളിൽ മധുസൂദനൻ നായർ പാടും വരികൾ,
“അടരുവാൻ വയ്യ ! അടരുവാൻ വയ്യ ,നിൻ ഹൃദയത്തിൽ നിന്നേതു സ്വർഗ്ഗം വിളിച്ചാലും …”

 സി. സോണിയ കളപ്പുരക്കൽ, ഡി.സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.