മകൻ മരിച്ച വേദനയെ അതിജീവിച്ച ഒരു അമ്മയുടെ വിശ്വാസം

    പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ദൈവത്തെ തള്ളിപ്പറയുന്നവരാണ് നമ്മൾ. എന്നാൽ, ഏറെ പ്രാർത്ഥിച്ചിട്ടും ദൈവം തന്റെ മകനെ തിരിച്ചു വിളിച്ചപ്പോൾ ആ മകനായി പ്രാർത്ഥിച്ചുകൊണ്ട്, വിശ്വാസത്തിൽ ആഴപ്പെട്ട ഒരു അമ്മയുടെ വിശ്വാസം. വേദനകളിലും വിശ്വാസത്തെ മുറുകെപ്പിടിക്കുവാൻ ഈ അമ്മയുടെ മാതൃക നമ്മെ സഹായിക്കട്ടെ.

    അർമേനിയൻ സിറിയക്കാരിയായ യൊള്ള ഘാൻഡോഴ് എന്ന മധ്യവയസ്‌ക ഒരു സാധാരണക്കാരിയായിരുന്നു. ആഴമായ വിശ്വാസപാരമ്പര്യങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്ന ഇവരുടെ ജീവിതം തന്റെ മൂന്നു മക്കളെയും ഭർത്താവിനെയും ചുറ്റിപ്പറ്റിയായിരുന്നു. അവരുടെ ജീവിതത്തിൽ ദൈവത്തിന് ഒരു സ്ഥാനം അവർ നൽകിപ്പോന്നു. അങ്ങനെ ശാന്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഐഎസ് തീവ്രവാദികൾ സിറിയ പിടിച്ചെടുക്കുന്നത്. അതോടെ മറ്റെല്ലാ സിറിയക്കാരെയും പോലെ തന്നെ ഇവരുടെയും ജീവിതം തകർച്ചയുടെ വക്കിലെത്തി. ഭർത്താവിന്റെ ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എങ്ങനെയും നാട് വിട്ട് പോകുവാൻ അവർ തീരുമാനിച്ചു. തന്നെയുമല്ല, ഇവർ ആയിരിക്കുന്ന ഇടങ്ങളിൽ തീവ്രവാദികൾ ഷെല്ലാക്രമണവും നടത്തുവാൻ ആരംഭിച്ചു.

    നില്‍ക്കക്കള്ളിയില്ലാതെ മൂന്നു മക്കളെയും ഭാര്യയെയും കൂട്ടി നാട് വിടാന്‍ ഒരുങ്ങിയ സമയം, സൈന്യത്തിൽ ചേരുവാനുള്ള അവസരം മൂത്ത മകനു ലഭിക്കുകയും അങ്ങനെ അവന്‍ യുദ്ധമേഖലയിലേയ്ക്ക് തിരിക്കുകയും ചെയ്തു. യുദ്ധം ശക്തിപ്പെടുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. ഇത് ഒരു അമ്മ എന്ന നിലയിൽ യൊള്ളയെ കൂടുതൽ ആകുലതയിലാഴ്ത്തി. എന്തുചെയ്യും എന്നറിയാത്ത അവസ്ഥ. ഇതിനിടയിൽ അവർ പുതിയ താമസസ്ഥലം കണ്ടെത്തി അവിടേയ്ക്ക് മാറുകയും ചെയ്തു.

    കുറച്ചുനാൾ കഴിഞ്ഞ് മൂത്ത മകൻ വീട്ടിൽ തിരിച്ചെത്തി. അമ്മാവന്റെ മരണവാർത്തയുമായിട്ടായിരുന്നു അവന്‍ വന്നത്. അവനെത്തി, വൈകാതെ തന്നെ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ഈ സമയം യോലയുടെ ഭർത്താവും മകനൊപ്പം പോയി. യൊള്ളയെ സംബന്ധിച്ചിടത്തോളം അത് സങ്കടവും ഭയവും വർദ്ധിപ്പിച്ചു. എങ്കിലും അവൾ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി ഭർത്താവിന് വെടിയേറ്റ വിവരം അറിയുന്നത്. യൊള്ള ഓടി ആശുപത്രിയിൽ ഭർത്താവിന്റെ അടുത്തെത്തി. അപ്പോഴും അവളുടെ ആധി മകനെക്കുറിച്ചായിരുന്നു. മകനെക്കുറിച്ചുള്ള അന്വേഷണം ചെന്നുനിന്നത് അവനെ കാണാനില്ല എന്ന വിവരത്തിലാണ്.

    അവൾ പ്രതീക്ഷ കൈവിട്ടില്ല. ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ തുടങ്ങി. അവൾ അമ്മയോട് പ്രാർത്ഥിച്ചു: “അമ്മേ… മാതാവേ, പുത്രനഷ്ടത്തിന്റെ വേദന ആരെക്കാളും അമ്മയ്ക്ക് നന്നായി അറിയാമല്ലോ. അമ്മയുടെ അവസ്ഥ എനിക്ക് വരുത്തരുതേ…” അവൾ ചങ്കുപൊട്ടി പ്രാർത്ഥിച്ചു. എങ്കിലും നിരാശയായിരുന്നു ഫലം. വൈകാതെ തന്നെ മകന്റെ മരണവാർത്ത ആ അമ്മയെ തേടിയെത്തി. അവരുടെ ഹൃദയം തകർന്നു. ഇത്രയും പ്രാർത്ഥിച്ചിട്ടും ഒരു പ്രയോജനവും ഇല്ലല്ലോ എന്നോർത്തപ്പോള്‍ അവൾക്ക് ദൈവത്തോട് ദേഷ്യം തോന്നി. ഏതാനും നിമിഷങ്ങൾ കടന്നുപോയി…

    വേദനയുടെ ആഴക്കടൽ ഉള്ളിൽ അലതല്ലുമ്പോഴും അവൾ ദൈവത്തോടുള്ള തന്റെ ദേഷ്യം മാറ്റിവച്ചു. ദൈവം തന്ന മകൻ അവന്റെ സ്വാർഗ്ഗത്തിലെ അപ്പന്റെ അടുക്കലേയ്ക്കു പോയി എന്ന ചിന്ത അവളെ ആശ്വാസത്തിലേയ്ക്ക് നയിച്ചു. ‘എനിക്ക് അങ്ങയെ വെറുക്കാൻ കഴിയില്ല. ദൈവമേ, സ്വർഗ്ഗത്തിൽ നീ എന്റെ കുഞ്ഞിനൊപ്പം ആയിരിക്കണമേ…’ എന്നുപറഞ്ഞ് ആ അമ്മ പ്രാർത്ഥിക്കുവാൻ തുടങ്ങി.

    പതിയെ അവൾ അല്പം അകലെയായി മാറ്റിവച്ച ജപമാല കയ്യിലെടുത്തു. തന്റെ മകനെ മരണത്തിൽ നിന്നു രക്ഷിക്കണമേ എന്നു പ്രാർത്ഥിച്ചതിന്റെ ഇരട്ടി ആത്മാർത്ഥതയിൽ ചങ്കുപൊട്ടി അവൾ ‘എന്റെ മകനെ നിത്യഭാഗ്യത്തിൽ പ്രവേശിപ്പിക്കണമേ…’ എന്ന് പ്രാർത്ഥിച്ചു തുടങ്ങി. ആ പ്രാർത്ഥന ദൈവത്തിനു ഉപേക്ഷിക്കാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു…