മുഖത്തിന്റെ വലതുഭാഗം തളർന്നിട്ടും ഈശോയുടെ തിരുമുഖത്താൽ സൗഖ്യം പ്രാപിച്ച ഡൊമിനിക്കൻ വൈദികന്റെ അനുഭവസാക്ഷ്യം

“2018 ലെ ഒരു ഏപ്രിൽ മാസം. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ നാലാം തീയതി. ഒരു ചൊവ്വാഴ്ച ആയിരുന്നു അന്ന്. ഓശാന ഞായറിനു തൊട്ടുമുമ്പുള്ള ചൊവ്വാഴ്ച. എന്നത്തേയും പോലെ ഞാൻ രാവിലെ എഴുന്നേറ്റു. പക്ഷേ, എന്റെ മുഖത്തിന്റെ വലത്തുഭാഗം തളർന്നുപോയിരുന്നു. ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട എനിക്ക്, ഇന്ന് ദിവ്യബലിയർപ്പിക്കുവാൻ കഴിയില്ലല്ലോ എന്ന ആധിയായിരുന്നു മനസ്സിൽ.

എന്റെ വായ ഭാഗികമായി മാത്രമേ അനക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. വായിലൂടെ കൂടുതൽ അളവിൽ ഉമിനീർ വരാൻ തുടങ്ങി. ഈശോയുടെ വിലയേറിയ തിരുരക്തം കൂടാതെ ഞാൻ വിശുദ്ധ ബലി അർപ്പിക്കേണ്ടതായി വന്നു. ഈ തളർച്ച എന്റെ കൺപോളകളെയും ബാധിച്ചു. എന്റെ കണ്ണുകൾ ഉണങ്ങിവരണ്ടു പോകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കൊണ്ട് നനച്ചിരുന്നു. രാത്രിയിൽ ഉറങ്ങുമ്പോൾ പശയുള്ള ടേപ്പ് കൊണ്ട് എന്റെ കൺപോള ഒട്ടിച്ചുവയ്ക്കുമായിരുന്നു” – ഫാ. ജീൻ ക്രിസ്റ്റഫ് ഡി നാദെയ് എന്ന ഡൊമിനിക്കൻ പുരോഹിതൻ തന്റെ അത്ഭുത രോഗശാന്തിയുടെ സാക്ഷ്യം പറയുകയാണ്.

പിന്നീട് ഡോക്ടറെ കാണിച്ചപ്പോൾ ഇത് ഒരു വൈറൽ രോഗത്തിന്റെ ഏറ്റവും കൂടിയ അവസ്ഥയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ രോഗത്തിന്റെ അടുത്ത സ്റ്റേജ് എന്തെന്നാൽ അതികഠിനമായ ക്ഷീണം ആയിരിക്കുമെന്നാണ് ഡോക്ടർ അന്ന് വ്യക്തമാക്കിയത്. കോർട്ടികോസ്റ്റിറോയ്‌ഡ് നൽകിക്കൊണ്ട് രോഗത്തിന്റെയും വൈറൽ ബാധയുടെയും ആധിക്യം കുറയ്ക്കാൻ കഴിയും. പക്ഷേ, മുഖത്തെ ഞരമ്പുകൾ ഒട്ടും തന്നെ നേരെയാകുവാൻ സാധ്യതയില്ലെന്നു ഡോക്ടർ വെളിപ്പെടുത്തി. പിന്നെ ഇതിന്റെ ലക്ഷണങ്ങൾ മാറുമോ എന്നും അദ്ദേഹത്തിന് ഒരു ഉറപ്പുമില്ലായിരുന്നു. ആകെ അനിശ്ചിതത്വം നിറഞ്ഞ ഒരവസ്ഥയായിരുന്നു ഈ രോഗം കൊണ്ട് ഫാ. ജീനിന്റെ ജീവിതത്തിൽ സംഭവിച്ചത്.

മെയ് മാസം രണ്ടാം തീയതി വിശ്വാസിയായ ഒരു സ്ത്രീ ഫാ. ജീനിനെ സന്ദർശിക്കുവാന്‍ എത്തിച്ചേർന്നു. അവർ ഒരു നേഴ്സും കൂടിയായിരുന്നു. ഫാ. ജീനിന്റെ അവസ്ഥ കണ്ട് അവർക്ക് വളരെയധികം സഹതാപം തോന്നി. ടൂറിസിലെ ഹോളി ഫേസ് തീർത്ഥാടനകേന്ദ്രത്തിൽ നിന്നും അവർ അദ്ദേഹത്തിനായി ഒരു എണ്ണയും കൊണ്ടുവന്നിരുന്നു.

“ടൂർസിലെ എന്റെ സഹവൈദികർ ഈശോയുടെ തിരുമുഖത്തിന്റെ തീർത്ഥാടനകേന്ദ്രത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, ഈശോയുടെ തിരുമുഖത്തു നിന്ന് എനിക്കായി ഒരു അത്ഭുതവും നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ കാണുവാൻ വന്ന ആ നേഴ്‌സ് സാധാരണയായി വിശുദ്ധ ബലിയിൽ പങ്കുചേരുവാൻ പൊയ്ക്കൊണ്ടിരുന്നത് പാരിസിലെ സെന്റ് നിക്കോളാസ് ദൈവാലയത്തിലായിരുന്നു. ഹോളി ഫേസ് തീർത്ഥാടനകേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന എണ്ണ വിശ്വാസത്തോടെ ഉപയോഗിച്ചപ്പോൾ സൗഖ്യം പ്രാപിച്ച ഒരു വ്യക്തിയെ കണ്ടുമുട്ടി. അയാളുടെ അനുഭവമാണ് ആ സ്ത്രീയെ എണ്ണയുമായി എന്റെ അടുക്കൽ വരുവാൻ പ്രേരിപ്പിച്ചത്. പക്ഷേ, ഞാൻ ആ എണ്ണ എന്റെ അടുത്തു വച്ചതല്ലാതെ ഉപയോഗിച്ചില്ല. ഏതാണ്ട് ഒരു മാസത്തിനുശേഷം വിശുദ്ധ കുർബാനയ്ക്ക് തൊട്ടുമുമ്പായി എന്റെ മുഖത്തിന്റെ വലതുഭാഗത്ത് അതിശക്തമായ വേദന അനുഭവപ്പെട്ടു. ആ വേദന മൂലം അന്ന് തന്ന എണ്ണ ഉപയോഗിക്കുവാൻ ഞാൻ നിർബന്ധിതനായി. ക്രിസ്തു ഒരു വലിയ അത്ഭുതത്തിനായി എന്നെ ഒരുക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എന്റെ വേദനയെ പ്രത്യേക നിയോഗങ്ങൾക്കായി ഞാൻ സമർപ്പിച്ചു. കുറച്ചു സമയത്തേക്ക് വേദന അങ്ങനെ നിന്നെങ്കിലും പിന്നീട് അത് പൂർണ്ണമായും മാറി.”

പിറ്റേ ദിവസം ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോയി. മുൻപ് നിശ്ചയിച്ച പ്രകാരമായിരുന്നു അന്നത്തെ കൂടിക്കാഴ്‌ച. ചെറിയ തോതിലുള്ള വൈദ്യുതപ്രവാഹം നടത്തി മുഖത്തെ ഞരമ്പുകളെ ഉത്തേജിപ്പിക്കുവാനുള്ള സാധ്യതയെക്കുറിച്ച് അറിയാനായിരുന്നു അന്നത്തെ സന്ദർശനം. പക്ഷേ, അത്ഭുതകാരമായി ഞരമ്പുകൾ അതിന്റെ പൂർവ്വസ്ഥിതിയിലേക്യ്ക്ക് എത്തിയെന്നാണ് പരിശോധനയിൽ അറിയുവാൻ സാധിച്ചത്. ഇത് ഒരിക്കലും മനുഷ്യന്റെ കരങ്ങൾ കൊണ്ട് ചെയ്ത ഒരു കാര്യമല്ല എന്നാണ് ഡോക്ടർ അതിനെക്കുറിച്ച് പറഞ്ഞത്.

പിന്നീട് ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ ഫാ. ജീൻ മുഖത്തിനു ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുവാൻ തുടങ്ങി. ജൂൺ 12-ന് സ്പീച്ച് തെറാപ്പിസ്ന്റെ അടുക്കലെത്തിയപ്പോൾ അവർ ശരിക്കും അത്ഭുതപ്പെട്ടു. കാരണം എന്റെ മുഖത്തെ പേശികളെല്ലാം പൂർവ്വസ്ഥിതിയിലെത്തിയെന്നാണ് പരിശോധനയിൽ മനസ്സിലായത്. പിന്നീട് ഈ രോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12-നു നടന്ന, ഡോക്ടറുമായുള്ള അവസാന കൂടിക്കാഴ്ചയിൽ ഇങ്ങനെയൊരു രോഗം വന്നതിന്റെ ഒരു സൂചന പോലും അവശേഷിപ്പിക്കാതെ അത് സുഖപ്പെട്ടു എന്ന വെളിപ്പെടുത്തലാണ് ലഭിച്ചത്.

ഈശോയുടെ തിരുമുഖത്തിന്റെ അനുഗ്രഹത്താൽ ലഭിച്ച വലിയൊരു രോഗശാന്തി എന്നു തന്നെയാണ് ഫാ. ജീൻ ഇതിനെ വിശേഷിപ്പിക്കുന്നത്. കാരണം അപൂർവ്വമായി കാണപ്പെടുന്ന ഈ രോഗത്തിന് ഏറ്റവും ഉന്നതമായ രീതിയിലുള്ള സൗഖ്യം അവിടുത്തേയ്ക്കല്ലാതെ മറ്റാർക്കാണ് നൽകുവാൻ സാധിക്കുക!

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.