ഹൃദയങ്ങളുടെ കൈമാറ്റം വിശുദ്ധ കുര്‍ബാനയില്‍

“ഒരു പുതുഹൃദയം നിങ്ങള്‍ക്ക് ഞാന്‍ നല്‍കും. ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ ഹൃദയം ഞാന്‍ നല്‍കും” (എസക്കി. 36:26).

അനേകം വിശുദ്ധാത്മാക്കളുടെ ജീവിതത്തില്‍ പ്രത്യേകിച്ച് വി. അമ്മത്രേസ്യാ, വി. മറിയം ത്രേസ്യാ തുടങ്ങിയ വിശുദ്ധരുടെ ജീവിതത്തില്‍ സംഭവിച്ച ഒരു ആത്മീയാനുഭവമുണ്ട്. അത് മറ്റൊന്നുമല്ല. ആ അനുഭവത്തിന് ‘ഹൃദയം കൈമാറല്‍’ എന്നു പറയും. അതായത്, ഈശോ തന്റെ തിരുഹൃദയവുമായി ഈ വിശുദ്ധരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ ചോദിക്കുകയാണ്: “ഞാന്‍ എന്റെ ഹൃദയം നിനക്കു തരാം. നിന്റെ ഹൃദയം എനിക്കു തന്നേക്കാമോ?” ഈ വിശുദ്ധര്‍ ഈശോയുടെ ഹൃദയം കൈനീട്ടി വാങ്ങുന്ന അനുഭവം. ഈ അനുഭവം പല വിശുദ്ധര്‍ക്കും ദൈവം ദാനമായി നല്‍കുന്നതാണ്. ഈ ആത്മീയാനുഭവത്തെ അല്‍പമൊന്നു മനസ്സിലാക്കാന്‍ സാധിച്ചാല്‍ അത് നമ്മുടെ ജീവിതത്തിന് വലിയ അഭിഷേകമാകും.

നമ്മുടെ ജീവിതത്തില്‍ ഈ വലിയ ആത്മീയ അനുഭവത്തിലൂടെ നാം കടന്നുപോകുന്നുണ്ട്. ഓരോ പരിശുദ്ധ കുര്‍ബാന സ്വീകരണത്തിലും ഇതേ യാഥാര്‍ത്ഥ്യമാണ് നമ്മില്‍ സംഭവിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ ഈശോ തന്റെ ഹൃദയം നമുക്ക് നല്‍കുകയാണ്. എസക്കിയേല്‍ പ്രവചനത്തില്‍ നാം കണ്ടതുപോലെ – ഒരു പുതിയ ഹൃദയം നിനക്ക് നല്‍കും. ഒരു പുതിയ ചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ ഒരു ഹൃദയം ഞാന്‍ നല്‍കും – ഇത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന വേദിയാണ് പരിശുദ്ധ കുര്‍ബാന സ്വീകരണം.

ലോകത്ത് പല സ്ഥലത്തും നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളില്‍ പരിശുദ്ധ കുര്‍ബാന ഈശോയുടെ ശരീര-രക്തങ്ങളായി മാറിയിട്ടുള്ള എല്ലാ അത്ഭുതങ്ങളിലും ഈ മാംസവും രക്തവും പരിശോധിച്ച ഡോക്‌ടേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ഒരു കാര്യമുണ്ട്. അത് 33 വയസ്സുള്ള ഒരു യുവാവിന്റെ ഹൃദയഭിത്തിയുടെ ഭാഗമാണ്. ഈ ഹൃദയമാണ് ഈശോ നമുക്കായി തുറന്നിട്ടിരിക്കുന്നത്.

എന്തിനാണ് ഈശോ തന്റെ ഹൃദയം നമുക്ക് തരുന്നത്?

നാം വിശുദ്ധീകരിക്കപ്പെടുന്നത് നമ്മുടെ ഹൃദയത്തിന്റെ വിശുദ്ധീകരണം വഴിയാണ്. ഒരു മനുഷ്യഹൃദയത്തിന്റെ പ്രത്യേകത എന്താണ്? ഉല്‍. 6:5-ാം വാക്യത്തില്‍ ഇങ്ങനെ വായിക്കുന്നു: “ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവ് കണ്ടു. നോക്കുക, ഹൃദയത്തില്‍ ദുഷ്ടത കയറിയിരിക്കുന്നു.”

തിരുവചനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം പലയിടത്തും കാണുന്നുണ്ട് ഹൃദയം കഠിനമാക്കി, ഹൃദയം കഠിനമായി, ഹൃദയം മന്ദീഭവിച്ചു തുടങ്ങിയ വാക്കുകള്‍. മത്തായി 15:18-20 വാക്യങ്ങളില്‍ ഈശോ വളരെ വ്യക്തമായി പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്. “എന്നാല്‍ വായില്‍ നിന്നു വരുന്നത് ഹൃദയത്തില്‍ നിന്നാണ് വരിക. അത് മനുഷ്യനെ അശുദ്ധനാക്കുന്നു. ദുഷ്ടചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം ഇവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുക. ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്.” ഇവിടെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ജീവിതത്തിലെ വഴിതെറ്റലിന്റെ കേന്ദ്രമായി നില്‍ക്കുന്നത് ഹൃദയമാണ്. ഈ ഹൃദയത്തില്‍ വിശുദ്ധീകരണം നടന്നാല്‍ മാത്രമേ നമ്മുടെ ജീവിതം വിശുദ്ധമാവുകയുള്ളൂ. ഇതിനു വേണ്ടിയാണ് ഈശോ നമ്മിലേയ്ക്ക് കടന്നുവരുന്നതും തന്റെ ഹൃദയം നമുക്ക് നല്‍കുന്നതും. ഈശോയുടെ ഹൃദയം സ്വന്തമാകുമ്പോള്‍ വേറൊരു ക്രിസ്തുവായി രൂപാന്തരപ്പെടുന്നു.

നമ്മുടെ ഓരോ വിശുദ്ധ കുര്‍ബാന സ്വീകരണവും കൂടുതല്‍ ഒരുങ്ങി വിശുദ്ധിയോടെ സ്വീകരിക്കാം. അങ്ങനെ മറ്റൊരു ക്രിസ്തുവായി മാറാം.

സി. മോളി കൊള്ളികൊളവിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.