പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന അമ്മമാരുടെ മാതൃക അനുകരണീയം: മാർ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ മാനസിക സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ കുടുംബങ്ങളിലെ സ്ത്രീകളുടെ പങ്ക് സുപ്രധാനമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്ക് വിമൺസ് അസ്സോസിയേഷന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ഓൺലൈൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ മാനസിക പിന്തുണയും സ്വയംതൊഴിൽ വരുമാന മാർഗ്ഗങ്ങളിലൂടെ കുടുംബത്തിൽ ആവശ്യമായ സാമ്പത്തിക പിന്തുണയും നൽകി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന അമ്മമാരുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ മൂല്യശോഷണം കൂടുതലായി സംഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ കുടുബത്തിലെ ആദ്ധ്യാത്മികതയെ ഊട്ടിയുറപ്പിച്ച് സമൂഹത്തിന്റെ ചാലകശക്തിയും പ്രചോദനവുമായിത്തീരുവാൻ അമ്മമാർക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്‌നാനായ സമുദായത്തിന്റെ പമ്പരാഗത ജീവിതശൈലിയായ വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പവും വനിതകളുടെ കൂട്ടായ പ്രവർത്തനങ്ങളും ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി.

കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിൻസി പാറേൽ, ട്രഷറർ ബീന മാക്കീൽ, മലബാർ റീജിയൺ പ്രസിഡന്റ് ജയ്‌നമ്മ മോഹൻ, മലബാർ റീജയൺ സെക്രട്ടറി ജോയിസ് ജോൺ, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പിൽ, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയിൽ  എന്നിവർ പ്രസംഗിച്ചു.

കെ.സി.ഡബ്ല്യു.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൂടാതെ വിവിധ മത്സരങ്ങളിൽ വിജയികളായവരെ സംഗമത്തിൽ അഭിനന്ദിച്ചു. സീറോ മലബാർ മാതൃവേദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സങ്കീർത്തനാലാപന മത്സരത്തിന്റെ വിശദാംശങ്ങൾ കേരള റീജിയൺ വൈസ് പ്രസിഡന്റ് അന്നമ്മ ജോൺ തറയിൽ പങ്കുവച്ചു. 1972-ൽ കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി പ്രവർത്തനമാരംഭിച്ച കെ.സി.ഡബ്ല്യു.എ.-യുടെ 48 -ാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മുന്നൂറ്റിയൻപതിലധികം പേർ പങ്കെടുത്തു. കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ഒരുക്കിയിരുന്നു.

സിൻസി പാറേൽ
സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.