എറിത്രിയന്‍ ഭരണകൂടം കത്തോലിക്കാ ആശുപത്രികള്‍ പിടിച്ചെടുത്തു

ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഹെല്‍ത്ത് ക്ലിനിക്കുകള്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടി. എറിത്രിയയിലെ ഇരുപത്തിരണ്ടോളം കത്തോലിക്ക ഹെല്‍ത്ത് ക്ലിനിക്കുകളാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയത്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് സഭാസമൂഹം രംഗത്തെത്തി. കത്തോലിക്കാസഭയുടെ സേവനം വേണ്ടെങ്കില്‍ സര്‍ക്കാരിന് അത് പറയാമെന്നും എന്നാല്‍ സഭയുടെ സ്വത്ത്‌ കൈയ്യടക്കുന്നത് ശരിയല്ലായെന്നും ചൂണ്ടിക്കാട്ടി സഭാനേതൃത്വം സര്‍ക്കാര്‍ അധികൃതര്‍ക്ക് കത്തയച്ചു. തങ്ങളുടെ സാമൂഹ്യസേവനങ്ങള്‍ ഒരിക്കലും സര്‍ക്കാരിന് എതിരായിരുന്നില്ലെന്നും നിയമസംവിധാനം നിലവിലുള്ള രാജ്യത്ത് ഇത്തരം നടപടികള്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്തതാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

പിടിച്ചെടുത്ത 22 കത്തോലിക്കാ ക്ലിനിക്കുകളില്‍ 8 എണ്ണം കെരെനിലെ എറിത്രിയന്‍ എപ്പാര്‍ക്കിയുടെ കീഴിലുള്ളതാണ്. വര്‍ഷംതോറും നാല്‍പ്പതിനായിരത്തോളം രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ ക്ലിനിക്കുകള്‍. സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ കത്തോലിക്കാസഭ ആശ്യപ്പെട്ടതിന്റെ പ്രതികാരമായാണ് നിലവിലെ നടപടികളെ പൊതുവില്‍ വിലയിരുത്തുന്നത്.