യുഎസ് തടവില്‍ രണ്ടാമത്തെ അഭയാര്‍ത്ഥി കുട്ടിയുടെ മരണം

മെക്‌സിക്കോയില്‍ പിതാവിനൊപ്പം തടങ്കലില്‍ കഴിഞ്ഞിരുന്ന എട്ടു വയസുകാരനും ഗ്വാട്ടിമാല സ്വദേശിയുമായ അഭയാര്‍ത്ഥി ബാലന്‍ മരിച്ചു. പനിയും അനുബന്ധ അസുഖങ്ങളുമാണ് മരണകാരണം.

അസുഖ ബാധയെത്തുടര്‍ന്ന് മെക്‌സിക്കോയിലെ ആശുപത്രിയിലേയ്ക്ക് കുട്ടിയെ കൊണ്ടുപോയിരുന്നു. പ്രാഥമികചികിത്സ നല്‍കി തിരിച്ചയച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമാവുകയായിരുന്നു. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ക്രിസ്തുമസ് ദിനത്തില്‍ മരണപ്പെടുകയായിരുന്നു.

ഗ്വാട്ടിമാലയില്‍ നിന്ന് തന്നെയുള്ള ഏഴു വയസുകാരിയായ ഒരു പെണ്‍കുട്ടി ഏതാനും ദിവസം മുമ്പ് മരിച്ചിരുന്നു. മനുഷ്യത്വത്തിന് എതിരായ പ്രവര്‍ത്തികളുടെ ഫലമായുണ്ടായ ഈ രണ്ട് മരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുമുണ്ട്.

നാട്ടിലെ ദാരിദ്ര്യവും മറ്റ് കുറ്റകൃത്യങ്ങളും താങ്ങാനാവാതെ മാതാപിതാക്കളോടൊപ്പം അഭയാര്‍ത്ഥികളായി കഴിയുന്നവരാണ് ഈ കുട്ടികള്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷം എല്ലാ കുട്ടികള്‍ക്കും മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമായും നടത്തണമെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ക്ഷന്‍ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.