2023 -ലെ ലോക യുവജനദിനത്തിന്റെ തീയതി നിശ്ചയിച്ചു

2023 -ൽ പോർച്ചുഗലിലെ ലിസ്ബണിൽ വച്ചു നടക്കുന്ന ലോക യുവജനദിനത്തിന്റെ തീയതി നിശ്ചയിച്ചു. 2023 ആഗസ്റ്റ് ഒന്നു മുതൽ ആറു വരെ തീയതികളിലാണ് ലോക യുവജനസമ്മേളനം നടക്കുക. ഫ്രാൻസിസ് മാർപാപ്പ സംബന്ധിക്കുന്ന നാലാമത്തെ യുവജന സമ്മേളനമായിരിക്കും ലിസ്ബണിൽ വച്ച് നടക്കാൻ പോകുന്നത്.

“ലോകമെമ്പാടുമുള്ള യുവജനങ്ങൾ 2023 -ൽ ലിസ്ബണിൽ നടക്കുന്ന യുവജന സമ്മേളനം എന്നായിരിക്കും എന്നറിയാൻ വളരെയേറെ ആഗ്രഹിച്ചിരുന്നു. ഞാൻ വളരെ സന്തോഷത്തോടെയാണ് ഈ തീയതികൾ പ്രഖ്യാപിക്കുന്നത്. ഈ സമയം എല്ലാവർക്കും സുവിശേഷവത്ക്കരണത്തിന്റെ സമയമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – തീയതികൾ പ്രഖ്യാപിച്ച ശേഷം ലിസ്ബണിലെ കർദ്ദിനാൾ പാത്രിയർക്കീസ് ​​മാനുവൽ ക്ലെമന്റേ പത്രക്കുറിപ്പിൽ പറഞ്ഞു.

യുവജനസമ്മേളനത്തിന്റെ പ്രാദേശിക സംഘാടകസമിതിയിൽ ഇപ്പോൾ 400 സന്നദ്ധപ്രവർത്തകരുണ്ട്. ലോകമെമ്പാടുമുള്ള യുവ കത്തോലിക്കരെ ഒരുമിച്ചു കൊണ്ടുവരുന്ന ഈ പരിപാടിക്ക് തയ്യാറെടുക്കാൻ ഓരോ പോർച്ചുഗീസ് രൂപതയും ഇതിനകം തന്നെ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.

2022 -ൽ നടക്കാനിരിക്കുന്ന യുവജനസമ്മേളനം പകർച്ചവ്യാധിയെ തുടർന്ന് 2023 -ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം 2019 -ൽ പനാമയിൽ വച്ചായിരുന്നു യുവജനസമ്മേളനം നടന്നത്. ആ സമ്മേളനത്തിൽ ഏകദേശം 7,00,000 യുവജനങ്ങൾ പങ്കെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.