ബെയ്‌റൂട്ട് സ്ഫോടന അവശിഷ്ടങ്ങൾക്കൊണ്ട് നിർമ്മിച്ച കുരിശ് ഫ്രാൻസിസ് പാപ്പാ ഏറ്റുവാങ്ങി 

ലെബനോനിലെ ബെയ്‌റൂട്ടിലുണ്ടായ സ്ഫോടനത്തിലെ അവശിഷ്ടങ്ങൾക്കൊണ്ടു നിർമ്മിച്ച കുരിശ് ഫ്രാൻസിസ് പാപ്പാ ഏറ്റുവാങ്ങി. മറോണിന്റെ മരിയമൈറ്റ് അബോട് ജനറൽ പിയറി നജിം ആണ് പാപ്പായ്ക്ക് കുരിശ് കൈമാറിയത്. 2020 ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ട് തുറമുഖത്തിൽ 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 150 ഓളം പേരോളം മരണമടയുകയും 5000 -ലധികം പേർക്ക് പരിക്കേൽക്കുകയും നഗരം മുഴുവൻ  തകർക്കപ്പെടുകയും ചെയ്തിരുന്നു. 240 കിലോമീറ്റർ അകലെയുള്ള ദ്വീപിൽ പോലും ഇതിന്റെ പ്രകമ്പനം എത്തുകയുണ്ടായി.
ലബനോനോടുള്ള പരിശുദ്ധ പിതാവിന്റെ സ്നേഹത്തിനും താല്പര്യത്തിനും അബോട്ട് ജനറൽ നന്ദി പറഞ്ഞു. സ്‌ഫോടനത്തിൽ തകർന്ന ബെയ്‌റൂട്ടിലെ മാരോനൈറ്റ് അതിരൂപതയുടെ എപ്പിസ്‌കോപ്പൽ ഓഫീസുകളിൽ ഉണ്ടായിരുന്ന മരംകൊണ്ട് നിർമ്മിച്ച വാതിലുകളുടെയും തകർന്ന ജനാലകളുടെയും അവശിഷ്ടങ്ങള്‍ കൊണ്ടാണ് കുരിശ് നിർമ്മിച്ചിരിക്കുന്നത്. അബോട്ട് ഓർഡർ ജനറൽ സെക്രെട്ടറി ഫാ. ഡൊമിനിക് എൽ- ആലം, പ്രൊക്കുറേറ്റർ ജനറൽ ഫാ. ചാർബെൽ ഹദാദ്, റോമിലെ സെന്റ് ആന്റണി മൊണാസ്ട്രിയുടെ മേധാവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.