രാജ്യത്തെ യൗസേപ്പിതാവിന് സമർപ്പിക്കാൻ അനുമതി നൽകി ഫിലിപ്പീൻസ് മെത്രാൻ സമിതി

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മെയ് മാസം ഒന്നാം തീയതി ഫിലിപ്പീൻസിനെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുവാൻ മെത്രാൻ സമിതി അംഗീകാരം നൽകി. ആഗോള സഭയോട് ചേർന്ന് ഈ വർഷം ഫിലിപ്പീൻസിലെ സഭയും യൗസേപ്പിതാവിന്റെ വർഷമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെയ് മാസം ഒന്നാം തീയതിയിലെ പ്രത്യേക സമർപ്പണ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

മെത്രാൻ സമിതി സമർപ്പണത്തിന് അനുമതി നൽകിയെന്നും, അൽമായർക്ക് വേണ്ടിയുള്ള കമ്മീഷൻ, സംഘാടക ചുമതല നിർവഹിക്കുമെന്നും കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോ പറഞ്ഞു. മാർച്ച് മാസം മുപ്പതാം തീയതി മുതൽ സമർപ്പണത്തിനു വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പുകൾ ആരംഭിക്കും. സമർപ്പണത്തിന്റെ ഭാഗമായി ഫാ. ഡൊണാൾഡ് കല്ലോവേ എഴുതിയ ‘കോൺസിക്കറേഷൻ ടു സെന്റ് ജോസഫ്’ എന്ന പുസ്തകം യൗസേപ്പിതാവിനോട് സമർപ്പണം നടത്തുന്ന രൂപതകൾക്കും, വ്യക്തികൾക്കും ലഭ്യമാക്കും.

ആഗോള സഭയുടെ മധ്യസ്ഥനായി യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പ 2021 യൗസേപ്പിതാവിന്റെ വർഷം ആചരിക്കാൻ തീരുമാനിച്ചത്. ഈ നാളുകൾ എങ്ങനെ കൂടുതൽ അർത്ഥവത്തായി ആചരിക്കാം എന്നതിനെപ്പറ്റി ഫാ. ഡൊണാൾഡ് കല്ലോവേയുമായി ഓൺലൈൻ കൂടിക്കാഴ്ച അല്മായ കമ്മീഷൻ ഫെബ്രുവരി 13നു സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.