ക്രൈസ്തവർ ഭാരതത്തിനു നൽകിയ സംഭാവനകളും നേരിടുന്ന വെല്ലുവിളികളും

ടോണി ചിറ്റിലപ്പിള്ളി

ആദിമ നൂറ്റാണ്ടുകളില്‍ തന്നെ ഭാരതത്തിൽ കടന്നുവന്ന ക്രൈസ്തവികത ഇന്നത്തെ ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സ്നേഹം, ക്ഷമ, കരുണ, നീതിബോധം എന്നിങ്ങനെയുള്ള കുറേ മൂല്യങ്ങളാണ് ക്രൈസ്തവികതയുടെ ആണിക്കല്ലായി നിലകൊള്ളുന്നത്. നമ്മുടെ രാജ്യത്ത്‌ രോഗീശുശ്രൂഷയ്ക്കുള്ളതും അറിവിന്റെ വെളിച്ചം കൊടുക്കാനുള്ളതും അനാഥരെ നോക്കാനുള്ളതുമായ പലതരം സംവിധാനങ്ങള്‍ സ്ഥാപിച്ചത് ക്രൈസ്തവ സംസ്കാരത്തിന്റെ സവിശേഷതയുടെ ഭാഗമായിട്ടു കൂടിയാണ്.

ഭാരതത്തിലെയും കേരളത്തിലെയും സാമൂഹിക നവോത്ഥാനരംഗത്ത് അനാചാരങ്ങളും ഉച്ചനീചത്വങ്ങളും അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന സ്ഥിതി മാറ്റിയെടുക്കുവാന്‍ ക്രൈസ്തവർ നല്‍കിയിട്ടുള്ള സംഭാവനകള്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ സാധിക്കുക? ആളും അർത്ഥവും സംഘടനാശേഷിയും ശക്തമായ നേതൃത്വവുമുണ്ടായിട്ടും ഭാരതത്തിന്റെ മുഖ്യധാരയിലൂടെ ഒഴുകാനാണ് ക്രൈസ്തവർ എന്നും പരിശ്രമിച്ചിട്ടുള്ളത്. ആർഷഭാരത സംസ്കാരവും മാനുഷികതയും അന്ത:സത്തയാക്കിയാണ് ഭാരതത്തിലെ ക്രൈസ്തവസഭകൾ പ്രവർത്തിക്കുന്നത്.

വൈദേശിക ഭരണകർത്താക്കൾക്കെതിരായ കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര പ്രഖ്യാപനമെന്നത് 1653 -ലെ കൂനൻകുരിശ് സത്യമാണ്. തദ്ദേശീയ ഭരണകർത്താക്കൾക്കു വേണ്ടി മാർത്തോമാ സഭയുടെ പള്ളിയോഗ പ്രതിനിധികൾ കൂടിച്ചേർന്ന 1787 -ലെ അങ്കമാലി പടിയോലയും ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. കേരളത്തിലെ തന്നെ സാമൂഹ്യ നവോത്ഥാനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ 1599 -ൽ നടന്ന ഉദയംപേരൂർ സൂനഹദോസിനെ മാറ്റിനിർത്തി ചിന്തിക്കാനാകില്ല.

ആതുരശുശ്രൂഷാ രംഗത്തെ ക്രൈസ്തവരുടെ കയ്യൊപ്പ് 

ക്രൈസ്തവികത ഭാരതസമൂഹത്തില്‍ അനുഭവവേദ്യമാക്കിയ മറ്റൊരു തലം രോഗീശുശ്രൂഷയുടേതാണ്. ആതുരശുശ്രൂഷാ രംഗത്ത് ക്രൈസ്തവസഭയുടെ സേവനങ്ങള്‍ ഒരിക്കലും പുറകിലാകരുത് എന്നു ചിന്തിച്ച മിഷനറിമാരും സഭാനേതൃത്വവും ഏറെ ത്യാഗങ്ങളിലൂടെയാണ് ഈ ആതുരാലയങ്ങള്‍ പടുത്തുയര്‍ത്തിയത്. ഇവയെല്ലാം സമൂഹം പുറംതള്ളിയവര്‍ക്ക് ആശ്രയവും സങ്കേതവുമായി പരിലസിക്കുന്നു. വീടും നാടും കുടുംബവുമെല്ലാം പരിത്യജിച്ച് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മാത്രം ജീവിതം ഹോമിച്ച വൈദികരും സന്യസ്തരും ക്രൈസ്തവര്‍ക്കു മാത്രം അവകാശപ്പെടാനുള്ള സമ്പത്താണ്.

ഒരു ആരോഗ്യസമൂഹമായി ഭാരതത്തെ നിര്‍മ്മിക്കുന്നതില്‍ കന്യാസ്ത്രീ സമൂഹവും മിഷനറിമാരും വലിയ പങ്കാണ് വഹിച്ചത്. ക്രൈസ്തവ മിഷനറിമാർ നൽകിയ മരുന്നുകള്‍ എത്തിയതോടു കൂടിയാണ് മലമ്പനി, മലേറിയ, വസൂരി, ചൂടുപനി, കോളറ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് അറുതി വന്നത്. ദൈവസ്‌നേഹം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്ന ഒരു സേവനപാത ഈ കോവിഡ്-19 കാലത്തും ക്രൈസ്തവസഭകൾ തുറന്നിട്ടിരിക്കുന്നു.

മിഷനറിമാരുടെ വരവോടെ ഇടവക പള്ളികളോടനുബന്ധിച്ച്‌ ക്ലിനിക്കുകളും ഡിസ്പെൻസറികളും തുടങ്ങിയതും രോഗീപരിചരണം, ആരോഗ്യപരിപാലനം, അഗതിപരിപാലനം തുടങ്ങിയവ ജീവിതവ്രതമാക്കി സന്യാസ സമൂഹങ്ങൾ രൂപീകൃതമായതുമാണ് ഭാരതത്തിലെ ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത കുതിച്ചുചാട്ടത്തിന് കേരളത്തെ പ്രാപ്തമാക്കിയത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം നഴ്സുമാരും ക്രൈസ്തവസഭാംഗങ്ങളാണ്. അവരുടെ കാര്യക്ഷമത ലോകം മുഴുവനും അംഗീകരിക്കപ്പെട്ടതാണ്.

സ്നേഹിക്കുന്നവര്‍ക്കായ് സ്വയം ജീവന്‍ നല്‍കുന്ന സ്‌നേഹത്തിലും മീതെ സ്‌നേഹമില്ലെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ജാതിമത ഭേദമന്യേ ഭാരതത്തിലെയും കേരളത്തിലെയും കത്തോലിക്കാ സഭ പൊതുസമൂഹത്തിനു വേണ്ടിയുള്ള പരസ്നേഹത്തിന്റെ സേവനം തുടരുകയാണ്. ഒപ്പം ഈ കോവിഡ് മഹാമാരിയെ രാജ്യത്തോടൊത്ത്‌ ഒറ്റക്കെട്ടായി മറികടക്കാനും ശ്രമിക്കുന്നു.

ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ

പതിനാലാം നൂറ്റാണ്ട് മുതൽ ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസത്തിനു തുടക്കമിട്ടു. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിനു നൽകിയ വിദ്യാഭ്യാസമാണ് ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങൾ തുറന്നിട്ടത്. അറിവില്ലാത്തവനെ പഠിപ്പിക്കുക എന്നത്, വിദ്യയാകുന്ന വെളിച്ചം പകര്‍ന്ന് അജ്ഞതയുടെ അന്ധകാരം നീക്കുന്നത്, ഒരു ജീവകാരുണ്യ പ്രവൃത്തി മാത്രമായിട്ടല്ല മറിച്ച് കടമയായിട്ടാണ് ക്രൈസ്തവര്‍ കാണുന്നത്.

അടിമത്തവും അയിത്തവും നിലനിന്നിരുന്ന കേരളത്തിലെ സാംസ്‌കാരിക-സാമൂഹിക വളർച്ച, ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കരഗതമായതാണ്. വ്യാകരണഗ്രന്ഥങ്ങൾ, നിഘണ്ടുകൾ, വിജ്ഞാനകോശങ്ങൾ, അച്ചടിശാലകൾ ഇങ്ങനെ വിദ്യാഭ്യാസ നിർമ്മിതി പൂർണ്ണമായും ക്രൈസ്തവ മിഷനറിമാരുടെ കൈകളിലായിരുന്നു. 1910 -ലെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീസാക്ഷരത 31 ശതമാനമായിരുന്നപ്പോൾ മുംബൈയിൽ അത് വെറും ഒരു ശതമാനമായിരുന്നു എന്നോർക്കണം.1865 -ലെ ഒരു സർക്കുലറിലൂടെ എല്ലാ ഇടവക പള്ളികളോടും ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിക്കാൻ ചാവറയച്ചൻ നിർദ്ദേശം നൽകിയപ്പോൾ 160 സുറിയാനി പള്ളികളിലാണ് സ്കൂളുകൾ ആരംഭിച്ചതെന്നോർക്കണം.

സർ സി.പി. -യുടെ കാലത്ത്‌ തിരുവിതാംകൂറിലെ 2169 പ്രൈവറ്റ് സ്കൂളുകളിൽ 80 % സ്കൂളുകളും ക്രൈസ്തവരുടേതായിരുന്നു. ഈ സ്കൂളുകൾ ദേശസാൽക്കരിക്കാൻ സി.പി. നടത്തിയ ശ്രമങ്ങളെ ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജെയിംസ് കാളാശ്ശേരി തടഞ്ഞില്ലായിരുന്നുവെങ്കിൽ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ദയനീയമായ അടിസ്ഥാന പൊതുവിദ്യാഭ്യാസമായി കേരളത്തിലെ വിദ്യാഭ്യാസമേഖല പരിണമിച്ചേനേ!

ക്രൈസ്തവരെ സംബന്ധിച്ച് വിദ്യാഭ്യാസം ശാക്തീകരണമാണ്. സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കലാണ്. ഭാരതത്തിലെ കത്തോലിക്കർ നടത്തുന്ന ഏകദേശം 16,000 വിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ 53 % ഹിന്ദുമതത്തിൽപെട്ടവരാണ്. 26 % പിന്നോക്കവർഗ്ഗക്കാർ, 44.4 % ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്. തങ്ങളുടെ സ്വത്വമെന്താണെന്നു പോലും അറിവില്ലാതിരുന്ന മലയാളികളെ വിദ്യാഭ്യാസത്തിലൂടെ സമുദ്ധരിച്ചത് ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനങ്ങളാണ്.

ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയുടെ അടിസ്ഥാനമെന്നു പറയുന്നത് വിദ്യാഭ്യാസമാണ്. ക്രൈസ്തവ മിഷനറിമാര്‍ ആളുകളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ജാതി നോക്കിയിട്ടായിരുന്നില്ല. ഭാരതത്തിലെ മനുഷ്യജീവിതത്തിലും സാമൂഹികപുരോഗതിയിലും ക്രൈസ്തവ മിഷനറി വിദ്യാഭ്യാസം ചെലുത്തിയിട്ടുള്ള സ്വാധീനം നിസ്തുലമാണ്.

അര്‍ണോസ് പാതിരിയും ഗുണ്ടര്‍ട്ടും തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍ മലയാളത്തെ നവീകരിച്ചതായി ഭാഷാചരിത്രത്തിലേക്കു കടന്നാല്‍ നമുക്കു കാണാം. ഭാരതത്തിൽ വിദേശാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യ പുസ്തകമാണ് പാറേമ്മാക്കൽ തോമാ കത്തനാരുടെ വർത്തമാനപുസ്തകം. ഇന്ത്യൻ ജനത നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറപ്പെട്ട കാലഘട്ടത്തിലാണ് ദേശസ്‌നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമാ കത്തനാർ ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ വിശാലമാക്കുന്നത്.

അടിമത്വത്തിന്റെ ആലസ്യമെന്ന കരിമ്പടം പുതച്ചുറങ്ങിയ കേരള സമൂഹമനഃസാക്ഷിയെ ഉണർത്തി അവരുടെ ഹൃദയങ്ങളിൽ ഉറങ്ങിക്കിടന്ന ദേശീയബോധത്തെയും ഏകതാബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച നവോത്ഥാന യാത്രക്ക് പ്രേരകമായ മുഖ്യഘടകം മിഷനറിമാർ നൽകിയ ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്.

അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലെ സെന്റ് പാട്രിക്സ് മിഷനറി സ്കൂളിലാണ്‌ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി പഠിച്ചത്. സ്‌മൃതി ഇറാനി, നജീബ് ജംഗ് തുടങ്ങിയവരും ക്രൈസ്തവ സ്ഥാപനങ്ങളിലാണ് പഠിച്ചത്. സര്‍ക്കാരില്‍ നിന്നോ, അന്യമതസ്ഥരില്‍ നിന്നോ സഹായങ്ങള്‍ സ്വീകരിക്കാതെ ഇന്നാട്ടുകാരായ ഇടവക ജനത്തിന്റെ പരിശ്രമവും പിരിവുകളും ഇടവക പള്ളികളിലെ നീക്കിയിരിപ്പുമെല്ലാം സ്വരുക്കൂട്ടി ക്രൈസ്തവര്‍ പടുത്തുയര്‍ത്തിയ കലാലയങ്ങളിലൂടെ വിദ്യാഭ്യാസവും മൂല്യബോധവുമുള്ള അനേകം തലമുറകളെ ഈ രാജ്യത്തിനു വേണ്ടി രൂപപ്പെടുത്തിയെടുക്കാന്‍ ക്രൈസ്തവസഭക്കു കഴിഞ്ഞിട്ടുണ്ട്.

ഭാരതീയ ഭാഷകളില്‍ സാമാന്യജനത്തിന് മനസിലാകുന്നതും ഓജസുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യപ്രവര്‍ത്തനങ്ങളാണ്. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി. വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവർണ്ണ വിവേചനരഹിതമായി തുല്യ അവസരം വിദ്യാർത്ഥികൾക്കു പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളിൽ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും ക്രൈസ്തവ മിഷനറിമാർ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയവിദ്യാഭ്യാസത്തിന്റെ അടിത്തറയായത്. കേരളത്തിലെ വി. ചാവറ കുര്യാക്കോസച്ചൻ അതിലെ അനുകരണീയ മാതൃകയായി നിലകൊള്ളുന്നു.

ക്രൈസ്തവരുടെ സാമൂഹ്യസേവനം

പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രൈസ്തവ മിഷനറിമാരുടെ ആഗമനം ഭാരതചരിത്രത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കി. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചന പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനുമുള്ള തങ്ങളുടെ തീക്ഷ്ണത മൂലം അവര്‍ നവീകരണ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായി മാറി.

ഇന്ന് ഇന്ത്യ ആഗോളവൽകൃത ലോകത്തിലെ സൂപ്പര്‍ പവര്‍ പദവി കൈവരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഇരുനൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന് വിത്തു വിതച്ചവരാണ് ക്രൈസ്തവ മിഷനറിമാര്‍ എന്നോർക്കണം. രാജ്യത്തെ ഏറ്റവും വിലമതിക്കപ്പെട്ട സേവനങ്ങളിലൊന്നാണ് ക്രിസ്തുമതത്തിന്റെ വിദ്യാഭ്യാസ സേവനം. ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ നിന്നുള്ള വിമോചനശക്തികളായി വിശേഷിച്ചും, സമൂഹത്തിലെ അധഃസ്ഥിത വര്‍ഗ്ഗത്തിനു വേണ്ടി നിലകൊണ്ടവരാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍. അയിത്ത ജാതിക്കാരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ശക്തവും ബോധപൂര്‍വ്വകവുമായ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തിയിട്ടുണ്ട്. നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ അവര്‍ പോരാടി. സമഭാവനയുടെ വഴികളിലൂടെ സഞ്ചരിക്കാനും സമത്വബോധത്തിന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും ഭാരതത്തെ പഠിപ്പിച്ചത് ഈ മിഷനറിമാരാണ്.

പാര്‍ശ്വവൽകൃതരായവര്‍ മുഖ്യധാരയിലേക്കു വരികയും വിദ്യാഭ്യാസത്തിനും തൊഴിലുകള്‍ക്കും വ്യക്തിപരമായ അന്തസ്സിനും സാമൂഹ്യസ്വീകാര്യതയ്ക്കുമുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാകുകയും ചെയ്തു. ക്രൈസ്തവ മിഷന്‍ നമ്മുടെയിടയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. മിഷനറിമാര്‍ ജാതീയതയെ തകര്‍ക്കുകയും സമൂഹത്തിന്റെ സാംസ്കാരികമൂല്യങ്ങളെയും ഘടനകളെയും മാനവീകരിക്കുകയും ചെയ്തു. കേരളത്തിലെ സമുദായ സൗഹാർദ്ദത്തിനു വേണ്ടി നിലകൊള്ളുവാൻ കേരള ക്രൈസ്തവർ എക്കാലവും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ മറ്റ് സമുദായസംഘടനകൾ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചപ്പോൾ ക്രൈസ്തവർ സ്വന്തമായൊരു പാർട്ടി രൂപീകരിക്കുവാൻ പോലും ശ്രമിച്ചില്ല എന്നുള്ളത്.

കേവലം രണ്ട് നൂറ്റാണ്ടുകൾക്കു മുൻപ് കേരളത്തിൽ കന്നുകാലികളെപ്പോലെ ക്രയവിക്രയം ചെയ്യപ്പെട്ട രണ്ടു ലക്ഷത്തിലധികം അടിമകളുണ്ടായിരുന്നു. അടിമവ്യവസ്ഥയ്‌ക്കെതിരെ അനേകം വർഷങ്ങൾ നീണ്ട പോരാട്ടം നടത്തിയ ക്രൈസ്തവ മിഷനറിമാരുടെ ശക്തമായ സമ്മർദ്ദത്തിനു വഴങ്ങി1855 -ൽ കൊച്ചി മഹാരാജാവ് അടിമക്കച്ചവടം പൂർണ്ണമായി നിരോധിച്ചു. കേരളചരിത്രത്തെ മാറ്റിമറിച്ച ഈ സാമൂഹികവിപ്ലവത്തിനു നേരെ ചരിത്രം പോലും കണ്ണടയ്ക്കുന്നു. മിഷനറിമാരുടെ നേതൃത്വത്തിലായിരുന്നു മാറു മറയ്ക്കാൻ ചാന്നാർ സ്ത്രീകൾ നടത്തിയ സമരം.

ക്രൈസ്തവർ: സ്ത്രീശാക്തീകരണത്തിന്റെ ഒരു വലിയ മാതൃക

സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി ആരും ചിന്തിക്കാതിരുന്ന ആ കാലഘട്ടത്തിൽ, സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുത്തതതും ക്രൈസ്തവ മിഷനറിമാരാണ്. മുഴുവൻ ചെലവും മിഷനറിമാർ എടുത്ത് പെൺകുട്ടികൾക്കു വേണ്ടി മാത്രം പ്രത്യേക പള്ളിക്കൂടം സ്ഥാപിച്ചത് 1800 -കളിലാണ്. പിന്നെയും അര നൂറ്റാണ്ട് കഴിഞ്ഞാണ് ഗവൺമെന്റ് പോലും സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്നത്. കേരളം സ്ത്രീവിദ്യാഭ്യാസത്തിൽ എന്തുകൊണ്ടാണ് മുന്നിൽ നിൽക്കുന്നത് എന്നതിന്റെ ഉത്തരം ക്രൈസ്തവസമൂഹത്തിന്റെ സംഭാവന എന്നു തന്നെയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള മഹാനായ ക്രൈസ്തവ മിഷനറി വി. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ശ്രദ്ധേയമായ പരിശ്രമം വിദ്യാഭ്യാസരംഗത്തിനു വലിയ സംഭാവനകള്‍ നല്‍കുകയും കേരളത്തില്‍ സ്ത്രീകളുടെ സാക്ഷരതാനിരക്ക് ഉയര്‍ത്തുകയും ചെയ്തു. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും പെൺകുട്ടികൾക്കായി വിദ്യാഭവനങ്ങൾ തുടങ്ങുകയും ചെയ്ത ചാവറയച്ചൻ, സ്ത്രീശാക്തീകരണത്തിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്.

ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടി, ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ പി.കെ. ത്രേസ്യാ എന്നിവരുണ്ടായതും കേരളത്തിൽ നിന്നാണെന്നത് അഭിമാനകരമായ വസ്തുതയാണ്. അക്കാമ്മ ചെറിയാന്‍, ആനി മസ്ക്രീന്‍, എലിസബെത്ത് കുരുവിള, റോസമ്മ പുന്നൂസ് എന്നിവർ സ്ത്രീശാക്തീകരണത്തിന്റെ ചരിത്ര തെളിവുകളാണ്.

ക്രൈസ്തവരും കാർഷികരംഗവും

വിദേശ കാർഷികവിളകൾ കൊണ്ടുവരുന്നതിലും കൃഷിഭൂമിയുടെ വ്യാപനത്തിലും ക്രൈസ്തവർ നല്‍കിയ സംഭാവനകൾ വിപുലമാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി കുതിച്ചുകയറിയപ്പോൾ കേരളം ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണിരുന്നു. ധീരരായ ക്രൈസ്തവ കർഷകർ സംഘം ചേർന്ന് മലബാറിലേക്കും മലയോരമേഖലകളിലേക്കും കുടിയേറി മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പടവെട്ടി കനകം വിളയിച്ചാണ് പെരിയാറിനു കിഴക്ക് തമിഴ്നാട് വരെ കേരളത്തിന്റെ കാർഷികമേഖല വികസിപ്പിച്ചത്.

വനനശീകരണത്തിന്റെ പാപഭാരം ഇവരുടെ മേൽ കെട്ടിയേൽപ്പിച്ചു വ്യാഖ്യാനിക്കുന്ന എത്ര പേർക്കറിയാം, ജന്മിമാർ വെട്ടിനശിപ്പിച്ച് അടിക്കാടുകൾ മാത്രം ശേഷിക്കുന്ന ഭൂമിയാണ് കുടിയേറ്റ കർഷകർക്ക് ലഭിച്ചതെന്ന്? കേരളത്തിലെ കർഷകരുടെ കണക്കെടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിലെ കാർഷികമേഖലയുടെ ചുക്കാൻ പിടിച്ചിരുന്നതും അവർ തന്നെ.

2001 -ലെ കണക്കു പ്രകാരം കേരളത്തിലെ കർഷകരിൽ 37.8 % നസ്രാണികളായിരുന്നു. 1926 മുതൽ 1970 വരെ മലബാറിലെ മലനിരകളിലേക്ക് കുടിയേറ്റ ക്രൈസ്തവരുടെ വലിയ ഒഴുക്കുണ്ടായി. 4 ലക്ഷം കർഷകരിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരായിരുന്നു. മലബാറിലെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കുടിയേറ്റ ക്രൈസ്തവരായിരുന്നുവെന്നതിൽ യാതൊരു അതിശയോക്തിയുമില്ല. മലബാറും കുട്ടനാടും ഹൈറേഞ്ചും പൊന്നു വിളയുന്ന ഭൂമിയാക്കി മാറ്റിയതിൽ ക്രൈസ്തവർക്കുള്ള പങ്ക് നിസ്തുലമാണ്.

കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന പൊതു വെല്ലുവിളികൾ

തിരിച്ചുകിട്ടുമോ എന്ന് ചിന്തിക്കാതെയും കണക്കു ചോദിക്കാതെയും ക്രൈസ്തവർ നടത്തിയ ത്യാഗപ്രവർത്തികൾക്കും സംഭാവനകൾക്കും കണക്കു പറയുന്നത് ശരിയല്ല. എന്നാൽ ഈ ശുദ്ധചിന്താഗതി ഭാരതക്രൈസ്തവരെ വർത്തമാനകാല ചരിത്രത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജനസമൂഹങ്ങളിലൊന്നാക്കി മാറ്റിയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവർ നടത്തിയ പല പോരാട്ടങ്ങളും മറ്റു പലരുടെയും പേരിലായി. ക്രൈസ്തവ പോരാട്ടനായകന്മാരാകട്ടെ, ചരിത്രപുസ്തകങ്ങളിൽ പോലും തമസ്കരിക്കപ്പെട്ടു.

കേരളത്തിൽ ജനസംഖ്യാനുപാതികമായി ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങൾ പരിരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് സംശയമാണ്. കേരളത്തിലെ സമീപകാലത്തെ വിദ്യാഭ്യാസ – രാഷ്ട്രീയ – സാംസ്കാരിക – സാഹിത്യ – ബൗദ്ധിക – കാർഷികമേഖലകളെ പരിശോധിക്കുമ്പോൾ മുൻനിരയിൽ നിന്ന് ക്രൈസ്തവർ അവഗണിക്കപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ക്രൈസ്തവരുടെ കാര്യം വരുമ്പോൾ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണെന്നു പറയേണ്ടിവരും.

മാറിമാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിടുന്ന സമുദായമാണ് ക്രൈസ്തവർ. കേരളത്തില്‍ 88,73,472 മുസ്ലീങ്ങളും 61,41,269 ക്രൈസ്തവരും 4,500 ജൈനരും 3,814 സിക്കുകാരുമാണ് ന്യൂനപക്ഷ വിഭാഗത്തിലുള്ളത്. ഇതനുസരിച്ച് മുസ്ലീങ്ങള്‍ക്ക് 59 %, ക്രൈസ്തവര്‍ക്ക് 40.89 %, മറ്റുള്ളവര്‍ക്ക് 0.34 % എന്നീ ക്രമത്തിലാണ് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടത്. കേരളത്തിലെ മുസ്ലീം വിഭാഗത്തിൽ നിന്ന് 80 പേർക്ക് നൽകുമ്പോൾ മറ്റ് മതന്യൂനപക്ഷ (ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന) വിഭാഗങ്ങിൽപെട്ട എല്ലാവർക്കും കൂടി 20 പേർക്ക് മാത്രം നൽകപ്പെടുന്നു എന്ന യാഥാർത്ഥ്യം നീതിയുടെയും അവകാശങ്ങളുടെയും നഗ്നമായ ലംഘനമല്ലേ? അതുകൊണ്ടാണ് അടുത്തകാലത്ത്‌ കേരള സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആനുകൂല്യ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യ പരിശോധിച്ച് ഈ അനുപാതം പുതുക്കണമെന്നാണ് കോടതിനിർദ്ദേശം. നിലവിലെ അനുപാതം തയ്യാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേരളത്തിൽ 18.4 % മാത്രം വരുന്ന ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാനും അർഹമായ ആനുകൂല്യങ്ങൾ പ്ലാൻ ചെയ്യുവാനും സംസ്ഥാന സർക്കാരോ, സർക്കാരിനു കീഴിലുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പോ തയ്യാറാകണം. മാത്രമല്ല, ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിൽ വരുന്ന ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രാതിനിധ്യം നാമമാത്രമാണ്.

കാലാകാലമായി പട്ടയമില്ലാതെ കഷ്ടപ്പെടുന്ന മലയോര കര്‍ഷകര്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അവര്‍ക്ക് അര്‍ഹമായ പട്ടയം കൊടുക്കണം. ക്രിസ്തുമതം സ്വീകരിച്ചുപോയി എന്ന ഒറ്റക്കാരണം കൊണ്ട് സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട പട്ടികജാതി – പട്ടികവര്‍ഗ്ഗ സഹോദരങ്ങള്‍ നീതിബോധമുള്ള ഏവരുടെയും ചങ്കിലെ മുറിവാണ് എന്നോർക്കണം.

ക്രിസ്ത്യന്‍ പള്ളികളും സെമിത്തേരിയും സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിന് അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുന്ന നാട്ടില്‍ സെമിത്തേരിയെ ഹസാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നിഷേധിക്കുന്നു. ഈ നീതിനിഷേധത്തിന് പരിഹാരം വേണം. ന്യൂനപക്ഷ ജില്ലാതല സെല്ലുകള്‍ അനുവദിക്കണം. ഗവേഷക വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവർക്ക്‌ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിലുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

കാർഷിക പ്രതിസന്ധിയിൽ ഉഴലുന്ന ക്രൈസ്തവർ

ക്രൈസ്തവരിൽ വലിയ വിഭാഗം കർഷകരാണ്. മലയോര തീരദേശ മേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ ക്രൈസ്തവര്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കാത്തതും വിളകൾക്ക് മതിയായ വില ലഭിക്കാത്തതും വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളും ക്രൈസ്തവരുടെ ഉപജീവനമാർഗ്ഗത്തെ ബാധിച്ചിട്ടുണ്ട്. തുടർച്ചയായി വരുന്ന റബ്ബർ വിലയിടിവ് ധാരാളം ക്രൈസ്തവകുടുംബങ്ങളെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. നാണ്യവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിലയിടിവും കാർഷിക പ്രതിസന്ധികൾ മൂലം കാർഷിക വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന ക്രൈസ്തവരും ഭീതിയിലാണ്.

മലയോര മേഖലയിലെ പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയുമാണ്. ഉയര്‍ന്ന കൂലി, തൊഴിലാളികളുടെ ലഭ്യതക്കുറവ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, ഫലപ്രദമായ വിപണനസംവിധാനങ്ങളുടെ അഭാവം, ഇടത്തട്ടുകാരുടെ ചൂഷണം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ തുടങ്ങിയ നിരവധി ഘടകങ്ങളാണ് കേരളത്തിലെ ക്രൈസ്തവ കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

വിദ്യാഭ്യാസ രംഗത്ത്‌ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ

കേരളത്തിൽ വിദ്യാഭ്യാസത്തിന് വേരോട്ടമുണ്ടായത് ക്രിസ്ത്യൻ മിഷനറിമാരുടെ കഠിനാദ്ധ്വാനം കൊണ്ടാണെന്നത് നിസ്തർക്കമായ ചരിത്രവസ്തുതയാണ്. എന്നാൽ അവരുടെ പേരിലോ, കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ഉന്നതശ്രേണിയിൽ എത്തിച്ച നവോത്ഥാന നായകൻ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരിലോ ഒരു സർവ്വകലാശാലയോ, ഒരു സ്റ്റഡി സെന്ററോ പോലുമോ തുടങ്ങാൻ നാളിതുവരെ ഒരു ഭരണാധികാരികൾക്കും ഇവിടെ കഴിഞ്ഞിട്ടില്ല എന്നത് ഇവിടുത്തെ ക്രൈസ്തവരോട് ചെയ്യുന്ന അവഗണനയുടെ അടയാളമല്ലേ?

ക്രൈസ്തവരുടെ സുറിയാനി, ലത്തീന്‍ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി ഒരു ചെറിയ സഹായം പോലും വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുന്നില്ല. കേരള ക്രൈസ്തവരുടെ തനതായ കലാരൂപങ്ങള്‍, സംസ്കാരം, വസ്ത്രധാരണ രീതികള്‍, ഭക്ഷ്യവിഭവങ്ങള്‍ ഇവയൊക്കെ ഈ നാടിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ അനര്‍ഘ നിധികളാണ്.എന്നാല്‍ ക്രൈസ്തവ വിഭാഗങ്ങളുടെ വ്യക്തിത്വവും തനിമയും നിലനിര്‍ത്താന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയോ, ഇതര വകുപ്പുകളുടെയോ ഭാഗത്തു നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ല.

വിദ്യാഭ്യാസ രംഗത്ത്‌ ക്രൈസ്തവസഭ ചെയ്തിട്ടുള്ള സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള കോളജുകളില്‍ മിക്കവയും ക്രൈസ്തവ സഭകളുടെ നിയന്ത്രണത്തിലുള്ളതാണ്. എന്നിട്ടും സഭയുടെ സേവനങ്ങളെ തള്ളിപ്പറയുകയും നിശബ്ദമായി സേവനം ചെയ്യുന്ന സഭയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും സഭയിലെ ജനങ്ങള്‍ക്കൊപ്പം ഈ സേവനം സ്വീകരിക്കപ്പെടുന്നവരെയും ഏറെ വേദനിപ്പിക്കുന്നുണ്ട്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ ഭരണഘടനാവിരുദ്ധമായി പിടിച്ചടക്കിയിരിക്കുന്ന കാര്യങ്ങളിൽ നടപടികൾ ക്രൈസ്തവർ പ്രതീക്ഷിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ വെട്ടിക്കുറച്ച നടപടിയും അധ്യാപക നിയമനാധികാരം പരിമിതപ്പെടുത്തിയതും തിരുത്തണം.

ക്രൈസ്തവ ജനന നിരക്ക് കുറയുന്നു

ക്രൈസ്തവസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനന നിരക്കാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് കേരള ക്രൈസ്തവർ. ക്രൈസ്തവരുടെ ജനസംഖ്യ ആശങ്കാജനകമായി കുറഞ്ഞുവരികയാണ്.

1980 -കളിൽ കേരളത്തില്‍ 20.6 % ക്രൈസ്തവരുണ്ടായിരുന്നു. 2001 -ലേക്ക് വന്നപ്പോള്‍ അത് 19 ശതനമാനമായി. 2011 -ല്‍ അത് 18.4 ശതമാനമായി. ഇനിയൊരു സെന്‍സസ് വരുന്നത് 2021 -ലായിരിക്കും. ഇങ്ങനെ പോയാൽ ക്രൈസ്തവർക്ക് വംശനാശം പിടിപെടാൻ സാധ്യതയുണ്ട്. ഇന്ത്യയില്‍ പാഴ്സികള്‍ മൂന്നിലൊന്നായി കുറഞ്ഞുപോയത് നാം കണ്ടു. ഇനി അവരുടെ ജനന നിരക്ക് കുറയാന്‍ പാടില്ല എന്ന് കണക്കിലെടുത്തുകൊണ്ട് കേന്ദ്രസർക്കാർ ജീയോ പാഴ്സി എന്നൊരു സ്കീം കൊണ്ടുവന്നു.

ദശാബ്ദങ്ങളായി ക്രിസ്ത്യാനികളുടെ ജനസംഖ്യാനുപാതം കുറഞ്ഞുവരികയാണ്. ജനസംഖ്യാനുപാതം വളരെ കുറഞ്ഞുപോയ പാഴ്‌സികള്‍ക്ക് ജിയോ പാഴ്‌സി പദ്ധതി നടപ്പാക്കിയതുപോലെ ജിയോ ക്രിസ്റ്റ്യന്‍ പദ്ധതി നടപ്പാക്കണം. മാത്രമല്ല, ക്രൈസ്തവര്‍ക്ക് തൊഴില്‍മേഖലയില്‍ സംവരണവും ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ 6 ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്. ക്രിസ്ത്യന്‍, സിക്ക്, മുസ്ലിം, ബുദ്ധ, ജൈന, പാര്‍സി എന്നിവയാണ് ആ വിഭാഗങ്ങള്‍. കേരളത്തില്‍ സിക്ക്, ബുദ്ധ, ജൈന വിഭാഗങ്ങൾ കേവലം 0.1 % മാത്രമേയുള്ളൂ.

ക്രൈസ്തവർ പൊതുസമൂഹത്തിൽ നിന്ന് പുറംതള്ളപ്പെടുന്നുവോ?

ചില പ്രതിലോമകരമായ ചിന്താഗതി മൂലം ചരിത്രത്തിനു പുറംതിരിഞ്ഞു നിൽക്കുന്നവർ ക്രൈസ്തവ കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി മുദ്ര കുത്തുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് ക്രൈസ്തവരുടെ അർഹതപ്പെട്ട അവകാശങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഏറെ ദുഃഖകരമാണ്.

ക്രൈസ്തവരുടെയും മിഷനറിമാരുടെയും സംഭാവനകളെ നിസ്സാരവൽക്കരിച്ചു കാണുവാനും തെറ്റിദ്ധരിപ്പിക്കുവാനും അങ്ങനെ അവയുടെ പിതൃത്വം ഏറ്റെടുക്കുവാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം ചരിത്രനിഷേധങ്ങൾ വഴി ക്രിസ്ത്യാനികള്‍ വെറും വിദ്യാഭ്യാസ ആതുരസേവന കച്ചവടക്കാരും അരാഷ്ട്രീയവാദികളും കലാസാംസ്കാരിക പിന്തിരിപ്പന്മാരും അനധികൃത കുടിയേറ്റക്കാരും ഒക്കെയായി തന്ത്രപൂർവ്വം ചിത്രീകരിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതം ഭാരതത്തില്‍ വളരുന്നതനുസരിച്ച് രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് ക്രൈസ്തവര്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പാടെ തമസ്‌കരിക്കപ്പെടുന്ന അവസ്ഥയുണ്ട്.

നാടിന്റെ സമ്പത്ത് വീതം വയ്ക്കുമ്പോള്‍ തുല്യനീതി വേണം. കേരളത്തിലെ ക്രൈസ്തവർക്ക് ഒരു പ്രത്യേക സംസ്കാരമുണ്ട്. അത് കൂട്ടായ്മയുടെയും ക്ഷമയുടെയും സ്നേഹത്തിന്റെയും സംസ്കാരമാണ്. ഏത് സമൂഹത്തിനും ഉള്ളതുപോലെ തന്നെ മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയനിലപാടുകളിൽ മാറ്റം വരുത്താൻ ഒരു സമൂഹമെന്ന നിലയിൽ ക്രൈസ്‌തവസമൂഹത്തിനും അവകാശമുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളായ ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട ക്ഷേമപദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ/ തൊഴിൽ/ സാമ്പത്തിക സഹായപദ്ധതികളെക്കുറിച്ചും സർക്കാർ വേണ്ടത്ര അവബോധം കൊടുക്കണം. അവകാശങ്ങൾ അറിയാവുന്നവർ പങ്കുവയ്ക്കുന്നില്ല. ഈ അർഹതപ്പെട്ട അവകാശങ്ങളെക്കുറിച്ച് അറിയാത്തിടത്തോളം കാലം അവകാശനിഷേധങ്ങളെക്കുറിച്ച് പരാതിപ്പെടാനും ക്രൈസ്തവർക്കാകില്ല.

ഉപസംഹാരം

ക്രൈസ്തവ കുടിയേറ്റങ്ങളെയും അവരുടെ സ്വത്വബോധത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്യുകയും തമസ്ക്കരിക്കുകയും നിഷ്‌പ്രഭമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ സ്വൽപം പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. രാജ്യത്തെ സ്നേഹിക്കാൻ, സാമൂഹ്യനീതി നടപ്പാക്കാൻ, രാജ്യത്തെ വിദ്യാഭ്യാസ – ആരോഗ്യരംഗം മികവുറ്റതാക്കാൻ ക്രൈസ്തവർ തങ്ങളുടെ ഭാവിസ്വപ്നങ്ങളോട് ഇനിയും നീതി പുലർത്തിക്കൊണ്ടിരിക്കും.

ന്യൂനപക്ഷ ക്രൈസ്തവരുടെ നിശബ്ദനിലവിളികളെ ഭരണകർത്താക്കൾ കാണാതെ പോകരുത്. സംവരണാനുകൂല്യം സ്വീകരിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളിലെ കൂടുതല്‍ അവശരെയും ആവശ്യക്കാരെയും കണ്ടെത്താനും സഹായിക്കാനും ഉയര്‍ത്തിക്കൊണ്ടു വരാനുമുള്ള സംവിധാനം ഉണ്ടാകണം. നീതിപീഠം പോലും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അനുപാതത്തിൽ അസന്തുലിതാവസ്ഥ കണ്ടെത്തിയിരിക്കുന്നു. സർക്കാർ ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുകയും ഉടൻ പരിഹരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്തെ സർക്കാരുകളും അധികാരികളും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നീതിപൂർവ്വകമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.