‘1001 ദേവാലയങ്ങളുടെ നഗരം’ എന്നറിയപ്പെട്ടിരുന്ന സ്ഥലം

ഒരു വലിയ സംസ്കാരത്തിന്റെയും പ്രൗഢഗംഭീരമായ ഭരണ രീതികളുടെയും ആചാരങ്ങളുടെയും ഒക്കെ സ്മാരകങ്ങളായി അവശേഷിക്കുന്ന ചിലതുണ്ട്. ചില കെട്ടിടങ്ങൾ, കൊട്ടാരങ്ങൾ, ചില സൂചന ഫലകങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ അങ്ങനെ പലതും. ഇത്തരത്തിൽ ഒരു മഹാ സംസ്കാരത്തിന്റെ അവശേഷിപ്പുകളായി മാറിയ ഒരു സ്ഥലമുണ്ട്. ബാഗ്രാറ്റിഡ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം ഒരു കാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത് ‘1001 ദേവാലയങ്ങളുടെ നഗരം’ എന്നായിരുന്നു. ഈ 1001 ദേവാലയങ്ങളുടെ നഗരത്തിലൂടെ നമുക്കും ഒന്ന് കടന്നു പോകാം…

ഇപ്പോൾ അർമേനിയയും കിഴക്കൻ തുർക്കിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു ഒരു കാലത്ത് 1001 ദേവാലയങ്ങളുടെ നഗരം എന്ന് അറിയപ്പെട്ടിരുന്നത്. ഈ നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സവിശേഷതയും മൂലം പ്രധാന വാണിജ്യ പാതയായി മാറുവാൻ വളരെ വേഗം ഈ നഗരത്തിനു കഴിഞ്ഞു. തന്മൂലം നഗരം കെയ്‌റോയും കോൺസ്റ്റാന്റിനോപ്പിളും പോലെയുള്ള നഗരങ്ങളുമായി പ്രാധാന്യത്തിലും മനോഹാരിതയിലും മത്സരിക്കുവാൻ തക്കവിധം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുവാൻ ഈ ചെറു നഗരത്തിനു കഴിഞ്ഞു.

അങ്ങനെ വളർന്നു വന്ന നഗരത്തിൽ ധാരാളം ദേവാലയങ്ങളും കൊട്ടാരങ്ങളും കോട്ടകളും നിറഞ്ഞ മനോഹരമായ നഗരം. ധാരാളം ദേവാലയങ്ങൾ ഉള്ളതിനാലും വിശ്വാസികൾ കൂടുതൽ ആയതിനാലും ഈ നഗരം വൈകാതെ തന്നെ 1001 ദേവാലയങ്ങളുടെ നഗരം എന്ന് അറിയപ്പെട്ടു തുടങ്ങി. അന്നത്തെ കാലഘട്ടത്തിനു അനുസരിച്ചുള്ള സാങ്കേതികപരമായ വളർച്ചയും ഈ നഗരത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. എന്നാൽ സൗന്ദര്യം ചില സമയങ്ങളിൽ എങ്കിലും ശാപമായി തീരും എന്ന് കേട്ടറിവുള്ളതു പോലെ അതിന്റെ ഭംഗി ഭാഗികമായെങ്കിലും അതിന്റെ നാശത്തിന് കാരണമായി മാറുകയായിരുന്നു.

1236-ൽ മംഗോളിയക്കാർ ഈ നഗരം പിടിച്ചടക്കി. നഗരത്തിന്റെ പതനം അവിടം കൊണ്ടും തീർന്നില്ല. ഒരു തുടർ ദുരന്തം പോലെ പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭീമമായ ഭൂകമ്പം നഗരത്തെ കാര്യമായി ബാധിച്ചു. മനുഷ്യനു താമസിക്കാൻ കഴിയാത്ത വിധത്തിൽ ആ നഗരം താറുമാറായി. പ്രതാപത്തിന്റെ കാലങ്ങളിൽ ഏകദേശം 200,000 പൗരന്മാരുണ്ടായിരുന്ന നഗരം ഒടുവിൽ ഒരു പട്ടണമായി ചുരുങ്ങി. പിന്നീട് അത് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. ഒരു പ്രേതനഗരം കണക്കെ അവശേഷിച്ചു.

ഇന്ന്, ആധുനിക തുർക്കിയിൽ സ്ഥിതിചെയ്യുന്നത് ഈ നഗരത്തിന്റെ അവശേഷിപ്പുകൾ മാത്രമാണ്. ഈ നഗരം അർമേനിയക്കാർ ഇപ്പോഴും അവരുടെ പൂർവ്വിക മാതൃരാജ്യമായി കരുതിപ്പോരുന്നു. ഇന്ന് ഈ നഗരം സന്ദർശിക്കുവാൻ ഏതാനും സഞ്ചാരികളും ഗവേഷണ വിദ്യാർത്ഥികളും എത്തുന്നുണ്ട്. എന്നിരുന്നാൽ തന്നെയും നഗരം പുനരുദ്ധരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒന്നും തന്നെ ഇവിടെ ആരംഭിച്ചിട്ടില്ല.