പ്രതിസന്ധികളിലും കർത്താവിന്റെ സഭ നിലനിൽക്കുന്നു: ഫ്രാൻസിസ് പാപ്പാ

“പാപത്തിന്റെ സാന്നിധ്യം എപ്പോഴും മനുഷ്യന്റെ പദ്ധതികളെ തകിടം മറിക്കുന്നു. എന്നാൽ, പ്രതിസന്ധികളിലും കർത്താവിന്റെ സഭ നിലനിൽക്കുന്നു. മുന്നോട്ടു പോകുന്നു.” ബുധനാഴ്ച നടന്ന പൊതുപ്രഭാഷണത്തില്‍, വിശ്വാസികളോട് സംസാരിക്കവെയാണ് ഫ്രാൻസിസ് പാപ്പ ഈ കാര്യം ഉദ്ബോധിപ്പിച്ചത്.

സഭയുടെയും ക്രിസ്ത്യാനികളുടെയും ചരിത്രം പരിശോധിക്കാം. പല കാലഘട്ടങ്ങളിലായി സഭയിൽ പല കുറ്റങ്ങളും കുറവുകളും അഴിമതികളും ഒക്കെ ഉണ്ടായി. എന്നിട്ടും സഭ തകർന്നില്ല. അതിനു കാരണം ദൈവം സഭയിൽ ഉണ്ട്, ദൈവത്താൽ സ്ഥാപിതമാണ് സഭ എന്നതു തന്നെ – പാപ്പാ ചൂണ്ടിക്കാട്ടി. ‘നാമെല്ലാവരും പാപികളാണ്. അതിനാൽ തന്നെ ദൈവത്തിന്റെ മുമ്പിൽ അഴിമതിക്കാരും. എന്നാൽ, ദൈവം അത് പരിഗണിക്കുന്നില്ല. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്. നമ്മെ അവിടുന്ന് രക്ഷിക്കുന്നു. ദൈവം നമ്മുടെ ഒപ്പമുണ്ട് എന്നതായിരിക്കണം നമ്മുടെ കരുത്ത്’ – പാപ്പാ വ്യക്തമാക്കി.

മനുഷ്യന്റെ പദ്ധതികൾ പലപ്പോഴും തകരുന്നത് കാണുവാൻ സാധിക്കും. ലോകത്തിൽ ആധിപത്യം സ്ഥാപിക്കാൻ മനുഷ്യൻ സൃഷ്ടിച്ച പദ്ധതികളൊക്കെ തകർന്നു. അതിനു കാരണം, ദൈവം അവരോടൊപ്പം ഉണ്ടായിരുന്നില്ല എന്നതു തന്നെ. മനുഷ്യന്റെ ഉള്ളിലെ ശക്തി, അത് നിലനിൽക്കുന്ന ഒന്നല്ല. ദൈവത്തിന്റെ ശക്തി മാത്രമേ നിലനിൽക്കൂ – പാപ്പാ ഓർമ്മിപ്പിച്ചു.