പെറുവിലെ സഭ ആദ്യത്തെ പീഡിയാട്രിക് കാന്‍സര്‍ സെന്റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു

തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ കത്തോലിക്കാസഭയുടെ പിന്തുണയോടെ നിര്‍മ്മിച്ച ആദ്യത്തെ പീഡിയാട്രിക് കാന്‍സര്‍ സെന്‍റര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ജീവന്റെ ഭവനം എന്നർത്ഥം വരുന്ന ‘വിദവാസി’ എന്ന പേരിലാണ് ഈ ആശുപത്രി അറിയപ്പെടുക. അപ്പസ്തോലിക പ്രതിനിധി മോണ്‍. നിക്കോളാ ഗിരാസോളി, കുസ്കോ മെത്രാപ്പോലീത്ത മോണ്‍. റിച്ചാര്‍ഡ് അലാക്രോണ്‍ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് പൊതുജനങ്ങള്‍ക്കായി ആശുപത്രി തുറന്നുകൊടുത്തത്. കുസ്കോയിലെ ഉറുസ്കോ ജില്ലയിലെ യാനാഹുവാര പട്ടണത്തിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്.

‘വിദവാസി’ എല്ലാ പെറുവിയന്‍ ജനതയ്ക്കും ഒരു അനുഗ്രഹമാണെന്നും പ്രശാന്തമായ മേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ വരുന്ന കുഞ്ഞു കാന്‍സര്‍ രോഗികള്‍ക്കെല്ലാം ശാന്തിയും സമാധാനവും ലഭിക്കുമെന്നും ആര്‍ച്ച്ബിഷപ്പ് ഗിരാസോളി പറഞ്ഞു. ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ഏറ്റവുമധികം സഹായിച്ച കത്തോലിക്കാസഭയോട് നന്ദി അറിയിക്കുന്നതായി ജെസൂസ് ഡോങ്കോ പറഞ്ഞു.

കത്തോലിക്കാസഭയുടെ പിന്തുണയോടെയാണ് വിദവാസി പദ്ധതി പൂര്‍ത്തീകരിച്ചത്. കത്തോലിക്കാ സഭയ്ക്ക് പുറമേ, സാന്‍ ജോവാന്‍ ഡെ ഡ്യൂ ഹോസ്പിറ്റല്‍, ബാഴ്സലോണയിലെ പുയിഗ്വെര്‍ട്ട് ഫൗണ്ടേഷന്‍, മെക്സിക്കോയിലെ ടെലെടോണ്‍ ഹോസ്പിറ്റല്‍, അമേരിക്കയിലെ സെന്റ്‌ ജൂഡ് ഹോസ്പിറ്റല്‍ തുടങ്ങിയ പ്രഗത്ഭ ഓങ്കോളജി ആശുപത്രികളുടെ സഹായവും ‘വിദവാസി’ക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.