അഡ്വ. ജോസ് വിതയത്തിലിന്റെ സേവനങ്ങൾ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിതമാതൃകയും അത്മായ ശാക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. അഡ്വ. ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തോടും സഭയോടും സമൂഹത്തോടും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായിരുന്ന അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നുവെന്നും ഈ തലങ്ങളില്‍ അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ വളരെ പ്രതീക്ഷകളേകുന്നുവെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൂട്ടിച്ചേര്‍ത്തു.

ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിയെ തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ ജോസ് വിതയത്തില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുക മാത്രമല്ല, അവിടെയെല്ലാം ക്രൈസ്തവസാക്ഷ്യം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചുവെന്ന് ബിഷപ്പ് വാണിയക്കിഴക്കേല്‍ അനുസ്മരിച്ചു.

വിതയത്തില്‍ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജേഷ്ഠസഹോദരന്റെ വേര്‍പാടുയര്‍ത്തുന്ന വേദന ഒരു വര്‍ഷം കഴിഞ്ഞിട്ടും മനസ്സില്‍ വിങ്ങലായി നിലനില്‍ക്കുന്നു. തന്റെ രാഷ്ട്രീയജീവിതത്തിന്റെ താഴ്ചയിലും വളര്‍ച്ചയിലും അദ്ദേഹം നല്‍കിയ ഉറച്ച പിന്തുണ വാക്കുകളില്‍ ഒതുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരണപ്രഭാഷണവും നടത്തി.

ഫാ. പോള്‍ ചുള്ളി, മുന്‍ പി.എസ്. സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഐഎഎസ്, മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ വി.വി. അഗസ്റ്റിന്‍, സീറോ മലബാര്‍ സഭ ലെയ്റ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ്, സീറോമലബാര്‍ സഭ ഔദ്യോഗിക വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, സീറോമലബാര്‍ സഭ പ്രൊലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം പ്രസിഡന്റ് അബ്ദുള്‍ അസീസ്, ലിയോണ്‍ വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു.

അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ആലങ്ങാട് തുടക്കം കുറിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.