അസാധാരണ മിഷനറി മാസം ദൈവസ്‌നേഹത്താൽ പൂരിതമാക്കുവാൻ ഒരുങ്ങി പാക്കിസ്ഥാനിലെ സഭ

നമ്മുടെ രക്ഷയ്ക്കായി തന്റെ ജീവൻ നൽകാൻ പോലും തയ്യാറായ ദൈവത്തിന്റെ സ്നേഹം അതുപോലെ തന്നെ സമൂഹത്തിലേയ്ക്കും പകരുവാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും സ്വീകരിച്ചിരിക്കുന്നതെന്ന് പാക്കിസ്ഥാനിലെ അപ്പസ്‌തോലിക സ്ഥാനപതി ആർച്ച്ബിഷപ് ക്രിസ്റ്റോഫ് അൽ കാസിസ്. പാക്കിസ്ഥാനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

ക്രിസ്തുവിൽ നിന്ന് നമുക്കു ലഭിച്ച സ്നേഹം അത് അനേകരിലേയ്ക്ക് പകർന്നു കൊടുക്കാനുള്ള അവസരമാക്കി ഈ അസാധാരണ മിഷനറി മാസം ഉപയോഗപ്പെടുത്താം. ഒരു മിഷനറിയിൽ നിന്ന് ദൈവത്തിന്റെ സ്നേഹം പകരുമ്പോൾ അത് സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നു. മറ്റുള്ളവരോടുള്ള സ്നേഹം വിതയ്ക്കുന്നതിനും, സുവിശേഷം പ്രസംഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പരിശുദ്ധാത്മാവിൽ നിന്ന് പ്രചോദനം സ്വീകരിക്കുന്നതിന് നാം എപ്പോഴും നമ്മുടെ ഹൃദയം തുറന്നിരിക്കണം” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ മാസം ആചരിക്കാനിരിക്കുന്ന അസാധാരണ മിഷനറി മാസാചരണത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ക്രിസ്തു സ്നേഹം അനേകരിലേയ്ക്ക് പകരുന്നതിൽ കേന്ദ്രീകരിക്കുവാനൊരുങ്ങുകയാണ് പാക്കിസ്ഥാനിലെ സഭ. അതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപതോളം ആളുകൾ പങ്കെടുത്തു.