വിദ്യാധനം കുഞ്ഞുങ്ങൾക്കു പകരുവാൻ സ്‌കൂളുകളുടെ വാതിൽ തുറന്ന് ബെയ്‌റൂട്ടിലെ സഭ

സമ്പത്തില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതെ പോകരുത് എന്ന ഉറച്ച ബോധ്യവുമായി ബെയ്‌റൂട്ടിലെ മാരോനിറ്റ് സഭ. ഫീസ് അടയ്ക്കാൻ കഴിയാത്ത കുട്ടികൾക്കു പോലും സൗജന്യമായി വിദ്യാഭ്യാസം നൽകുവാൻ സ്‌കൂളുകൾ തുറന്നു നൽകുന്നതിനുള്ള പരിപാടികൾ ആരംഭിച്ചിരിക്കുകയാണ് ബെയ്‌റൂട്ട് രൂപതയ്ക്കു കീഴിലുള്ള സ്കൂളുകൾ.

സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായ സാചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുവാനും ശോഭനമായ ഭാവി ഉറപ്പ് വരുത്തുന്നതിനുമാണ് സഭ പരിശ്രമിക്കുന്നത്. പല ഭവനങ്ങളിലെയും ആളുകള്‍ ജീവിക്കുവാൻ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിൽ കുട്ടികളുടെ സ്കൂൾ ഫീസ് പലർക്കും താങ്ങാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പഠനം നിർത്തുക എന്നതാണ് പലരുടെയും മുന്നിലുള്ള പോംവഴി. ഇതു മനസിലാക്കിയ സഭാനേതൃത്വം ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. കൂടാതെ, ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ബെയ്‌റൂട്ട് ആർച്ചുബിഷപ്പ്, തന്റെ പുതിയ കാർ വിൽക്കുകയും പകരം പഴയ കാർ ഉപയോഗിക്കുന്നത് തുടരുകയും ചെയ്‌തു. ഈ തുക പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ മുടക്കം കൂടാതെ നടത്തുന്നതിന് നിക്ഷേപിച്ചുകൊണ്ട് അനേകർക്ക്‌ മാതൃകയായി മാറിയിരിക്കുകയാണ് ബിഷപ്പ് ബൗലോസ് അബ്ദുൽ സാറ്റർ.