മേഖലാ സമഗ്ര സാമ്പത്തിക ധാരണയിലൂടെ (ആര്‍.സി.ഇ.പി) കര്‍ഷകരെ വീണ്ടും ദ്രോഹിക്കരുത്: കത്തോലിക്കാ കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളുടെ ആക്രമണവും പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശവും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം മുഴുപ്പട്ടിണിയിലായ കര്‍ഷകരെ വീണ്ടും ദ്രോഹിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയിരിക്കുന്ന റീജിണല്‍ കോപ്രിഹെന്‍സീവ് ഇക്കണോമിക് പാട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) ധാരണയില്‍ നിന്ന് കേന്ദ്രസര്‍ക്കാന്‍ പിന്മാറണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതി ആവശ്യപ്പെട്ടു.

രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള കാര്‍ഷികപ്രതിസന്ധിയും സാമ്പത്തിക അരക്ഷിതാവസ്ഥയുമാണ് ആര്‍.സി.ഇ.പി എന്ന മേഖലാ സമഗ്ര സാമ്പത്തിക ധാരണ വഴി ഭാരതത്തിന് ലഭിക്കാന്‍ പോകുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ എന്ന ജനവിഭാഗത്തെ രാജ്യത്തു നിന്നും ഉന്മൂലനം ചെയ്യും. ഭാവിതലമുറയില്‍ നിന്നും ആരും തന്നെ കാര്‍ഷികമേഖലയിലേയ്ക്ക് കടന്നുവരുവാന്‍ തയ്യാറാവുകയുമില്ല.

പാലിനും പാലുല്പന്നങ്ങള്‍ക്കും വിലത്തകര്‍ച്ചയുണ്ടാവുകയും ക്ഷീരമേഖല തകരുകയും ചെയ്യും. ഈ സ്വതന്ത്ര വ്യാപാരകരാറിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് ഉല്പന്നങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ഇന്ത്യയിലേയ്ക്കു വന്നാല്‍ ചെറുകിട വ്യവസായമേഖല തന്നെ ഇല്ലാതാകും. സമുദ്രോല്പന്നങ്ങള്‍ ഇറക്കുമതി ചുങ്കമില്ലാതെ ഇന്ത്യന്‍ കമ്പോളത്തില്‍ വരാന്‍ അനുവദിക്കുന്നത് മത്സ്യത്തൊഴിലാളികളോടുള്ള കടുത്ത അവഗണനയും ക്രൂരതയുമാണ്.

കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സെക്രട്ടറി മോഹന്‍ ഐസക്, സെക്രട്ടറി ജോസ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.