സെമിത്തേരി പ്രശ്‌നം

ഫാ. ജോസ് ചിറമേല്‍

കത്തോലിക്കാ സെമിത്തേരിയില്‍ അകത്തോലിക്കരുടേയും മാമ്മോദീസ സ്വീകരിക്കാത്തവരുടേയും ശവസംസ്‌ക്കാരം നടത്താമോ? നടത്താമെങ്കില്‍ അതിനു പാലിച്ചിരിക്കേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണ്?

ജേക്കബ് കെ.ജെ., കണ്ണൂര്‍

ക്രിസ്ത്യാനികള്‍ മൃതദേഹത്തെ പാവനമായി കരുതുന്നു. ആത്മാവ് വേര്‍പെട്ട് ചേതനയറ്റു കിടക്കുന്ന മൃതദേഹത്തെ അലക്ഷ്യമായി വലിച്ചെറിയുകയോ പക്ഷിമൃഗാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയോ നാം ചെയ്യുകയില്ല. മൃതദേഹത്തിന് ചുറ്റു മിരുന്നുള്ള പ്രാര്‍ത്ഥനകളും, മൃതദേഹം സംസ്‌ക്കരി ക്കുന്നതിനുള്ള ശുശ്രൂഷകളും നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്. ഈ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത് വൈദികരാണല്ലോ. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നു. സംസ്‌ക്കരണം നടത്തുന്ന സെമിത്തേരിയോ അതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രത്യേക സ്ഥലമോ നാം പാവനമായി കരുതുന്നു. അവിടെ പ്രാര്‍ത്ഥനകളും മറ്റ് അനുഷ്ഠാനങ്ങളും നടത്തുന്നു. ”ഇവിടമാണ് അദ്ധ്യാത്മ വിദ്യാലയം” എന്ന് മഹാകവി കുമാരനാശാന്‍ വിശേഷിപ്പിക്കുന്നതും ഈ സ്ഥലം തന്നെ. ഇക്കാരണങ്ങള്‍ കൊണ്ട് സെമിത്തേരികള്‍ വിശുദ്ധമായി സൂക്ഷിക്കുന്നതിന് സഭ എക്കാലത്തും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്.

സ്വന്തമായ സെമിത്തേരികള്‍

കത്തോലിക്കാവിശ്വാസികളെ സംസ്‌ക്കരിക്കുന്നതിന് സ്വന്തമായ സെമിത്തേരികള്‍ ഉണ്ടായിരിക്കുവാനുള്ള സഭയുടെ അവകാശത്തെപ്പറ്റി സഭാനിയമത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഏതെങ്കിലും ഇടവകയില്‍ സ്വന്തമായ സെമിത്തേരി ഇല്ലെങ്കില്‍ പൊതു സെമിത്തേരികളില്‍ പ്രത്യേകസ്ഥലം വിശ്വാസികള്‍ക്കായി മാറ്റിവയ്ക്കുവാന്‍ ശ്രദ്ധിക്കണമെന്നും സഭാനിയമം നിഷ്‌ക്കര്‍ഷിക്കുന്നു.
ഇടവകകള്‍ക്ക് പുറമെ സന്യാസാശ്രമങ്ങള്‍, മറ്റ് സമര്‍പ്പിത സമൂഹങ്ങള്‍ എന്നിവയ്ക്കും സ്വന്തമായ സെമിത്തേരികള്‍ക്ക് അവകാശമുണ്ട്. ഇപ്രകാരമുള്ള സെമിത്തേരികളില്‍ അകത്തോലിക്കരുടെയും മാമ്മോദിസ സ്വീകരിക്കാത്തവരുടെയും ശവസംസ്ക്കാരം നടത്താമോ എന്നതാണ് ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന പ്രശ്‌നം. സാധാരണഗതിയില്‍ പാടില്ല എന്നതാണ് ലഘുവായ ഉത്തരം.

സാധാരണഗതിയില്‍ കത്തോലിക്കര്‍ക്ക് മാത്രമേ സഭാവിധിപ്രകാരമുള്ള മൃതസംസ്‌ക്കാരശുശ്രൂഷ നടത്തിക്കൊടുക്കുവാന്‍ പാടുള്ളൂ. കത്തോലിക്കര്‍ക്ക് പുറമേ ജ്ഞാനസ്‌നാനാര്‍ത്ഥികള്‍ക്കും (Catechumens) സഭാപരമായ മൃതസംസ്‌ക്കാരത്തിന് അവകാശമുണ്ട്. ക്രൈസ്തവ വിശ്വാസികളുടേതായ ചില ആനുകൂല്യങ്ങള്‍ ജ്ഞാനസ്‌നാനാര്‍ത്ഥികള്‍ക്കും സഭ നല്കിപ്പോരുന്നു (CIC.c. 206; CCEO.c. 9). സഭാപരമായ സംസ്ക്കാരം ജ്ഞാനസ്‌നാനാര്‍ത്ഥികള്‍ക്കുള്ള ഒരാനുകൂല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ലത്തീന്‍-പൗരസ്ത്യനിയമങ്ങളിലെ നിര്‍ദ്ദേശങ്ങള്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ അകത്തോലിക്കരായ ക്രൈസ്തവവിശ്വാസികള്‍ക്കും സഭാവിധിപ്രകാരമുള്ള സംസ്‌ക്കാരശുശ്രൂഷ നടത്തിക്കൊടുക്കാവുന്നതാണെന്ന് സഭാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സഭാനിയമത്തില്‍ വിശദമായ പ്രതി പാദനങ്ങള്‍ ഇല്ലെങ്കിലും ലത്തീന്‍ നിയമത്തിലേയും പൗരസ്ത്യനിയമത്തിലേയും നിര്‍ദ്ദേശങ്ങള്‍ ഏറെ ക്കുറെ സമാനമാണ്.

ലത്തീന്‍ നിയമത്തിലെ 1183-ാം കാനോനയനുസരിച്ച് കത്തോലിക്കാ മാതാപിതാക്കളുടെ കുട്ടികള്‍ മാമ്മോദീസ സ്വീകരിക്കുന്നതിന് മുന്‍പ് മരണമടഞ്ഞാല്‍ അവര്‍ക്ക് സഭാപരമായ മൃതസംസ്‌ക്കാര ശുശ്രൂഷ നല്‍കാവുന്നതാണ്. ഇപ്രകാരം മാമ്മോദിസ സ്വീകരിക്കാതെ മരിക്കുന്ന കുട്ടികള്‍ക്ക് സഭാപരമായ ശവസംസ്‌ക്കാരശുശ്രൂഷ നല്കണമെങ്കില്‍ മരിച്ച ശിശുവിന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കോ കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള വ്യക്തിക്കോ (guardian)) കുട്ടിക്ക് മാമ്മോദീസ നല്കണമെന്ന് ആഗ്രഹമുണ്ടായിരുന്നിരിക്കണം എന്നു മാത്രമേയുള്ളൂ (CIC.c. 1183/2). ശിശുക്കള്‍ മാമ്മോദീസ സ്വീക രിക്കാതെയാണ് മരിക്കുന്നതെങ്കിലും ദൈവത്തിന്റെ കാരുണ്യത്തിനായി സഭ ശിശുക്കളെ സമര്‍പ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. എല്ലാവരും രക്ഷപ്രാപി ക്കണമെന്നതാണല്ലോ സഭയുടെ ആഗ്രഹം (CCC. 1261).

ലത്തീന്‍ നിയമസംഹിതയില്‍

അകത്തോലിക്കര്‍ക്കും കത്തോലിക്കാ സെമിത്തേരിയില്‍ സഭാപരമായ സംസ്‌ക്കാരശുശ്രൂഷ നല്കുന്നതിനെപ്പറ്റി ലത്തീന്‍ നിയമസംഹിതയില്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തിനായി സ്ഥലത്തെ കത്തോലിക്കാ മേലധ്യക്ഷന്റെ അനുവാദം ലഭിച്ചിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അകത്തോലി ക്കര്‍ക്ക് കത്തോലിക്കാ സെമിത്തേരിയില്‍ സഭാപര മായ സംസ്‌ക്കാരശുശ്രൂഷ നല്‍കണമോയെന്ന് മെത്രാ ന്‍ തീരുമാനിക്കുന്നത്. പ്രസ്തുത വ്യവസ്ഥകള്‍ ഇപ്ര കാരമാണ്:
1. മരിച്ചയാള്‍ സാധുവായ മാമ്മോദീസ സ്വീകരിച്ചിട്ടുണ്ടാകണം (മാമ്മോദീസയുടെ സാധുതയെപ്പറ്റി സംശയമുള്ളപ്പോഴും സഭാപരമായ മൃതസംസ്‌ക്കാരം നടത്താവുന്നതാണ്);
2. മരിച്ചയാളുടെ സഭയിലെ (സഭാസമൂഹത്തിലെ) വൈദികനെ ലഭിക്കുക പ്രയാസമാകുമ്പോള്‍;
3. മരിച്ചയാള്‍ കത്തോലിക്കാസഭയുടെ മൃതസംസ്‌ക്കാ രശുശ്രൂഷയെ എതിര്‍ത്തിട്ടില്ലാത്ത ആളായിരിക്കണം.
ഇതില്‍ നിന്ന് ലത്തീന്‍ നിയമസംഹിതയനുസരിച്ച് മാമ്മോദീസ സ്വീകരിക്കാത്ത കത്തോലിക്കാ കുട്ടികള്‍ക്കും മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കര്‍ക്കും ചില വ്യവസ്ഥകള്‍ക്ക് വിധേയമായി കത്തോലിക്കാ സെമിത്തേരിയില്‍ സഭാപരമായ സംസ്‌ക്കാരശുശ്രൂഷ നടത്തിക്കൊടുക്കാവുന്നതാണെന്ന് വ്യക്തമാണല്ലോ.

പൗരസ്ത്യനിയമത്തില്‍

ലത്തീന്‍ നിയമത്തില്‍ നിന്ന് ഇക്കാര്യത്തില്‍ കൃത്യ മായ മാറ്റം പൗരസ്ത്യനിയമത്തില്‍ ഇല്ലെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. പൗരസ്ത്യ നിയമമനുസരിച്ച് മാതാപിതാക്കള്‍ മാമ്മോദീസ നല്കാന്‍ ആഗ്രഹിച്ചിരു ന്നുവെങ്കിലും മാമ്മോദീസ സ്വീകരിക്കാന്‍ പറ്റാതെ മരണമടയുന്ന ശിശുക്കള്‍ക്കും, സഭയുമായി ഏതെങ്കിലും വിധത്തില്‍ അടുത്തുനില്ക്കുകയും എന്നാല്‍ മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കാതെ മരിക്കു കയും ചെയ്യുന്നവര്‍ക്കും കത്തോലിക്കാ സെമിത്തേരിയില്‍ സഭാപരമായ സംസ്‌ക്കാരശുശ്രൂഷ നല്കാവുന്നതാണ് (CCEO.c. 876/2). ഇപ്രകാരം ചെയ്യുന്നതിന് സ്ഥലത്തെ കത്തോലിക്കാ മേലധ്യക്ഷന്റെ അനുമതി ലഭിച്ചിരിക്കണം.

ലത്തീന്‍ നിയമമനുസരിച്ച്, അകത്തോലിക്കാ സഭയിലോ ക്രിസ്തീയ സമൂഹങ്ങളിലോപെട്ടവര്‍ക്കാണ് (Non- Catholics and ecclesial communities) മേല്പറഞ്ഞ വ്യവസ്ഥകള്‍ക്ക് വിധേയമായി സഭാപരമായ സംസ്ക്കാരശുശ്രൂഷ കത്തോലിക്കാസെമിത്തേരിയില്‍ നല്കാവുന്നതെങ്കില്‍ പൗരസ്ത്യനിയമമനുസരിച്ച് കത്തോലിക്കാ സഭയുമായി അടുത്തുകഴിയുന്ന മാമ്മോദീസ സ്വീകരിക്കാത്തവര്‍ക്കുകൂടി സഭാപരമായ സംസ്‌ക്കാരശുശ്രൂഷ നല്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് മാമ്മോദീസ സ്വീകരിക്കാത്തവര്‍ക്കും, അവര്‍ സഭയുമായി അടുത്തു കഴിയുന്നവരാണെങ്കില്‍ സ്ഥലത്തെ മെത്രാന്റെ അനുമതി ലഭിക്കുന്ന പക്ഷം കത്തോലിക്കാ സെമിത്തേരിയില്‍ ശവസംസ് ക്കാരശുശ്രൂഷ നടത്തിക്കൊടുക്കാവുന്നതാണ്.

എക്യുമെനിക്കല്‍ ഡയറക്ടറിയിലെ പരാമര്‍ശം

1993-ലെ എക്യുമെനിക്കല്‍ ഡയറക്ടറിയിലെ 137-ാം ഖണ്ഡികയനുസരിച്ച് കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും കത്തോലിക്കാസഭയുമായി പൂര്‍ണ്ണ ഐക്യത്തിലെത്താത്ത അകത്തോലിക്ക സഭാംഗങ്ങളുടെ ആത്മീയശുശ്രൂഷകള്‍ക്കായി അവരുടെ വൈദികര്‍ക്കോ സമൂഹത്തിനോ നല്കാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് ആരാധനാശു ശ്രൂഷകള്‍ക്കായി സ്വന്തമായി ദേവാലയമോ ആരാധനാലയമോ ഇല്ലാത്ത അവസരങ്ങളില്‍ സ്ഥലത്തെ മേലധ്യക്ഷനാണ് ഇതിനുള്ള അനുമതി നല്‌കേണ്ടത്. ഈ സാഹചര്യത്തില്‍ കത്തോലിക്കാസെമിത്തേരിയും സ്ഥലത്തെ മെത്രാന്റെ അനുവാദത്തോടെ അവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

വ്യക്തതയുടെ ആവശ്യം

ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വ്യക്തതയും വിശദമായ പ്രതിപാദനവും ആവശ്യമാണ്. ലത്തീന്‍ നിയമത്തിലും വിശദമായ പ്രതിപാദനങ്ങള്‍ ഇല്ല. ഓരോ സഭയുടെയും പ്രത്യേകനിയമത്തില്‍ വ്യക്തത ഉണ്ടാകുന്നതിനാവശ്യമായ നിയമനിര്‍മ്മാണം ഉണ്ടാകേണ്ടിയിരിക്കുന്നു. കത്തോലിക്കാ സെമിത്തേരിയില്‍ അകത്തോലിക്കരുടെ ശവസംസ്ക്കാരത്തിനുള്ള ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. മിശ്രവിവാഹങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു സാഹചര്യമാണ്. ജീവിതപങ്കാളിയോടൊപ്പം കത്തോലിക്കാസെമിത്തേരിയില്‍ തന്നെ അകത്തോലിക്കാസഭാംഗമായ കൂട്ടു പങ്കാളിക്കും അന്ത്യവിശ്രമം കൊള്ളണമെന്ന് ആഗ്രഹിക്കുമ്പോള്‍ അകത്തോലിക്കരേയും കത്തോലിക്കാ സെമിത്തേരിയില്‍ സംസ്‌ക്കരിക്കേണ്ടവരും.

 ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.