മണ്ണാര്‍ക്കാട് നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി മാര്‍ ജേക്കബ് മനത്തോടത്ത് നല്‍കിയ ശുപാര്‍ശക്കത്ത് സഭയുടെ രാഷ്ട്രീയ നിലപാടല്ല: കത്തോലിക്ക കോണ്‍ഗ്രസ്

പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് തന്റെ ഒരു രൂപതാ അംഗത്തിന് മണ്ണാര്‍ക്കാട് നിയമസഭാ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി നല്‍കിയ ശുപാര്‍ശക്കത്ത് വിവിധ മാധ്യമങ്ങളിലൂടെ രാഷ്ട്രീയവും മതപരവുമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഉത്കണ്ഠ രേഖപ്പെടുത്തി.

ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാര്‍ രൂപതാംഗങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി, സ്ഥാനാര്‍ത്ഥിയുടെ കക്ഷിരാഷ്ട്രീയം പരിഗണിക്കാതെ ശുപാര്‍ശക്കത്തുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം ശുപാര്‍ശകള്‍ സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ വെളിപ്പെടുത്തലല്ല മറിച്ച്, പ്രസ്തുത രൂപതാംഗത്തിന് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി, രൂപതാംഗം എന്ന നിലയില്‍ നല്‍കുന്ന പിന്തുണ മാത്രമാണ്.

പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് നല്‍കിയ ശുപാര്‍ശക്കത്തിന്റെ പേരില്‍ രാഷ്ട്രീയ ചേരിതിരിവും മതസ്പര്‍ദ്ധയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. അദ്ദേഹം നല്‍കിയ ശുപാര്‍ശക്കത്ത് സഭയുടെ രാഷ്ട്രീയ നിലപാടായി ദുര്‍വ്യാഖ്യാനിക്കുന്നത് സഭയെയും സമുദായത്തെയും സമൂഹമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി. കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, പാലക്കാട് രൂപത പി.ആര്‍.ഒ. ഫാ. ജോബി കാച്ചപ്പിള്ളി, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.