പ്രതിഷേധങ്ങൾക്കിടയിലും പാക്കിസ്ഥാനിൽ കത്തോലിക്കാ ദൈവാലയം പൊളിച്ചുനീക്കി

പാക്കിസ്ഥാനിലെ കറാച്ചിയിൽ 300 -ലധികം ക്രിസ്ത്യൻ കുടുംബങ്ങളുള്ള സെന്റ് ജോസഫ് ദൈവാലയം പൊളിച്ചുനീക്കി. ആഗസ്റ്റ് 24 -നാണ് സംഭവം. ഒരു സിവിൽ സൊസൈറ്റി ഗ്രൂപ്പിന്റെ ചെറുത്തുനിൽപ്പും യുഎൻ മനുഷ്യാവകാശ വിദഗ്ധരുടെ മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും ഇതെല്ലാം അവഗണിച്ചാണ് ദൈവാലയം പൊളിച്ചുനീക്കിയത്.

വെള്ളപ്പൊക്കം തടയുന്നതിനുള്ള ഒരു പദ്ധതിയുടെ ഭാഗമാണിതെന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വാദം. സമീപത്തെ രണ്ട് പള്ളികൾ ഇതിനകം പൊളിച്ചുമാറ്റിയിട്ടുണ്ട്. വിശ്വാസികളുടെ വലിയൊരു സമൂഹത്തിന് പ്രാർത്ഥനയ്ക്കായി അവശേഷിച്ചിരുന്ന ദൈവാലയമായിരുന്നു ഇത്. 2019 -ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ‘ഗുജ്ജർ നുള്ള’ എന്നും ‘ഒരംഗി നുള്ള’ എന്നും അറിയപ്പെടുന്ന, കറാച്ചിയിലൂടെ കടന്നുപോകുന്ന രണ്ട് ഇടുങ്ങിയ അരുവികൾക്കു സമീപമുള്ള കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെ തുടർന്നാണ് പൊളിച്ചുനീക്കൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

മലിനജലപ്രവാഹമായ ഗുജ്ജർ നുള്ളയിലെ കൈയേറ്റ വിരുദ്ധപ്രവർത്തനം 96,000 ആളുകൾ താമസിക്കുന്ന ഈ സ്ഥലത്തെ 12,000 വീടുകളെ ബാധിക്കുമെന്ന് യുഎൻ വിദഗ്ദ്ധർ പറയുന്നു. ലഭ്യമായ കണക്കുകളനുസരിച്ച്, 66,500 -ലധികം ആളുകളെ ഈ കൈയേറ്റ പ്രവർത്തനം ഇതിനകം ബാധിച്ചിട്ടുണ്ട്. ഗുജ്ജർ നുള്ളയിൽ 4,900 വീടുകളും ഒറങ്ങി നുള്ളയിൽ 1,700 വീടുകളും തകർന്നു.

ജൂണിൽ, യുഎൻ മനുഷ്യാവകാശ വിദഗ്ധർ പാക്കിസ്ഥാനോട് ജലപാതയോരത്ത് താമസിക്കുന്ന 1,00,000 ആളുകളെ ഒഴിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, എതിർപ്പുകളെ അവഗണിച്ചും കുടിയൊഴിപ്പിക്കലും പൊളിച്ചുനീക്കലുകളും സർക്കാർ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.