സന്യാസത്തെ സംബന്ധിച്ച കാനന്‍ നിയമങ്ങള്‍: ഒരാളെ സന്യാസ സഭയിൽ നിന്ന് പുറത്താക്കുന്നതെപ്പോൾ?

കത്തോലിക്കാ സഭയില്‍ സന്യസിനീ-സന്യസിമാര്‍ക്ക് പാവനവും ശ്രേഷ്ഠവുമായ ഒരു സ്ഥാനമുണ്ട്. പൊതുവായി സന്യസ്തര്‍ എന്നോ സമര്‍പ്പിതര്‍ എന്നോ ഇവര്‍ വിളിക്കപ്പെടുന്നു. ആശ്രമങ്ങള്‍, ഓര്‍ഡറുകള്‍, കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങിയ വിവിധ ഗണങ്ങളിലായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ഇവര്‍ എല്ലാവരും ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട്, ദൈവസ്‌നേഹത്താല്‍ പ്രചോദിതരായി സഭയ്ക്കും സമൂഹത്തിനും നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിക്കുന്നു. ആദ്ധ്യാത്മിക മണ്ഡലങ്ങള്‍ക്ക് പുറമേ ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും ഇവരുടെ സേവനം അനര്‍ഘമാണ്. എങ്കില്‍പ്പോലും, ആദരണീയരായിട്ടുള്ള ഇവരുടെ ജീവിതവും പ്രവര്‍ത്തനശൈലിയും പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനവിധേയമാവുകയും ചെയ്യുന്ന അവസരങ്ങള്‍ വര്‍ദ്ധിച്ചു വരുന്നില്ലേ എന്ന് സംശയിക്കുന്നു.

സ്വയം യേശുക്രിസ്തുവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥനാപൂര്‍ണ്ണവും സേവനാത്മകവും ത്യാഗസുരഭിലവുമായ ജീവിതം നയിക്കുന്ന ഇവരെക്കുറിച്ച് ബാഹ്യലോകം അറിയേണ്ടതാവശ്യമാണ്. സമര്‍പ്പിതജീവിതത്തിലേയ്ക്കുള്ള ഇവരുടെ പ്രവേശനം, തുടര്‍ന്നുള്ള പരിശീലനം, ജീവിതചര്യ തുടങ്ങിയ കാര്യങ്ങളില്‍ സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങളും അവയുടെ കാനോനികമായ അടിസ്ഥാനവുമാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

പരിശുദ്ധ കാനോനകള്‍

1990 ഒക്‌ടോബര്‍ 18-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ”പരിശുദ്ധ കാനോനകള്‍” എന്ന അപ്പസ്‌തോലിക പ്രമാണരേഖ വഴി പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ”പൗരസ്ത്യ സഭകളുടെ കാനോന സംഹിത” യിലെ പന്ത്രണ്ടാമത്തെ ശീര്‍ഷകത്തിലാണ് ”ആശ്രമവാസികളേയും സന്യസ്തരെയും മറ്റു സമര്‍പ്പിത ജീവിതസമൂഹങ്ങളിലെ അംഗങ്ങളെയും” പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. ലത്തീന്‍ സഭയ്ക്കു വേണ്ടി 1983-ല്‍ പ്രസിദ്ധീകരിച്ച നിയമസംഹിതയില്‍ (Code of Canon Law) സമര്‍പ്പിതജീവിതം നയിക്കുന്നവരെ ”സന്യസ്തര്‍” എന്നും ”സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍” എന്നുമായി വേര്‍തിരിച്ചപ്പോള്‍ പൗരസ്ത്യ സഭകള്‍ക്കു വേണ്ടി 1990-ല്‍ പുറത്തിറങ്ങിയ നിയമസംഹിതയില്‍ (Code of Canons of the Eastern Churches) സമര്‍പ്പിതരെ ആറ് വ്യത്യസ്ത ഗണങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. അവ താഴെപ്പറയുന്നവയാണ്:

1. ആശ്രമങ്ങള്‍ (Monasteies)
2. ഓര്‍ഡറുകള്‍ (Orders)
3. കോണ്‍ഗ്രിഗേഷനുകള്‍ (Congregations)
4. സന്യസ്തരുടെ മാതൃകയില്‍ സമൂഹജീവിതം നയിക്കുന്ന സംഘങ്ങള്‍ (Societies of common life according to the manner of religious)
5. സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (Secular Institutes)
6. സമര്‍പ്പിത ജീവിതത്തിന്റെ മറ്റു രൂപങ്ങളും അപ്പസ്‌തോലിക ജീവിതസംഘങ്ങളും (Other forms of Consecrated life and societies of appostolic life).

സന്യാസ ജീവിതത്തിന്റെ പൊതുവായ ഘടകങ്ങള്‍

സന്യാസ ജീവിതത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സ്വയം വിശുദ്ധീകരണവും സഭാസേവനവുമാണ്. സന്യാസാവസ്ഥ എന്നത് ക്രിസ്തുവിനെ അടുത്തനുകരിക്കാന്‍ ശ്രമിച്ചു കൊണ്ട് തങ്ങളെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കാനുള്ള വിളിയും പ്രത്യുത്തരവുമാണ്. സന്യാസജീവിതത്തിന്റെ പ്രധാനഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. സ്ഥിരത (stability)

സന്യസ്തരുടെ സമര്‍പ്പണം സ്ഥിരത ആവശ്യപ്പെടുന്നുണ്ട്. സന്യാസ സഭകളുടെ നിയമാവലിയനുസരിച്ച് അര്‍ത്ഥികള്‍ താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തും. താല്‍ക്കാലിക വ്രതവാഗ്ദാനത്തിനു ശേഷമാണ് നിത്യ വ്രതവാഗ്ദാനം നടത്തുക. താല്‍ക്കാലിക വ്രതങ്ങള്‍ വഴിയും ഒരു വ്യക്തി ദൈവത്തിന് സമര്‍പ്പിക്കുന്നത് പൂര്‍ണ്ണമായാണ്, പരിധികളില്ല.

2. സമൂഹജീവിതം (common life)

ഏതൊരു സന്യാസിയും സാധാരണഗതിയില്‍ സമൂഹജീവിതം നയിക്കണം. കാരണം, സഭാനിയമ പ്രകാരം സന്യാസജീവിതം സമൂഹജീവിതം ആവശ്യപ്പെടുന്നു. സമൂഹത്തില്‍ അംഗത്വം സ്വീകരിച്ച് അതിന്റെ അരൂപിക്കനുസരിച്ച് ജീവിക്കുകയും പ്രസ്തുത സമൂഹത്തിന്റെ നിയമാനുസൃതമുള്ള അധികാരിയുടെ കീഴില്‍ ജീവിതസൗകര്യങ്ങള്‍ പങ്കുവച്ച് അനുഭവിക്കുകയും വേണം.’ സന്യാസജീവിതത്തില്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്കും വളരെ പ്രസക്തിയുണ്ട്.

3. സഭ അംഗീകരിച്ച ഭവനം (Institute approved by the Church)

സഭ അംഗീകാരം നല്‍കിയിട്ടുള്ള ഏതെങ്കിലും ഒരു സന്യാസ സമൂഹത്തില്‍ അംഗത്വം ഉണ്ടായിരിക്കണം. എന്നാല്‍, സ്വകാര്യഭവനങ്ങളില്‍ വ്രതങ്ങള്‍ പാലിച്ച് ദൈവത്തിന് സ്വയം സമര്‍പ്പിച്ച് പരിപൂര്‍ണ്ണത പ്രാപിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ടാകാം. എങ്കിലും, സഭാനിയമം അനുസരിച്ച് ഇക്കൂട്ടരെ സന്യാസിമാര്‍ എന്ന് വിളിക്കാനാവില്ല.

4. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവ പരസ്യവ്രതങ്ങളായി സ്വീകരിക്കുന്നവര്‍ (Those who profess public vows of obedience, poverty and charity)

സഭയുടെ പേരില്‍ നിയമാനുസൃതമുള്ള അധികാരികളാല്‍ സ്വീകരിക്കപ്പെടുന്ന വ്രതങ്ങളെയാണ് പരസ്യവ്രതങ്ങളെന്ന് പറയുന്നത്. സന്യസ്തര്‍ ചെയ്യുന്ന വ്രതങ്ങള്‍ ഇത്തരത്തിലുള്ള പരസ്യവ്രതങ്ങളാണ്. വ്യക്തികള്‍ എടുക്കുന്ന മറ്റു വ്രതങ്ങളെല്ലാം സ്വകാര്യസ്വഭാവമുള്ളതാണ്. മേല്പറഞ്ഞതില്‍ നിന്ന് സഭയുടെ ഔദ്യോഗികാംഗീകാരമാണ് അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വ്രതവാഗ്ദാനങ്ങളെ പരസ്യവ്രതങ്ങളാക്കുന്നതെന്ന് വ്യക്തമാണല്ലോ. ഇത്തരം പരസ്യവ്രതങ്ങള്‍ എടുക്കുന്നവരെ മാത്രമാണ് സന്യസ്തര്‍ എന്ന് സഭാനിയമപ്രകാരം വിളിക്കുന്നത്.

സന്യസ്തരും വിധേയത്വവും

സഭയുടെ പരമാധികാരിയായ മാര്‍പാപ്പ എല്ലാ സന്യസ്തരുടേയും ഏറ്റവും ഉയര്‍ന്ന അധികാരിയാണ്. അനുസരണവ്രതം അനുസരിച്ച് സന്യസ്തര്‍ തങ്ങളുടെ സന്യസ സമൂഹത്തിന്റെ നിയമാനുസൃതമുള്ള അധികാരികള്‍ക്ക് കീഴ്‌വഴങ്ങുന്നതു പോലെ, മാര്‍പാപ്പയ്ക്കും കീഴ്‌വഴങ്ങി ജീവിക്കാന്‍ ബാദ്ധ്യസ്ഥരാണ്. കൂടാതെ മാര്‍പാപ്പയ്ക്ക് തന്റെ പരമാധികാരം ഉപയോഗിച്ച് ഏതെങ്കിലുമൊരു സമര്‍പ്പിതജീവിത സമൂഹത്തെ രൂപതാ മെത്രാന്റെ അധികാരപരിധിയില്‍ നിന്ന് ഒഴിവാക്കി തന്റെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലോ മറ്റേതെങ്കിലും അധികാരിയുടെ കീഴിലോ കൊണ്ടുവരാനുള്ള അധികാരമുണ്ട്.  തിരുസഭയെ പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രിയുടെയും ലത്തീന്‍ നിയമസംഹിതയിലെ 591-ാം കാനോനയുടെയും അടിസ്ഥാനത്തിലാണ് പൗരസ്ത്യ നിയമസംഹിതയിലെ ഈ കാനോനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. സഭയുടെ പ്രത്യേകമായ ആവശ്യങ്ങള്‍ പരിഗണിച്ചും സന്യാസ സമൂഹത്തിന്റെ നന്മയെ പ്രതിയുമാകാം പരിശുദ്ധ സിംഹാസനം ഇപ്രകാരം ചെയ്യുന്നത്.

പൗരസ്ത്യ നിയമമനുസരിച്ച്, സമര്‍പ്പിതജീവിത സമൂഹങ്ങള്‍ മാര്‍പാപ്പയുടെയോ, പാത്രിയര്‍ക്കീസിന്റെയോ, രൂപതാ മെത്രാന്റെയോ അധികാരത്തിന്‍ കീഴിലാകാം. എന്നിരുന്നാലും, ദൈവാരാധനയുടെ പരസ്യമായ പരികര്‍മ്മം, വിവിധങ്ങളായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളില്‍ എല്ലാ സമര്‍പ്പിതജീവിത സമൂഹങ്ങളും രൂപതാമെത്രാന്റെ അധികാരത്തിന്‍ കീഴിലായിരിക്കും. അതുപോലെ, സ്വന്തം ഭവനത്തിനു പുറത്തു വച്ച് ശിക്ഷാര്‍ഹമായ കുറ്റം ചെയ്ത ഒരു സന്യാസ സഭാംഗത്തെ, അതേപറ്റി ആ വ്യക്തിയുടെ സന്യാസ സഭാധികാരിക്ക് സ്ഥലത്തെ മേലദ്ധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം അയാളെ ശിക്ഷിക്കാതിരുന്നാല്‍, സ്ഥലത്തെ മേലദ്ധ്യക്ഷന് അദ്ദേഹത്തെ നിയമാനുസൃതം ശിക്ഷിക്കാവുന്നതാണ്.

രൂപതാ മെത്രാന്റെ അധികാരത്തിന്‍ കീഴിലുള്ള ആശ്രമങ്ങളും കോണ്‍ഗ്രിഗ്രേഷനുകളും സ്ഥാപിക്കുന്നത് രൂപതാ മെത്രാനാണ്. കൂടാതെ, മേല്പറഞ്ഞവയില്‍ നിയമ മാനദണ്ഡമനുസരിച്ച് വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ – ഉന്നതാധികാരികളാല്‍ അംഗീകരിക്കപ്പെട്ടവയൊഴികെ – അംഗീകരിക്കുന്നതും സന്യാസ സഭാധികാരികളുടെ അധികാരത്തിന് അതീതമായ ഏതെങ്കിലുമൊരു കാര്യത്തില്‍ ഒഴിവു നല്‍കുന്നതും രൂപതാ മെത്രനാണ്. സ്ഥലത്ത് കാനോനിക സന്ദര്‍ശനം നടത്തുമ്പോള്‍ തന്റെ തീരുമാന പ്രകാരവും, പ്രത്യേക കാരണങ്ങളാല്‍ അത്തരമൊരു സന്ദര്‍ശനം ആവശ്യമുള്ളപ്പോഴും രൂപതാതിര്‍ത്തിക്കുള്ളിലെ ആശ്രമങ്ങളിലും കോണ്‍ഗ്രിഗേഷനുകളുടെ ഭവനങ്ങളിലും രൂപതാമെത്രാന് സന്ദര്‍ശനം നടത്താവുന്നതാണ്.

പാത്രിയര്‍ക്കല്‍ സഭയുടെ നിശ്ചയിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ കേന്ദ്രഭവനം ഉളളതും പാത്രിയര്‍ക്കല്‍ പദവിയോടു കൂടിയതുമായ ഓര്‍ഡറുകളെയും കോണ്‍ഗ്രിഗേഷനുകളെയും സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ അധികാരാവകാശങ്ങള്‍ പാത്രിയര്‍ക്കീസിനാണ്. കൂടാതെ, പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ചില പ്രത്യേക സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും പാത്രിയര്‍ക്കീസ് തന്റെ നേരിട്ടുള്ള അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരാറുണ്ട്.

അവയുടെ സ്ഥാപന സമയത്ത് തന്നെ തന്റെ അധികാരചിഹ്നം പാത്രിയര്‍ക്കീസ് അവിടെ സ്ഥാപിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ വസിക്കുന്നവരും അവയുമായി ബന്ധപ്പെടുന്നവരും രൂപതാമെത്രാന്റെ അധികാരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട് പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലാകുന്നു. പാത്രിയര്‍ക്കല്‍ സഭയുടെ അതിര്‍ത്തിക്ക് പുറത്തുള്ള ആശ്രമങ്ങളെയും ഓര്‍ഡറുകളെയും കോണ്‍ഗ്രിഗേഷനുകളെയും സംബന്ധിച്ചിടത്തോളം ഈ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമായിരിക്കും. രൂപതാ പദവിയിലുള്ള കോണ്‍ഗ്രിഗേഷന് മറ്റു രൂപതകളിലും ഭവനങ്ങളുണ്ടെങ്കില്‍ കേന്ദ്രഭവനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മെത്രാന്റെ സമ്മതത്തോടെയും ഭവനങ്ങളുള്ള മറ്റ് രൂപതകളുടെ മെത്രാന്മാരുമായി ആലോചിച്ചും വേണം പ്രസ്തുത കോണ്‍ഗ്രിഗേഷന്റെ നിയമാവലയില്‍ മാറ്റങ്ങള്‍ വരുത്താന്‍.

സമര്‍പ്പിത സമൂഹങ്ങള്‍: അധികാരികളും അംഗങ്ങളും

സമര്‍പ്പിതജീവിത സമൂഹങ്ങളുടെ അധികാരികളെ ”മേജര്‍ സുപ്പീരിയര്‍മാര്‍” എന്നും ”സുപ്പീരിയര്‍മാര്‍” എന്നും വിളിക്കുന്നു. ആശ്രമസഖ്യത്തിന്റെ അദ്ധ്യക്ഷന്‍, സ്വാധികാരാശ്രമത്തിന്റെ ശ്രേഷ്ഠന്‍, ഓര്‍ഡറുകളുടെയും കോണ്‍ഗ്രിഗേഷനുകളുടെയും സുപ്പീരിയര്‍ ജനറല്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, വികാരി ജനറല്‍മാര്‍, വികാര്‍ പ്രൊവിന്‍ഷ്യല്‍മാര്‍ (First councillors) പ്രൊവിന്‍ഷ്യല്‍മാരുടെ അധികാരത്തിന് തുല്യമായ അധികാരമുള്ളവര്‍, മുകളില്‍ പറഞ്ഞ അധികാരികള്‍ ഇല്ലാതെ വരുമ്പോള്‍ പ്രസ്തുത സമയത്ത് അവരുടെ ഉദ്യോഗത്തില്‍ നിയമപ്രകാരം തുടരുന്നവര്‍ എന്നിവരെയാണ് മേജര്‍ സുപ്പീരിയര്‍മാര്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മേല്പറഞ്ഞ ഗണത്തില്‍പ്പെടാത്ത നിയമാനുസൃത അധികാരികളെല്ലാം പ്രിയോര്‍ അല്ലെങ്കില്‍ സുപ്പീരിയര്‍ എന്നാണറിയപ്പെടുന്നത്.

സന്യാസ സമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാര്‍ അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ സമൂഹത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സന്യാസ സമൂഹം കീഴ്‌പ്പെട്ടിരിക്കുന്ന സഭാധികാരിക്ക് നല്‍കേണ്ടതാണ്. പ്രസ്തുത റിപ്പോര്‍ട്ടില്‍ സന്യാസ സമൂഹത്തിന്റെ സിദ്ധി, പ്രേഷിതപ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ അംഗങ്ങളുടെ എണ്ണം, നോവിസുമാരുടെ എണ്ണം, വ്രതവാഗ്ദാനം നടത്തിയവരുടെ എണ്ണം, സന്യാസാന്തസ്സ് ഉപേക്ഷിച്ചുവരുണ്ടെങ്കില്‍ അവരുടെ എണ്ണവും മറ്റും ഉള്‍പ്പെടുത്തേണ്ടതാണ്. പാത്രിയര്‍ക്കീസിന്റെയോ രൂപതാ മെത്രാന്റെയോ അധികാരത്തിന്‍ കീഴിലുള്ള സമര്‍പ്പിത സമൂഹമാണെങ്കില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി പരിശുദ്ധ സിംഹാസനത്തിനും നല്‍കേണ്ടതാണ്.

സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാര്‍ നേരിട്ടോ, പ്രതിനിധി വഴിയോ എല്ലാ ഭവനങ്ങളിലും കാനോനിക സന്ദര്‍ശനം നടത്തേണ്ടതാണ്. മേജര്‍ സുപ്പീരിയറിനെ നേരില്‍ കാണാനും ആശയ വിനിമയം നടത്താനും എല്ലാ അംഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. സന്യാസഭവനങ്ങളില്‍ അംഗങ്ങള്‍ നേരിടുന്ന ഏത് പ്രയാസവും മേലധികാരിയെ അറിയിക്കാനും പ്രതിവിധി കണ്ടെത്താനും ഇതുവഴി അംഗങ്ങള്‍ക്കു കഴിയും.

പ്രാദേശിക സുപ്പീരിയര്‍മാര്‍ക്കും മേജര്‍ സുപ്പീരിയര്‍മാര്‍ക്കും അവരുടെ ദൗത്യനിര്‍വ്വഹണത്തില്‍ സഹായിക്കാന്‍ ഉപദേശക സമിതികള്‍ ഉണ്ടാകും. ഉപദേശക സമിതിയുടെ സമ്മതമോ ഉപദേശമോ ആവശ്യമായ കാര്യങ്ങളില്‍ അവ കൂടാതെ മേലധികാരിക്ക് നൈയാമിക പ്രവൃത്തികള്‍ ചെയ്യാനാവില്ല. ഏതെങ്കിലും ഒരു കാര്യത്തിന് കൗണ്‍സിലിന്റെ സമ്മതം ആവശ്യമെങ്കില്‍ അതിനായി കൗണ്‍സില്‍ വിളിച്ചുകൂട്ടേണ്ടതാണ്. കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും സന്നിഹിതരായിരിക്കുകയും വേണം. എന്നാല്‍, ഉപദേശം മാത്രം ആവശ്യമുള്ള കാര്യങ്ങളില്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടേണ്ട കാര്യമില്ലെന്ന് പ്രത്യേക നിയമത്തില്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ വിളിച്ചുകൂട്ടേണ്ടതില്ല, ഉപദേശം തേടിയാല്‍ മാത്രം മതിയാകും. എന്നാല്‍ കൗണ്‍സിലിന്റെ സമ്മതം ആവശ്യമുള്ള കാര്യങ്ങളില്‍ സന്നിഹിതരായിരിക്കുന്നവരുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്. ഉപദേശം മാത്രം ആവശ്യമുള്ളപ്പോള്‍ കൗണ്‍സിലിന്റെ അഭിപ്രായമനുസരിച്ച് സുപ്പീരിയര്‍ പ്രവര്‍ത്തിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല. എന്നിരുന്നാലും കൗണ്‍സിലിന്റെ ഉപദേശം പാടേ അവഗണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യേണ്ടി വരുകയാണെങ്കില്‍ അതിന് ഗൗരവമായ കാരണം ഉണ്ടായിരിക്കണം.

സന്യാസവ്രതങ്ങള്‍

സന്യാസജീവിതത്തിന്റെ അന്തഃസത്ത സന്യാസവ്രതങ്ങളുടെ വിശ്വസ്തതാപൂര്‍വ്വമായ അനുഷ്ഠാനത്തിലാണടങ്ങിയിരിക്കുന്നത്. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ക്കു പുറമേ ആശ്രമങ്ങള്‍ക്ക് മറ്റു വ്രതങ്ങളും ഇതോടു കൂടി ചേര്‍ക്കാവുന്നതാണ്. ഉദാഹരണമായി, സ്ഥിരത വ്രതമായി എടുക്കുന്നവരുണ്ട്. ഇതുവഴി ആശ്രമവാസിക്ക് നിയമാനുസൃതം ആശ്രമത്തില്‍ നിന്ന് വിട്ട് താമസിക്കാനാവില്ല. വ്രതാനുഷ്ഠാനത്തിന്റെ രൂപവും ഭാവവും ഓരോ സമര്‍പ്പിത ജീവിത സമൂഹത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും. അത് ഓരോ സന്യാസ സഭയുടെയും പ്രത്യേക നിയമത്തില്‍ വ്യക്തമാക്കിയിരിക്കുകയും വേണം. എല്ലാ സന്യസ്തരും തങ്ങള്‍ വാഗ്ദാനം ചെയ്ത വ്രതങ്ങള്‍ വിശ്വസ്തതയോടെ പാലിച്ചും സഭാസ്ഥാപകന്റെ ജീവിതമാതൃക ആത്മാര്‍ത്ഥമായി അനുകരിച്ചും സന്യാസ സഭയുടെ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കേണ്ടതാണ്.

I. ആശ്രമങ്ങള്‍

പൗരസ്ത്യ നിയമസംഹിത സന്യാസ സമൂഹങ്ങളെ ആശ്രമങ്ങള്‍, ഓര്‍ഡറുകള്‍, കോണ്‍ഗ്രിഗേഷനുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നതെങ്കിലും ആശ്രമങ്ങളെ സംബന്ധിച്ചുള്ള ഏറെ നിയമങ്ങള്‍ ഓര്‍ഡറുകള്‍ക്കും കോണ്‍ഗ്രിഗേഷനുകള്‍ക്കും ബാധകമാണ്. ആശ്രമവാസികളേയും ഓര്‍ഡറുകളിലെയും കോണ്‍ഗ്രിഗേഷനുകളിലെയും അംഗങ്ങളേയും മൊത്തത്തില്‍ സന്യസ്തര്‍ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു ആശ്രമത്തെ സന്യാസഭവനം എന്നു വിളിക്കാവുന്നതാണ്.

ആശ്രമങ്ങള്‍ രണ്ടു തരത്തിലുണ്ട്: 1) മറ്റ് ആശ്രമങ്ങളെ ആശ്രയിച്ചു കഴിയുന്നവ; 2) മറ്റ് ആശ്രമങ്ങളെ ആശ്രയിക്കാത്തതും നിയമാനുസൃത അധികാരിയാല്‍ അംഗീകരിക്കപ്പെട്ടതും സ്വന്തം ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുന്നതുമായ ആശ്രമങ്ങള്‍.

ആശ്രമങ്ങള്‍ മൂന്ന് തലത്തിലുള്ള സഭാധികാരികള്‍ക്ക് കീഴ്‌പ്പെട്ടവയായിരിക്കും. അവ താഴെപ്പറയുന്നവയാണ്:

1) പൊന്തിഫിക്കല്‍ പദവിയിലുള്ള ആശ്രമങ്ങള്‍ – പരിശുദ്ധ സിംഹാസനം സ്ഥാപിച്ചതോ, പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യക ഡിക്രി വഴി അംഗീകരിക്കപ്പെട്ടതോ ആയ ആശ്രമങ്ങളെയാണ് പൊന്തിഫിക്കല്‍ പദവിയിലുള്ള ആശ്രമങ്ങള്‍ എന്നു പറയുന്നത്.

2) പാത്രിയര്‍ക്കല്‍ പദവിയിലുള്ള ആശ്രമങ്ങള്‍ – ഗൗരവമായ കാരണത്താല്‍ രൂപതാമെത്രാനോട് ആലോചിച്ചും പാത്രിയര്‍ക്കല്‍ സഭയിലെ സിനഡിന്റെ സമ്മതത്തോടു കൂടിയും സ്ഥാപനസമയത്ത് തന്നെ സ്വാധികാരാശ്രമത്തിന് Stauropegial പദവി പാത്രിയാര്‍ക്കീസ് നല്‍കിയിട്ടുള്ളതാണെങ്കില്‍ പ്രസ്തുത ആശ്രമം പാത്രിയര്‍ക്കല്‍ പദവിയിലുള്ള ആശ്രമം എന്നറിയപ്പെടുന്നു.

3) രൂപതാ പദവിയിലുള്ള ആശ്രമങ്ങള്‍ – രൂപതാ മെത്രാനാല്‍ സ്ഥാപിക്കപ്പെടുന്നതും എന്നാല്‍, പരിശുദ്ധ സിംഹാസനം അംഗീകാര ഡിക്രി നല്‍കാത്തതുമായ ആശ്രമങ്ങള്‍ രൂപതാ പദവിയിലുള്ളതാണ്.

രൂപതാ പദവിയിലുള്ള പല ആശ്രമങ്ങളും പിന്നീട് പാത്രിയാര്‍ക്കല്‍ പദവിയിലേക്കും പൊന്തിഫിക്കല്‍ പദവിയിലേക്കും ഉയര്‍ത്തപ്പെടാറുണ്ട്. സന്യാസ സഭയിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയും പ്രവര്‍ത്തമേഖല മറ്റ് രൂപതകളിലേക്ക് വ്യാപിപ്പിക്കുന്നതുമൊക്കെയാണ് ഇതിനുള്ള മാനദണ്ഡങ്ങള്‍. രൂപതാപദവിയിലുള്ള സന്യാസ സമൂഹങ്ങള്‍ ഏറെ കാര്യങ്ങളില്‍ രൂപതാ മെത്രാന്റെ സൂക്ഷ്മാവധാനതയിലായിരിക്കും, പൊന്തിഫിക്കല്‍ പദവിയിലുള്ള സന്യാസ സമൂഹങ്ങള്‍ നേരെമറിച്ചും. പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സന്യാസ സമൂഹം ഒട്ടുമിക്ക കാര്യങ്ങളിലും മെത്രാന്മാരുടെ അധികാരത്തില്‍ നിന്ന് വിടുതല്‍ പ്രാപിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അധികാരത്തിന്‍ കീഴിലായിരിക്കും. ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതോടെ സന്യാസ സഭയ്ക്കു കൂടുതല്‍ സ്വയംഭരണാവകാശം ലഭിക്കുന്നു.

ചുരുക്കത്തില്‍, സ്ഥാപനാധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ആശ്രമങ്ങളെ പൊന്തിഫിക്കല്‍ പദവിയിലുള്ളതെന്നും, പാത്രിയര്‍ക്കല്‍ പദവിയിലുള്ളതെന്നും രൂപതാ പദവിയിലുള്ളതെന്നും വേര്‍തിരിച്ചിരിക്കുന്നത് എന്നു വ്യക്തമാണല്ലോ.

ആശ്രമങ്ങളും അധികാരികളും

ഒരു സ്വാധികാരാശ്രമത്തിന്റെ സുപ്പീരിയറെ തിരഞ്ഞെടുക്കുന്നത് പ്രസ്തുത ആശ്രമത്തിന്റെ നിയമാവലിയനുസരിച്ച് ‘സിനാക്‌സിസ്’ (Synaxis) ആണെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങള്‍ പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള നിയമസംഹിതിയിലെ 947 മുതല്‍ 960 വരെയുള്ള കാനോനകള്‍ അനുസരിച്ചായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ലത്തീന്‍ നിയമത്തിലെ 164-ാം കാനോനയനുസരിച്ച്, ഓരോ സന്യാസ സഭയ്ക്കും അധികാരികളുടെ തിരഞ്ഞെടുപ്പിന് പ്രത്യേക നിയമങ്ങള്‍ ഉണ്ടാക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പൗരസ്ത്യ സന്യാസ സമൂഹങ്ങളുടെ അധികാരികളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പൗരസ്ത്യനിയമത്തിലെ തിരഞ്ഞെടുപ്പു സംബന്ധമായ കാനോനകള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

ആശ്രമത്തിലേക്കുള്ള പ്രവേശനം

ആശ്രമത്തിലേക്കുള്ള ഒരു വ്യക്തിയുടെ പ്രവേശനമെന്നു പറഞ്ഞാല്‍ നോവിഷ്യേറ്റിലേക്കുള്ള പ്രവേശനം എന്നാണര്‍ത്ഥമാക്കുന്നത്. നോവിഷ്യേറ്റിലേക്കുള്ള പ്രവേശനം സന്യാസ സഭയെ സംബന്ധിച്ചും അര്‍ത്ഥിയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വ്യക്തിക്ക് നോവിഷ്യേറ്റിലേക്ക് ഔദ്യോഗികമായി പ്രവേശിക്കാന്‍ അനുവാദം നല്‍കുന്നത് സന്യാസ സഭയുടെ മേജര്‍ സുപ്പീരിയറാണ്. ഇത് ഓര്‍ഡറുകള്‍ക്കും കോണ്‍ഗ്രിഗേഷനുകള്‍ക്കും മാത്രമാണ് ബാധകമാവുന്നത്. ആശ്രമങ്ങളില്‍, സ്വാധികാരാശ്രമ ശ്രേഷ്ഠനാണ് അദ്ദേഹത്തിന്റെ ഉപദേശകസമിതിയുമായി ആലോചിച്ച് അര്‍ത്ഥികള്‍ക്ക് നോവിഷ്യേറ്റിലേക്ക് പ്രവേശനം നല്‍കുന്നത്.

സാധാരണഗതിയില്‍, ഒരു വ്യക്തിയെ നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെപ്പറയുന്നവയാണ്:

1) ഉദ്ദേശശുദ്ധി; 2) ആശ്രമജീവിതത്തിനുള്ള താത്പര്യം; 3) പൊതുനിയമവും പ്രത്യേക നിയമവുമനുസരിച്ച് ആശ്രമജീവിതത്തിന് വിഘാതമായേക്കാവുന്ന തടസ്സങ്ങളുടെ അഭാവം; 4) സഭയുടെ നടപടിക്രമമനുസരിച്ചുള്ള ശിക്ഷ ലഭിച്ചവര്‍ നിയമാനുസൃതം നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കപ്പെടാന്‍ പാടുള്ളതല്ല. കൂടാതെ, ഗൗരവമായ കുറ്റകൃത്യങ്ങള്‍ക്ക് സിവില്‍പരമോ സഭാപരമോ ആയ ശിക്ഷ പ്രതീക്ഷിച്ചു കഴിയുന്നവരേയും ആശ്രമങ്ങളില്‍ നോവിഷ്യേറ്റില്‍ പ്രവേശിപ്പിക്കാവുന്നതല്ല.

താല്‍ക്കാലിക വ്രതവാഗ്ദാനം ഇല്ലാത്ത ആശ്രമങ്ങളില്‍ നോവിഷ്യേറ്റിലേക്ക് അര്‍ത്ഥികളെ പ്രവേശിപ്പിക്കണമെങ്കില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍, താല്‍ക്കാലിക വ്രതവാഗ്ദാനം നിലവിലുള്ള ആശ്രമങ്ങളില്‍ നോവിഷ്യേറ്റിന് പതിനേഴ് വയസ്സ് പൂര്‍ത്തിയായാല്‍ മതി. ആശ്രമങ്ങളില്‍ നോവിഷ്യേറ്റ് കാലാവധി മൂന്ന് വര്‍ഷമാണ്. എന്നാല്‍ നിത്യവ്രത വാഗ്ദാനത്തിന് മുമ്പ് താല്‍ക്കാലിക വ്രതവാഗ്ദാനമുള്ള ആശ്രമങ്ങളില്‍ ഒരു വര്‍ഷത്തെ നോവിഷ്യേറ്റ് കാലഘട്ടം മതി. നോവിഷ്യേറ്റ് കാലഘട്ടത്തില്‍ (ഒരു വര്‍ഷം) പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ നഷ്ടപ്പെടുകയാണെങ്കില്‍ അത്രയും ദിവസം കൂടുതല്‍ എടുത്തുവേണം നോവിഷ്യേറ്റ് പൂര്‍ത്തിയാക്കാന്‍.

നോവിഷ്യേറ്റ് കാലഘട്ടത്തില്‍ അര്‍ത്ഥിക്ക് സ്വമനസ്സാ ആശ്രമജീവിതം അവസാനിപ്പിച്ച് പോകാവുന്നതാണ്. ആശ്രമജീവിതത്തിന് വേണ്ട അഭിരുചിയില്ലെന്ന് സുപ്പീരിയറിനോ, ശ്രേഷ്ഠസംഘത്തിനോ ബോദ്ധ്യപ്പെട്ടാല്‍ ‘ടിപ്പിക്കോണ്‍’ അനുസരിച്ച് പുറത്താക്കാവുന്നതാണ്. നോവിഷ്യേറ്റ് കാലഘട്ടത്തില്‍ മുഖ്യമായും വ്രതാനുഷ്ഠാന ജീവിതത്തിനുള്ള പരിശീലനമാണ് അര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. നോവിഷ്യേറ്റ് നിയമാനുസൃതം പൂര്‍ത്തിയാക്കുന്ന വ്യക്തി ആശ്രമജീവിതത്തിന് അനുരൂപനാണെന്നു കണ്ടാല്‍ മാത്രമേ വ്രതവാഗ്ദാനം നടത്താന്‍ അനുവദിക്കാവൂ. ആവശ്യമെന്നു തോന്നിയാല്‍ നോവിഷ്യേറ്റ് കാലം ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ആശ്രമാധികാരികള്‍ക്ക് അധികാരമുണ്ട്. ലത്തീന്‍ നിയമമനുസരിച്ച്, ആറ് മസത്തേയ്ക്ക് കൂടി മാത്രമേ നോവിഷ്യേറ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ പാടുള്ളൂ.

നിത്യവ്രതവാഗ്ദാനം

ആശ്രമങ്ങളില്‍ ഒരാള്‍ക്ക് സാധുവായി നിത്യവ്രതവാഗ്ദാനം നടത്താനാവശ്യമായ കാര്യങ്ങള്‍ ഓര്‍ഡറുകള്‍ക്കും കോണ്‍ഗ്രിഗേഷനുകള്‍ക്കും ബാധകമാണ്. നിത്യവ്രതവാഗ്ദാനം നടത്താനാവശ്യമായ യോഗ്യതകള്‍ താഴെ ചേര്‍ക്കുന്നു:

1. സാധുവായ നോവിഷ്യേറ്റ് പൂര്‍ത്തിയാക്കിയിരിക്കണം.
2. നിത്യവ്രത വാഗ്ദാനത്തിന് അധികാരികള്‍ അനുവദിക്കണം.
3. വ്രതവാഗ്ദാനം സ്വതന്ത്രമായിരിക്കണം.
4. വ്രതവാഗ്ദാനത്തിന്റെ സാധ്യത സംബന്ധിച്ച് ടിപ്പിക്കോണില്‍ മറ്റ് എന്തെങ്കിലും യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവയും പൂര്‍ത്തിയാക്കിയിട്ടുണ്ടാകണം.

താല്‍ക്കാലിക വ്രതവാഗ്ദാനമുള്ള ആശ്രമങ്ങളില്‍ അത് സംബന്ധിച്ച് പൊതുനിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തുമ്പോള്‍ ബാധകമാണ്. നിത്യവ്രത വാഗ്ദാനം വഴി ഒരാള്‍ സമ്പത്തിന്റെ ഉടമസ്ഥാവകാശത്തിന് അപ്രാപ്തനായിത്തീരുന്നു. ഹിന്ദു നിയമമനുസരിച്ച് ഒരാള്‍ സന്യാസം സ്വീകരിക്കുന്നതോടു കൂടി അയാള്‍ക്ക് civil death സംഭവിക്കുന്നു എന്നതിന് തുല്യമായ അനുഭവമാണിത്. തന്മൂലം സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട യാതൊരു വക ക്രയവിക്രയവും (legal transactions) സാധുവായിരിക്കുന്നതല്ല. ആയതുകൊണ്ട് വ്രതവാഗ്ദാനത്തിന് അറുപത് ദിവസം മുമ്പ് അര്‍ത്ഥി തന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇത് സിവില്‍ നിയമപ്രകാരം സാധുവായിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വ്രതവാഗ്ദാനത്തിനു ശേഷം പൂര്‍ത്തിയാക്കേണ്ടതാണ്. നിത്യവ്രതവാഗ്ദാനത്തിനു ശേഷം ആശ്രമാംഗത്തിന് എന്തെല്ലാം ഭൗതികവസ്തുക്കള്‍ ഏതെല്ലാം രീതിയില്‍ വന്നുചേര്‍ന്നാലും (ശമ്പളം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്) അവയെല്ലാം ആശ്രമത്തിന്റേതായിത്തീരുന്നു. ആശ്രമാധിപന്റെ അനുവാദത്തോടെ ആശ്രമാംഗം ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ മൂലം ഉണ്ടാകുന്ന കടബാധ്യതകളുടെ ഉത്തരവാദിത്വം ആശ്രമത്തിനായിരിക്കും. എന്നാല്‍, അനുവാദം കൂടാതെ ആശ്രമാംഗം സ്വന്തം നിലയില്‍ ചെയ്യുന്നവയുടെ ബാധ്യത ആശ്രമാംഗത്തിന് മാത്രമായിരിക്കും. നിത്യവ്രത വാഗ്ദാനം നടത്തുന്നതുവഴി ആശ്രമാംഗത്തിന് സ്വന്തം രൂപതയിലെ അംഗത്വം നഷ്ടപ്പെടുമെങ്കിലും ആശ്രമത്തിലേക്ക് എല്ലാവിധ അധികാരവകാശങ്ങളോടും കൂടി അദ്ദേഹം ചേര്‍ക്കപ്പെടുന്നു.

ആശ്രമത്തില്‍ നിന്ന് പുറത്താക്കല്‍

ആശ്രമജീവിതത്തിന്റെ ചൈതന്യത്തിനും അന്തസ്സത്തക്കും നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്ന അംഗങ്ങള്‍ നിയമത്താല്‍ തന്നെ ആ ശ്രമത്തില്‍ നിന്ന് പുറത്താക്കപ്പെടും. കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കുക, വിവാഹബന്ധത്തിലേര്‍പ്പെടുക അല്ലെങ്കില്‍ അതിനായി ശ്രമിക്കുക, സമര്‍പ്പിത ജീവിതത്തിന്റെ കടമകള്‍ ഉപേക്ഷിക്കുക തുടങ്ങിയവ മേല്‍പ്പറഞ്ഞ വിധത്തിലുള്ള പുറത്താക്കലിന് കാരണങ്ങളാണ്. ആശ്രമജീവിതത്തിന്റെ അരൂപിക്ക് കോട്ടം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയോ ആശ്രമത്തിന് ഉതപ്പ് വരുരുത്തുകയോ, സഭ വിലക്കിയിരിക്കുന്ന പഠനങ്ങള്‍ മുറുകെപ്പിടിക്കുകയോ അവയ്ക്ക് പരസ്യപിന്തുണ നല്‍കുകയോ ചെയ്യുന്ന അംഗങ്ങളെ സുപ്പീരിയറിന് നിയമാനുസൃതം പുറത്താക്കാം. ഓര്‍ഡറുകളിലോ കോണ്‍ഗ്രിഗേഷനുകളിലോ ആണെങ്കില്‍ മേജര്‍ സുപ്പീരിയറിനു അംഗങ്ങളെ പുറത്താക്കാം. പക്ഷെ, കൗണ്‍സിലിന്റെ സമ്മതം ആവശ്യമാണ്. തിരുപ്പട്ടം സ്വീകരിച്ച അംഗങ്ങളാണ് പുറത്താക്കപ്പെടുന്നതെങ്കില്‍ തിരുപ്പട്ടത്തിനടുത്ത ശുശ്രൂഷകള്‍പരികര്‍മ്മം ചെയ്യുന്നതില്‍ നിന്ന് അവര്‍ വിലക്കപ്പെടും. നിയമാനുസൃതം പുറത്താക്കപ്പെടുന്നതുവഴി ആശ്രമജീവിതത്തിന്റെ കടമകളില്‍ നിന്ന് അയാള്‍ സ്വതന്ത്രനാക്കപ്പെടും. എന്നാല്‍, പൗരോഹിത്യത്തിനടുത്ത കടമകള്‍ പിന്നെയും നിലനില്‍ക്കും.

പുറത്താക്കാനുള്ള നടപടിക്രമം

നിത്യവ്രതവാഗ്ദാനം നടത്തിയ ഒരു ആശ്രമാംഗത്തെ പുറത്താക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമം കൃത്യമായി പാലിച്ചിരിക്കണം. നിത്യവ്രത വാഗ്ദാനം നടത്തിയ വ്യക്തിയെ പുറത്താക്കാനുള്ള അധികാരം ആശ്രമസഖ്യത്തിന്റെ അദ്ധ്യക്ഷനോ സ്വാധികാരാശ്രമത്തിന്റെ ശ്രേഷ്ഠനോ ആണ്. ഇപ്രകാരമൊരു തീരുമാനമെടുക്കാന്‍ മേല്‍പ്പറഞ്ഞ അധികാരികള്‍ക്ക് അവരുടെ ഉപദേശകസമിതിയുടെ സമ്മതം ഉണ്ടായിരിക്കണം. പുറത്താക്കാനുള്ള കാരണങ്ങള്‍ ഗൗരവമുള്ളതും കുറ്റകരവും നിയമപരമായി സ്ഥാപിക്കപ്പെടാവുന്നതുമായിരിക്കണം. തെറ്റുതിരുത്താന്‍ അംഗം വഴങ്ങാത്ത സാഹചര്യത്തിലായിരിക്കണം പുറത്താക്കല്‍ നടപടിയുമായി മുന്നോട്ടുപോകേണ്ടത്. പുറത്താക്കല്‍ ഭീഷണിയോടു കൂടി രണ്ട് താക്കീത് പുറത്താക്കലിന് മുന്നോടിയായി അംഗത്തിന് നല്‍കിയിരിക്കണം. താക്കീതുകള്‍ ഫലപ്രദമാകുന്നില്ലെന്ന് തെളിയുകയും അംഗം നല്‍കുന്ന ന്യായീകരണങ്ങള്‍ മതിയാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

പുറത്താക്കാനുള്ള കാരണങ്ങള്‍ രേഖാമൂലം അംഗത്തെ അറിയിച്ചിരിക്കണം. ഓരോ മുന്നറിയിപ്പിന് ശേഷവും സ്വയം ന്യായീകരണത്തിനുള്ള അവസരം അംഗത്തിന് ലഭിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അവസാനത്തെ മുന്നറിയിപ്പും കഴിഞ്ഞതിനു ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ.

ആശ്രമം ഏത് സഭാധികാരത്തിന് കീഴ്‌പ്പെട്ടിരിക്കുന്നുവോ ആ അധികാരിയാല്‍ പുറത്താക്കാനുള്ള തീരുമാനം സംബന്ധിച്ച ഡിക്രി അംഗീകരിക്കപ്പെടുമ്പോഴാണ് തീരുമാനം നടപ്പിലാക്കാന്‍ പറ്റുന്നത്.

II & III. ഓര്‍ഡറുകളും കോണ്‍ഗ്രിഗേഷനുകളും

കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സന്യാസ സഭകള്‍ മിക്കവയും ഉണ്ടായിട്ടുള്ളത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിച്ച് മുന്നോട്ടു വന്നതും സന്യാസ സഭാംഗങ്ങളാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും മറ്റ് ഉപവി പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്നതിനായി ഉണ്ടായ സന്യാസ സംഘങ്ങളാണ് ഓര്‍ഡറുകളും കോണ്‍ഗ്രിഗേഷനുകളും.

‘ഓര്‍ഡര്‍’ ഒരു സൊസൈറ്റിയാണ്. പരിശുദ്ധ സിംഹാസനത്തിനോ പാത്രിയര്‍ക്കീസിനോ മാത്രമേ ഓര്‍ഡറുകള്‍ സ്ഥാപിക്കാവൂ. ആശ്രമവാസികളുടേതിന് തുല്യമായ വ്രതവാഗ്ദാനമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. എന്നിരുന്നാലും ഓര്‍ഡറുകളിലെ അംഗങ്ങളെ തപസ്വികള്‍ (ആശ്രമവാസികള്‍) എന്നു പറയുന്നില്ല. കോണ്‍ഗ്രിഗേഷനും ഒരു സൊസൈറ്റിയാണ്. എന്നാല്‍, ഇതിലെ അംഗങ്ങള്‍ നടത്തുന്ന വ്രതവാഗ്ദാനം ആശ്രമവാസികളുടേതിന് തുല്യമല്ല.

കോണ്‍ഗ്രിഗേഷനുകള്‍ പരിശുദ്ധ സിംഹാസനത്തിനോ, പാത്രിയര്‍ക്കീസിനോ, രൂപതാമെത്രാനോ സ്ഥാപിക്കാവുന്നതാണ്. പാത്രിയര്‍ക്കീസിന് ഓര്‍ഡറോ കോണ്‍ഗ്രിഗേഷനോ സ്ഥാപിക്കാന്‍ പാത്രിയര്‍ക്കല്‍ സഭയിലെ സ്ഥിരം സിനഡിന്റെ സമ്മതം ലഭിച്ചിരിക്കണം. കൂടാതെ പരിശുദ്ധ സിംഹാസനത്തിന്റെ ഉപദേശം തേടുകയും വേണം. കോണ്‍ഗ്രിഗേഷന്‍ സ്ഥാപിക്കാന്‍ രൂപതാമെത്രാന് അധികാരമുണ്ടെങ്കിലും പാത്രിയര്‍ക്കല്‍ സഭയുടെ അതിര്‍ത്തിക്കുള്ളിലെ മെത്രാന്മാര്‍ക്ക് പാത്രിയര്‍ക്കീസുമായി ആലോചിച്ചു മാത്രമേ കോണ്‍ഗ്രിഗേഷനുകള്‍ സ്ഥാപിക്കാനാവൂ. പാത്രിയര്‍ക്കല്‍ സഭയുടെ അതിര്‍ത്തിക്ക് പുറത്തുള്ള രൂപതകളിലെ മെത്രാന്മാര്‍ പരിശുദ്ധ സിംഹാസനവുമായി ഇത് സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ട്. ഓര്‍ഡറിന്റേയോ കോണ്‍ഗ്രിഗേഷന്റേയോ ഒരു ഭവനം ഏതെങ്കിലുമൊരു രൂപതാതിര്‍ത്തിക്കുള്ളില്‍ ആരംഭിക്കാന്‍ പ്രസ്തുത രൂപതാമെത്രാന്റെ രേഖാമൂലമുള്ള അനുവാദം ആവശ്യമാണ്.

ഓര്‍ഡറുകളിലേയും കോണ്‍ഗ്രിഗേഷനുകളിലേയും ജനറല്‍ സിനാക്‌സിസിനാണ് ഉന്നതാധികാരം. സാധാരണയായി, ഈ സമിതിയില്‍ ഔദ്യോഗികാംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ള എല്ലാവരില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സുപ്പീരിയറിന്റെയും സിന്ക്‌സിസിന്റെയും അധികാരാവകാശങ്ങള്‍ പൊതുനിയമത്തിലും അതത് സന്ന്യാസ സഭകളുടെ ഭരണഘടനയിലും വ്യക്തമാക്കിയിരിക്കണം. നിത്യവ്രത വാഗ്ദാനം കഴിഞ്ഞ് പത്തുവര്‍ഷമെങ്കിലും പൂര്‍ത്തിയായ ഒരാള്‍ക്കേ മേജര്‍ സുപ്പീരിയറാകാന്‍ കഴിയൂ. സുപ്പീരിയര്‍ ജനറല്‍ ആകാന്‍ മേല്‍പ്പറഞ്ഞ നിബന്ധനകള്‍ക്ക് പുറമേ 35 വയസ്സെങ്കിലും പൂര്‍ത്തിയായിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സുപ്പീരിയര്‍ ജനറലിന്റെ കാലാവധി എത്രയായിരിക്കുമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കണം. ഏതാനും ചിലര്‍ മാത്രം അധികാരസ്ഥാനങ്ങള്‍ മാറിമാറി പങ്കിട്ടനുഭവിക്കുന്ന പ്രവണത സന്യാസസഭകളില്‍ ഉണ്ടാകാന്‍ പാടില്ല. ചില ഓര്‍ഡറുകളില്‍, പ്രത്യേകിച്ച് ഈശോസഭാ സമൂഹത്തില്‍, സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുക്കുന്നത് ജിവിതാന്ത്യം വരേക്കാണ്. ജീവിതാന്ത്യം വരെയുള്ള ഏത് പദവികളെപ്പറ്റിയും പുനര്‍വിചിന്തനം ആകാവുന്നതാണ്.

പ്രവേശനവും നോവിഷ്യേറ്റും

ഓര്‍ഡറുകളിലും കോണ്‍ഗ്രിഗേഷനുകളിലും നോവിഷ്യേറ്റ് പ്രവേശനത്തിന് പതിനേഴ് വയസ് പൂര്‍ത്തിയായിരിക്കണം. കൂടാതെ, ആശ്രമത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് നേരത്തെ സൂചിപ്പിച്ച യോഗ്യതകള്‍ കൂടി ഉണ്ടായിരിക്കണം. നോവിഷ്യേറ്റിലേക്ക് ഒരാളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് അയാള്‍ അംഗീകരിക്കപ്പെട്ട ഒരു സന്യാസ സഭാംഗത്തിന്റെ മേല്‍നോട്ടത്തില്‍ നിയമാവലിയില്‍ നിശ്ചയിക്കപ്പെട്ട കാലത്തേക്ക് ആവശ്യമായ ഒരുക്കം നടത്തേണ്ടതാണ്.

പൗരസ്ത്യ നിയമമനുസരിച്ച് ഒരു സ്വയാധികാര സഭയിലെ അംഗങ്ങളെ മറ്റൊരു സ്വയാധികാര സഭയുടെ കീഴിലുള്ള സന്യാസ സഭകളിലെ നോവിഷ്യേറ്റിലേക്ക് നിയമാനുസൃതം ചേര്‍ക്കണമെങ്കില്‍ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദം ആവശ്യമാണ്. എന്നാല്‍, പൗരസ്ത്യ സഭകളിലെ അംഗങ്ങള്‍ക്കു വേണ്ടി പ്രത്യേക ഭവനമോ പ്രോവിന്‍സോ ഉള്ള ലത്തീന്‍ സന്യാസ സഭകള്‍ക്കും ആശ്രമങ്ങള്‍ക്കും പൗരസ്ത്യ സഭാംഗങ്ങളെ നിയമാനുസൃതം ചേര്‍ക്കുവാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദം ആവശ്യമില്ല. സമര്‍പ്പിതജീവിത സമൂഹങ്ങളിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ റീത്ത് വിശ്വസ്തതയോടെ അനുഷ്ഠിക്കുവാനും അതേപ്പറ്റി കൂടുതല്‍ അറിവ് നേടാനും വേണ്ടിയുള്ള നടപടിയാണിത്.

ഓര്‍ഡറുകളുടെയും കോണ്‍ഗ്രിഗേഷനുകളുടെയും നോവിഷ്യേറ്റിലേക്ക് അഗംങ്ങളെ ഔദ്യോഗികമായി പ്രവേശിപ്പിക്കുന്നത് സന്യാസ സഭകളുടെ മേജര്‍ സുപ്പീരിയര്‍മാരാണെന്ന് നേരത്തെ കണ്ടുവല്ലോ. സാധാരണയായി, പ്രൊവിന്‍ഷ്യല്‍മാരാണ് അംഗങ്ങളെ നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ നോവിഷ്യേറ്റ് പ്രവേശനത്തെ ഒരു നൈയാമിക പ്രവൃത്തിയായി കാണുന്നതിനാലാണ് ലോക്കല്‍ സുപ്പീരിയറിന് ഇതിനുള്ള അനുവാദമില്ലാത്തത്.

കാനോനികമായി സാധുവായ നോവിഷ്യേറ്റിന് തുടര്‍ച്ചയായ ഒരു വര്‍ഷം ആവശ്യമാണ്. ഇതില്‍ മൂന്നുമാസത്തില്‍ കുറഞ്ഞ അസാന്നിധ്യം നോവിഷ്യേറ്റിന്റെ സാധുതയെ ബാധിക്കില്ല. എന്നാല്‍, പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ നഷ്ടപ്പെട്ടാല്‍ അത് പരിഹരിക്കേണ്ടതാണ്. നിയമാവലിയിര്‍ നോവിഷ്യേറ്റിന്റെ കാലാവധി നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ നോവിഷ്യേറ്റിന്റെ സാധുതയ്ക്ക് ഇതാവശ്യമില്ല.

വ്രതവാഗ്ദാനം

സന്യാസജീവിതത്തിന്റെ സ്രോതസ്സും ഉറവിടവും യേശുവിന്റെ ജീവിതവും പ്രബോധനങ്ങളുമാണല്ലോ. അവിടുത്തെ വാക്കുകളിലും ജീവിതമാതൃകയിലും അധിഷ്ഠിതമാണ് ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ സുവിശേഷോപദേശങ്ങള്‍. ഈ സുവിശേഷോപദേശങ്ങനുസരിച്ച് വ്രതബന്ധജീവിതം നയിക്കുന്നവരാണ് സന്യാസികളെന്ന് കാണുകയുണ്ടായി. രണ്ടുതരം വ്രതവാഗ്ദാനമുണ്ട്:

താല്‍ക്കാലിക വ്രതവാഗ്ദാനവും നിത്യവ്രതവാഗ്ദാനവും.

1. താല്‍ക്കാലിക വ്രതവാഗ്ദാനം

നിയമാവലിയില്‍ പറയുന്ന സമയക്രമമനുസരിച്ച് അംഗങ്ങള്‍ താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തണം. പല പ്രാവശ്യം താല്‍ക്കാലിക വ്രതവാഗ്ദാനം നടത്താം. എന്നാല്‍, മൂന്ന് പ്രാവിശ്യത്തില്‍ കുറയുകയോ ആറ് പ്രാവശ്യത്തില്‍ കൂടുകയോ ചെയ്യരുതെന്നാണ് പൊതുനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമാവലി അനുസരിക്കുന്ന കാര്യത്തില്‍ താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തിയ അംഗത്തിന്റെ കടമ നിത്യവ്രത വാഗ്ദാനം നടത്തിയ അംഗത്തിന്റേതിന് തുല്യമാണ്. കടമയുടെ കാര്യത്തില്‍ തുല്യതയുണ്ടെങ്കിലും അവകാശങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തിയ അംഗത്തിന് സന്യാസ സഭയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനോ തിരഞ്ഞെടുക്കപ്പെടുവാനോ അര്‍ഹതയില്ല. കാരണം, ഒരാള്‍ക്ക് സന്യാസ സഭയില്‍ നിയമപരമായി പൂര്‍ണ്ണമായ അംഗത്വം ലഭിക്കുന്നത് നിത്യവ്രത വാഗ്ദാനത്തോടെയാണല്ലോ. എന്നാല്‍, താല്‍ക്കാലിക വ്രതവാഗ്ദാനത്തിലൂടെ സന്യാസിയായിത്തീരുന്ന വ്യക്തിയും വ്രതചൈതന്യത്തിലാണ് ജീവിക്കേണ്ടത്.

വ്രതവാഗ്ദാനത്തിന് നിയമപരമായി സാധ്യതയുള്ളതിനാല്‍, വ്രതവാഗ്ദാനം നടത്തിയതിന്റെ ഔദ്യോഗികരേഖ  ഉണ്ടായിരിക്കണം. ഈ രേഖയില്‍ വ്രതം എടുത്ത വ്യക്തിയും വ്രതം സഭയുടെ നാമത്തില്‍ സ്വീകരിച്ച വ്യക്തിയും ഒപ്പു വയ്ക്കണം. ഒരാള്‍ നിത്യവ്രതവാഗ്ദാനം നടത്തിയ കാര്യം സന്യാസ സഭയുടെ ബന്ധപ്പെട്ട അധികാരി അര്‍ത്ഥിയുടെ ഇടവകയില മാമ്മോദീസ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ഇടവക വികാരിയെ അറിയിക്കണം. പൗരസ്ത്യ നിയമമനുസരിച്ചും ലത്തീന്‍ നിയമമനുസരിച്ചും ബ്രഹ്മചര്യം പരസ്യവ്രതം ചെയ്ത് ജീവിക്കുന്നത് സാധുവായി വിവാഹം നടത്തുന്നതിന് തടസ്സമാണ്. അതുകൊണ്ടാണ് നിത്യവ്രതവാഗ്ദാനം നടത്തിയ വിവരം മാമ്മോദീസ രജിസ്റ്ററില്‍ ചേര്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

IV. സന്യസ്തരുടെ മാതൃകയില്‍ സമൂഹജീവിതം നയിക്കുന്ന സംഘങ്ങള്‍

V. സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍

VI. സമര്‍പ്പിത ജീവിതത്തിന്റെ മറ്റു രൂപങ്ങളും അപ്പസ്‌തോലിക ജീവിത സംഘങ്ങളും

ഉപസംഹാരം

കത്തോലിക്കാസഭയിലെ അനേകം സന്യാസ-സമര്‍പ്പിത വിഭാഗങ്ങളെ സംബന്ധിച്ചുള്ള സമഗ്രമായ പ്രതിപാദനം ഈ ലേഖനത്തിന്റെ പരിമിതമായ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതല്ല. എങ്കിലും ഓരോ വിഭാഗത്തെയും ഭരിക്കുന്ന കാനോനിക നിയമങ്ങള്‍ പൊതുവായി വിശകലനം ചെയ്യുവാന്‍ ഇവിടെ ശ്രമിച്ചിട്ടുണ്ട്. എല്ലാ സന്യസ്തരുടെയും ഏറ്റവും ഉയര്‍ന്ന അധികാരി സഭയുടെ പരമാധികാരിയായ മര്‍പാപ്പ തന്നെയാണ്. പൗരസ്ത്യ നിയമസംഹിതയില്‍ മൊത്തമുള്ള 1546 കാനോന കളില്‍ 162 കാനോനകള്‍ ആശ്രമവാസികളേയും സന്യസ്തരേയും മറ്റ് സമര്‍പ്പിതജീവിത സമൂഹങ്ങളേയും പറ്റി പരാമര്‍ശിക്കുന്നവയാണ്.

പൗരസ്ത്യ നിയമസംഹിതയിലെ 12-ാമത്തെ ശീര്‍ഷകത്തിലെ ഒന്നാം അദ്ധ്യായത്തിലെ ആദ്യഭാഗം ആശ്രമവാസികളേയും സന്യസ്തരേയും സംബന്ധിക്കുന്ന പൊതുവായ കാര്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നു. രണ്ടാം ഭാഗത്ത് ആശ്രമജീവിതത്തെപ്പറ്റിയുള്ള സമഗ്രമായ പ്രതിപാദനമാണ്. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് സന്യസ്തജീവിതത്തിന്റെ മൂലരൂപം (Proto-type) ആശ്രമജീവിതമാണ്. അതുകൊണ്ടാണ് ആശ്രമവാസികളെപ്പറ്റി ഇത്രയും വിശദമായ പ്രതിപാദനം പൗരസ്ത്യ നിയമസംഹിതയില്‍ കാണുന്നത്. മൂന്നാം ഭാഗത്ത് ഓര്‍ഡറുകളേയും കോണ്‍ഗ്രിഗേഷനുകളെയും പറ്റിയുള്ള കാനോനകളാണ്. ആശ്രമവാസികളെപ്പറ്റി പറഞ്ഞിട്ടുള്ള ഏറെ കാര്യങ്ങള്‍ ഓര്‍ഡറുകള്‍ക്കും കോണ്‍ഗ്രിഗേഷനുകള്‍ക്കും ബാധകമാണ്.

രണ്ടും മൂന്നും നാലും അദ്ധ്യായങ്ങള്‍ ആശ്രമവാസികളോ നിയതമായ അര്‍ത്ഥത്തില്‍ സന്യസ്തരോ അല്ലാത്ത വ്യത്യസ്ത സമര്‍പ്പിത സമൂഹങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. സന്യാസികളെന്ന് അറിയപ്പെടാതെ, എന്നാല്‍ ദൈവത്തിനും അവിടുത്തെ സുവിശേഷ പ്രചാരണത്തിനുമായി സ്വയം സമര്‍പ്പിച്ച് വ്രതബദ്ധമായ ജീവിതം നയിക്കുവാനുള്ള സാധ്യതകള്‍ നിയമത്തില്‍ വിഭാവനം ചെയ്യുന്നത് കൂടുതല്‍ പേരെ ദൈവമഹത്വത്തിനും മനുഷ്യസേവനത്തിനുമായി സമര്‍പ്പിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കും. ഇക്കൂട്ടരുടെ നിരവധിയായ മനുഷ്യോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് അനുഗ്രഹമാണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാവണം.

ഡോ. ജോസ് ചിറമേൽ എഴുതിയ ‘സഭാ നിയമ സമീക്ഷ’ എന്ന പുസ്തകത്തിലെ സന്യാസത്തെ സംബന്ധിച്ച കാനന്‍ നിയമങ്ങള്‍ എന്ന അധ്യായത്തിൽ നിന്ന്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.