ബഫര്‍സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണം: മാനന്തവാടി രൂപത വൈദികസമിതി

ജനവാസ മേഖലകളെയും കൃഷിഭൂമിയെയും സംരക്ഷിത വനമേഖലയുടെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് മാനന്തവാടി രൂപതയുടെ വൈദികസമിതി സമ്മേളനം ഏകകണ്ഠേന ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിന്റെയും കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുകളുടെയും ഭാഗമായിക്കണ്ടുകൊണ്ട് വയനാട്ടിലെ 13 സംരക്ഷിത വനങ്ങള്‍ക്കും ബഫര്‍സോണുകള്‍ പ്രഖ്യാപിക്കുന്നത് യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ആകമാന ജനജീവിതത്തെ ബാധിക്കുന്ന നടപടിയാണ്.

മേല്‍പ്പറഞ്ഞ മുതുമല, ബന്ദിപ്പൂര്‍, നാഗര്‍ഹോള വനങ്ങള്‍ പോലെ വയനാടന്‍ കാടുകളെ പരിഗണിക്കാനാവില്ല. വയനാട് ജില്ലയില്‍ കാടും നാടും ഇടകലര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളാണ്. എട്ടുലക്ഷത്തോളം മനുഷ്യര്‍ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന റോഡുകളും കൃഷി ചെയ്യുന്ന ഭൂമിയും താമസിക്കുന്ന ഇടങ്ങളുമെല്ലാം ഈ ബഫര്‍സോണിന്റെ ഉള്ളില്‍ വരും. കര്‍ക്കശമായ വനംനിയമങ്ങള്‍കൊണ്ട് വീണ്ടും വരിഞ്ഞുമുറുക്കപ്പെടുമ്പോള്‍ പിന്നാക്കജില്ലയായ വയനാട്ടിലെ ജനജീവിതം അതീവദുസ്സഹമായിത്തീരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ വീടും നാടും ഉപേക്ഷിച്ച് വയനാട്ടില്‍ നിന്ന് കുടിയിറങ്ങേണ്ട അവസ്ഥയിലേക്ക് ഇത്തരം ആലോചനയില്ലാത്ത നടപടികള്‍ ജനങ്ങളെ കൊണ്ടുചെന്നെത്തിക്കും.

അതീവഗൗരതരമായ ഇത്തരം സാഹചര്യ ങ്ങളും വയനാടന്‍ ജനതയുടെ വിവിധങ്ങളായ ജീവിതപ്രതിസന്ധികളും പരിഗണിച്ച് ബഫര്‍സോണ്‍ പ്രഖ്യാപനം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും നടപടികള്‍ സ്വീകരിക്കണമെന്നും വൈദികസമിതി ആവശ്യപ്പെട്ടു. വയനാടന്‍ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുകന്നില്ല എന്ന സാഹചര്യം സംജാതമായാല്‍ സംഘടിതമായ ചെറുത്തുനില്പ്ശ്രമങ്ങള്‍ രൂപപ്പെടുത്തണ മെന്നും വൈദികസമിതി തീരുമാനിച്ചു.

ഫാ. ജോസ് കൊച്ചറക്കല്‍, പി.ആര്‍.ഓ. മാനന്തവാടി രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.