‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ സിനിമയുടെ ഓർമ്മയിൽ വിതുമ്പി ആദ്യമായി ഈശോയെ സ്വീകരിച്ച ബ്രസീലിയൻ ബാലൻ

കേയിയോ ഹെൻറിക്‌ നഗൽ വിയേറിയ എന്ന ബ്രസീലിയൻ ബാലൻ ആദ്യമായി ഈശോയെ സ്വീകരിച്ച ദിനം. വരിവരിയായി നിന്ന് തന്റെ ഊഴമെത്തിയപ്പോൾ ആദ്യമായി അവൻ ഈശോയെ സ്വീകരിച്ചു. പെട്ടെന്നു തന്നെ ഹൃദയത്തിൽ നിന്ന് ഒരു ഇരമ്പൽ. കേയിയോയുടെ കണ്ണിൽ വരെയെത്തി അതിന്റെ തിരകൾ. ഈശോയെ സ്വീകരിച്ചശേഷം വിതുമ്പിക്കൊണ്ട് തന്റെ ഇരിപ്പിടത്തിലേക്ക് നടന്നുനീങ്ങി ആ കുഞ്ഞുമാലാഖ. ഏറ്റവും വിശുദ്ധിയോടെ ആദ്യമായി ഈശോയെ സ്വീകരിച്ചതിന്റെ ആത്മനിർവൃതി. ബ്രസീലിലെ സാന്താ ഇനീസ് ഇടവക ദൈവാലയത്തിൽ മെയ് 15-നായിരുന്നു സംഭവം.

വിങ്ങിപ്പൊട്ടി വരുന്ന കുഞ്ഞു കേയിയോയെ പെട്ടെന്നു തന്നെ അവന്റെ വേദപാഠ അദ്ധ്യാപിക കെട്ടിപ്പിടിച്ചു കൊണ്ട് നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകി. അദ്ധ്യാപികയുടെ കണ്ണുകളും അപ്പോൾ നിറഞ്ഞൊഴുകുകയായിരുന്നു. കണ്ണുകളെ ഈറനണിയിച്ച ഈ രംഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടും വൈറലായിരിക്കുകയാണ്. കേയിയോയെ ചേർത്തുപിടിച്ചു ചുംബിച്ച ആ അദ്ധ്യാപിക അവന്റെ അമ്മയായ പട്രീഷ്യ നഗൽ ആയിരുന്നു.

“ആ നിമിഷം കേയിയോക്ക് എന്താണ് തോന്നിയതെന്ന് കൃത്യമായി വിവരിക്കുവാൻ സാധിക്കുകയില്ല. എങ്കിലും വിശുദ്ധ കുർബാന സ്വീകരണത്തിൽ ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയിലെ രംഗങ്ങൾ അവന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. മനുഷ്യരാശിയുടെ പാപങ്ങൾ ക്ഷമിച്ച്, നമ്മെ രക്ഷിക്കുവാനായി കുരിശിൽ മരിച്ചുകൊണ്ട് അവിടുന്ന് അനുഭവിച്ച സഹനങ്ങളായിരുന്നു കേയിയോയുടെ മനസ്സിൽ” – അമ്മ പട്രീഷ്യ പറയുന്നു. പിന്നീട് പുഞ്ചിരിയോടെ മുട്ടുകുത്തി പ്രാർത്ഥിച്ചുവെങ്കിലും കേയിയോയെ പിന്നീട് പട്രീഷ്യ അവൻ വിതുമ്പിയ വീഡിയോ കാണിച്ചു. എന്നാൽ അവനു അതൊന്നും ഓർമ്മയില്ലെന്നാണ് പറയുന്നത്.

“ശരിയാണ്, ഹൃദയത്തിൽ നിന്ന് വന്നതായിരുന്നു അത്” – പട്രീഷ്യ കൂട്ടിച്ചേർത്തു. വളരെ നാളത്തെ ആഗ്രഹത്തിനുശേഷം തനിക്ക് ഈശോയെ സ്വീകരിക്കുവാൻ സാധിച്ചതിൽ അതീവസന്തോഷവാനാണ് കുഞ്ഞു കേയിയോ. കുട്ടിക്കാലം മുതൽ തന്നെ പ്രാർത്ഥനയിലും വിശുദ്ധ ഗ്രന്ഥ പാരായണത്തിലുമൊക്കെ അതീവതല്‍പരനായിരുന്നു കേയിയോ. കുമ്പസാരിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമൊക്കെ കുഞ്ഞുനാൾ മുതലേ അവനു വലിയ താല്പര്യമായിരുന്നു. പ്രായമാകുന്നതുവരെ കാത്തിരിക്കുവാൻ അവനെ ഉപദേശിക്കുകയായിരുന്നു എന്നും പട്രീഷ്യ പറഞ്ഞു.

“കേയിയോയുടെ കണ്ണുനീർ അനേകം ആളുകളെ സ്പർശിച്ചു. അവനിലൂടെ യേശു ആളുകളുടെ ഹൃദയത്തിലേക്ക് എത്തിച്ചേരുകയാണ്. അതിനാൽ തന്നെ ദിവ്യകാരുണ്യത്തെ കൂടുതൽ വിശ്വാസത്തോടെ സ്വീകരിക്കുവാൻ സഹായിക്കട്ടെ” – പട്രീഷ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.