സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍

    മരിയ ജോസ്

    സ്വപ്നങ്ങള്‍ക്ക് പിന്നാലെ കുതിച്ചുചാടാന്‍ ഒരുങ്ങുന്ന ഒരു കാലഘട്ടം – അതാണ് യുവത്വം. നിറമുള്ള സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെയുള്ള ഓട്ടത്തില്‍ അവര്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ടതും ചെറുതല്ലാത്തതുമായ ഒരു സത്യമുണ്ട് – സ്വാതന്ത്ര്യം. നിറമുള്ള ക്യാമ്പസ് ജീവിതം. കൂട്ടുകാരും യാത്രകളും ഒച്ചപ്പാടുകളുമായി
    അടിച്ചുപൊളിച്ചു നടക്കുന്ന സമയം. നിയന്ത്രണങ്ങളെയും നിയന്ത്രിക്കുന്നവരെയും തെല്ലു പുച്ഛത്തോടെ വീക്ഷിക്കുന്ന കാലഘട്ടം.

    പലപ്പോഴും സ്വാതന്ത്ര്യം തേടിയുള്ള യുവജനങ്ങളുടെ യാത്രകള്‍ ആധുനികലോകത്തിന്റെ മോഡേണ്‍ രീതികളിലൂടെ സഞ്ചരിക്കാറുണ്ട്. എന്തിനെയും രുചിച്ചറിയാനുള്ള യാത്രയ്ക്കിടയില്‍ മദ്യവും മയക്കുമരുന്നും അവരുടെ ജീവിതത്തില്‍ കറ കലര്‍ത്തുന്നു. ‘ഇതൊക്കെയില്ലെങ്കിലെന്തു ജീവിതം’ എന്ന വെല്ലുവിളികള്‍ ഏറ്റെടുക്കലുകളില്‍ പെട്ട് തകര്‍ന്നുവീണ നിരവധി ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്.

    ധാര്‍മ്മികതയും മൂല്യങ്ങളും കാറ്റില്‍പ്പറത്തിയുള്ള യുവജനങ്ങളുടെ യാത്രകള്‍ക്കു മുന്നിലേയ്ക്ക് പ്രസക്തമായ ഒരു സിനിമ ഡയലോഗ് വയ്ക്കുകയാണ്. “അപ്പന് മുന്നില്‍ പറയാന്‍ പറ്റുന്നതൊക്കെ നിനക്ക് ചെയ്യാം. അല്ലാത്തതൊന്നും ചെയ്യരുത്.’ ഇന്നത്തെ യുവജനങ്ങള്‍ക്ക് മുന്നിലേയ്ക്ക് വയ്ക്കാന്‍ ഇതിലും വലിയൊരു സന്ദേശമില്ല. പാശ്ചാത്യസംസ്‌കാരത്തിന്റെ അധിനിവേശത്തില്‍ നിന്നുളവാകുന്ന ചില ചിന്തകള്‍ക്കും ശരിയ്ക്കും മുന്നില്‍ ഈയൊരു ചോദ്യത്തിനുള്ള പ്രാധാന്യം വലുതാണ്. ഓരോ പ്രവൃത്തിയും ചെയ്യുന്നതിനു മുമ്പ് അത് തന്റെ മാതാപിതാക്കളോട് പങ്കുവയ്ക്കാന്‍ കഴിയുന്നതാണോ എന്ന് ഒരു നിമിഷം ചിന്തിക്കൂ… അല്ല എന്ന് തോന്നുന്നപക്ഷം അത് നിങ്ങളുടെ മാത്രം ശരിയാണെന്ന് തിരിച്ചറിയണം. അപ്പോള്‍ അത് ശരിയായ സ്വാതന്ത്ര്യം – യാത്രയായി മാറും.

    ചുരുക്കത്തില്‍ സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള അവകാശമല്ല. മറിച്ച്, ജീവിതത്തിലെ ഇരുളിനെയും വെളിച്ചത്തെയും തിരിച്ചറിയുന്നതിനുള്ള കഴിവാണ് അത്. ജീവിതനന്മകള്‍ കണ്ടെത്തുകയും അത് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും കഴിയുന്ന ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ യുവത്വം. മനുഷ്യനെ സ്‌നേഹിച്ചുകൊണ്ട് മറ്റുള്ളവരുടെ ഉള്ളില്‍ കുടികൊള്ളുന്ന ദൈവത്തെ ബഹുമാനിച്ചുകൊണ്ട് മുന്നേറാനായാല്‍ ഒരു മാറ്റം ആരംഭിക്കും. തെറ്റുകളില്‍ നിന്ന് അകന്നിരിക്കുവാനായാല്‍ മറ്റുള്ളവര്‍ക്ക് തെറ്റ് തിരുത്തി കൊടുക്കാനായാല്‍ അവിടെ ഒരു പുതിയ അധ്യായം ആരംഭിക്കും. സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ അടങ്ങിയ അധ്യായം.

    അവിടേയ്ക്ക് ദൈവസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുന്നേറുന്ന ഒരു യുവതിക്കും യുവാവിനും അടിപതറുകയില്ല. നല്ലൊരു നാളേയ്ക്കായി തങ്ങള്‍ക്കു ലഭിച്ച സ്വാതന്ത്ര്യത്തെ വിനിയോഗിക്കുവാന്‍ അവര്‍ക്ക് കഴിയും. അതിര്‍ത്തികളില്ലാത്ത ദുഃസ്വാതന്ത്ര്യത്തിന് ഒരു പരിധി നിശ്ചയിക്കാന്‍ യുവജനങ്ങള്‍ക്ക് കഴിയണം. എവിടം വരെ പോകാം എന്നതിലല്ല മറിച്ച്, മറ്റുള്ളവരെ വേദനിപ്പിക്കില്ല എന്ന നിശ്ചയത്തിലായിരിക്കണം ആ പരിധി നിലയുറപ്പിക്കേണ്ടത്. സമൂഹത്തിനു നന്മ മാത്രം എന്ന ചിന്തയിലായിരിക്കട്ടെ അത്!

    മരിയ ജോസ്

    കടപ്പാട്: ഫോര്‍ച്യൂണ്‍ വോയ്സ്